indian-railway

സംസ്ഥാനത്തെ ദേശീയ,സംസ്ഥാന പാതകളിലും മറ്റു പ്രധാന റോഡുകളിലും ഒരേസമയം നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും മൂലം റോഡ് ഗതാഗതം മാസങ്ങളോളമായി കുരുക്കിലാണല്ലോ.എറണാകുളം, തൃശൂർ,പാലക്കാട് ജില്ലകളിലൂടെ കടന്നുപോകുന്ന ദേശീയപാത 544ൽ ഇനിയും അടിപ്പാതകൾ നിർമ്മിക്കുന്നുണ്ട്. ഇതോടെ,നിലവിലുളള കുരുക്ക് കൂടുതൽ മുറുകുമെന്ന് ഉറപ്പായി.അടുത്ത വർഷം ആദ്യം ആരംഭിക്കുന്ന 13 അടിപ്പാതകളുടെ നിർമ്മാണം ആയിരക്കണക്കിന് വാഹനങ്ങളേയും യാത്രക്കാരെയുമാണ് വീണ്ടും വട്ടംചുറ്റിക്കുക.

വർഷങ്ങളായി കുരുക്കിലായ വാളയാറിനും അങ്കമാലിക്കുമിടയിലാണ് അടിപ്പാത നിർമ്മിക്കുന്നത്. പാലക്കാട്,തൃശൂർ,എറണാകുളം ജില്ലയിലെ യാത്രക്കാർ മാത്രമല്ല,തെക്കൻ ജില്ലകളിൽ നിന്ന് കോയമ്പത്തൂർ വഴി തമിഴ്നാട്ടിലേക്കും ബംഗ്ളുരുവിലേക്കും പോകുന്നവരെല്ലാം വലയും.നിലവിൽ നടക്കുന്ന പണികൾ തന്നെ പൂർത്തിയാകാൻ നിരവധി മാസങ്ങൾ എടുത്തേക്കും.ദേശീയപാത 544ൽ വാളയാറിനും മണ്ണുത്തിക്കുമിടയിൽ മൂന്നിടത്തും മണ്ണുത്തിക്കും അങ്കമാലിക്കുമിടയിൽ നാലിടത്തും നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ദേശീയപാതകളായ 544ലും 66ലും സംസ്ഥാന പാതകളായ കൊടുങ്ങല്ലൂർ ഷൊർണ്ണൂർ,കുറ്റിപ്പുറം-തൃശൂർ എന്നിവയിലും നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ റോഡ് ഗതാഗതത്തെ വരിഞ്ഞുമുറുക്കിയിരിക്കുകയാണ്.

ട്രെയിനിലെ തിരക്കും കൂടും
ട്രെയിനുകളിൽ ഇപ്പോൾ അനുഭവപ്പെടുന്ന വൻ തിരക്ക് ഇനിയും വർദ്ധിക്കും. സമയത്തിന് എത്തേണ്ടവർ ട്രെയിനുകളെത്തന്നെ ആശ്രയിക്കേണ്ടിവരുന്ന നിലയാണ്. അതുകൊണ്ടുതന്നെ പാലക്കാട്-തൃശൂർ-എറണാകുളം മേഖലയിലെ ട്രെയിൻ യാത്രാസൗകര്യം അടിയന്തരമായി വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഷൊർണ്ണൂർ-എറണാകുളം മെമു, ഗുരുവായൂർ-മധുര എക്‌സ് പ്രസ്സ്,ഗുരുവായൂർ-എറണാകുളം പാസ്സഞ്ചർ, പാലക്കാട്-എറണാകുളം മെമു,കണ്ണൂർ-ആലപ്പുഴ എക്‌സ് പ്രസ്സ് എന്നീ വണ്ടികളിൽ പരമാവധി കോച്ചുകൾ വർദ്ധിപ്പിക്കണം.

നിലമ്പൂർ- ഷൊർണ്ണൂർ പാസ്സഞ്ചർ എറണാകുളം വരെ നീട്ടുകയും പാലക്കാട്-തൂത്തുക്കുടി പാലരുവി എക്‌സ് പ്രസ്സിന് ചാലക്കുടി,ഇരിങ്ങാലക്കുട,പുതുക്കാട്,പൂങ്കുന്നം, വടക്കാഞ്ചേരി എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു. കേരളത്തിലോടുന്ന ഇൻറ്റർ സിറ്റി വണ്ടികളിൽ പരമാവധി കോച്ചുകൾ ഘടിപ്പിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.പാലക്കാട്- തൃശൂർ-എറണാകുളം മേഖലയിൽ കൂടുതൽ മെമു വണ്ടികളും ഏർപ്പെടുത്തണമെന്നും എങ്കിൽ മാത്രമേ ഈ യാത്രാദുരിതത്തിന് പരിഹാരം ഉണ്ടാകുകയുള്ളൂവെന്നും തൃശൂർ റെയിൽവേ പാസ്സഞ്ചേഴ്‌സ് അസോസിയേഷൻ ജനറൽസെക്രട്ടറി പി.കൃഷ്ണകുമാർ വ്യക്തമാക്കുന്നു.

