
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ സ്വപ്ന പദ്ധതിയായ 'സ്‌മൈൽ ഭവനത്തിന്റെ' തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്ത് നടി തൻവി റാം. വീടില്ലാത്തവരുടെ സ്വപ്നം യാഥാർത്ഥ്യമാക്കുന്ന പദ്ധതിയാണിതെന്നും ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും തൻവി വ്യക്തമാക്കി.
'പാലക്കാട് പല പരിപാടികൾക