കേരളത്തിലെ ദേശീയ,സംസ്ഥാന പാതകളിലും മറ്റു പ്രധാന റോഡുകളിലും ഒരേസമയം നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും മൂലം റോഡ് ഗതാഗതം മാസങ്ങളായി കുരുക്കിലായപ്പോൾ സ്ഥിരം ഹ്രസ്വദൂരയാത്രക്കാർക്ക് ഏറെക്കാലമായി ആശ്വാസം മെമു ട്രെയിനുകളായിരുന്നു.പക്ഷേ,നീണ്ടുപോകുന്ന റോഡുപണി കാരണം മെമു ട്രെയിനുകളിലുള്ള യാത്രക്കാരും തിരക്കിൽ വീർപ്പുമുട്ടുകയാണ്.ദീർഘദൂര യാത്രക്കാരുടെ അനുഭവവും വ്യത്യസ്തമല്ല.ആഭ്യന്തര വിനോദസഞ്ചാരം വ്യാപകമായിക്കൊണ്ടിരിക്കുന്നതിനാൽ അവധിക്കാലങ്ങളിൽ സ്ഥിതി ഗുരുതരമാകുന്നുണ്ട്. തൊഴിലെടുക്കാൻ വേണ്ടി അയൽജില്ലകളിലേക്ക് പോകുന്നവർ ഭൂരിഭാഗവും തിരഞ്ഞെടുക്കുന്നത് ട്രെയിൻ യാത്രയാണ്. സീസൺ ടിക്കറ്റെടുത്താൽ കുറഞ്ഞ പണം ഉപയോഗിച്ച് ജോലിയ്ക്കു പോകാം. ബസിനേക്കാൾ വേഗം എത്തുകയും ചെയ്യും.പക്ഷേ,കഴിഞ്ഞ കുറേ മാസങ്ങളായി മെമു ട്രെയിനുകളിൽ യാത്രക്കാരുടെ വൻതിരക്കാണ്.

ഓരോ ദിവസവും കൂടുന്നൂവെന്നാണ് റിപ്പോർട്ടുകൾ. എറണാകുളം,തൃശൂർ,പാലക്കാട് ജില്ലകളിൽ നിന്നുള്ള സ്ഥിരം യാത്രക്കാർ വീർപ്പുമുട്ടിയാണ് മെമുവിൽ സഞ്ചരിക്കുന്നത്.ഹ്രസ്വദൂര യാത്രകൾ ദുരിതപൂർണ്ണമായതോടെ കൂടുതൽ മെമു ട്രെയിനുകളും കോച്ചുകളും വേണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപ്പായില്ല.രാവിലെയും വൈകിട്ടും ഓഫീസ് സമയത്തുള്ള യാത്രകളാണ് ദുരിതമാകുന്നത്. തിങ്കളാഴ്ചകളിൽ രാവിലെ തൃശൂർ ഭാഗത്തുനിന്നും എറണാകുളത്തേയ്ക്കും വെള്ളി,ശനി ദിവസങ്ങളിൽ വൈകിട്ടും യാത്രക്കാർ ശ്വാസംമുട്ടിയാണ് കോച്ചുകളിൽ യാത്രചെയ്യുന്നത്. തിങ്ങിനിറഞ്ഞ ട്രെയിനുകളിൽ സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ് ബുദ്ധിമുട്ടുന്നത്.

എറണാകുളം-പാലക്കാട് ദേശീയപാതയിൽ അടിപ്പാതകളുടെ നിർമ്മാണം എന്ന് തീരുമെന്ന് വ്യക്തമായ മറുപടി ഇനിയുമില്ല. കളക്ടറുടെ നേതൃത്വത്തിലുള്ള ട്രാഫിക് മാനേജ്മെന്റ് സമിതി നിർദ്ദേശിച്ച ജോലികൾ പൂർത്തിയാക്കിയെന്നും നിലവിൽ ദേശീയപാതയിൽ പ്രശ്നങ്ങളില്ലെന്നും ദേശീയപാത അതോറിട്ടി ഹൈക്കോടതിയെ മുൻപ് അറിയിച്ചിരുന്നു. പക്ഷേ, പണി ഉടൻ തീരുമെന്ന് കരുതാനാവില്ല. പലയിടങ്ങളിലും പണി ഇനിയും ബാക്കിയാണ്. മണ്ണുത്തി–വടക്കഞ്ചേരി ആറുവരി ദേശീയപാതയിൽ പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ മുടിക്കോട്,കല്ലിടുക്ക്, വാണിയമ്പാറ എന്നിവിടങ്ങളിലാണ് അടിപ്പാതകളുടെ നിർമ്മാണം നടക്കുന്നത്.

ഇപ്പോഴുള്ള മണ്ണുത്തി, തോട്ടപ്പടി, പട്ടിക്കാട്, വഴുക്കുംപാറ, തേനിടുക്ക് എന്നീ അടിപ്പാതകൾക്കു പുറമേയാണിത്. 18 മാസങ്ങൾക്കുള്ളിൽ അടിപ്പാതകൾ നിർമ്മിക്കാമെന്ന വ്യവസ്ഥയിൽ തമിഴ്നാട്ടിൽ നാമയ്ക്കൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയാണ് നിർമ്മാണം നടത്തുന്നത്. പതിനഞ്ച് മാസം കഴിഞ്ഞിട്ടും 70 ശതമാനം പോലും പണിപൂർത്തിയായിരുന്നില്ല. മണ്ണുത്തി-ഇടപ്പളളി പാതയിലുളള പണികളും മെല്ലപ്പോക്കിലാണ്. എന്തായാലും വഴിയിൽ മണിക്കൂറുകളോളം കുരുങ്ങിക്കിടക്കുന്ന അവസ്ഥയ്ക്ക് അടുത്തൊന്നും മാറ്റമുണ്ടാകുമെന്ന് യാത്രക്കാർക്ക് പ്രതീക്ഷയില്ല.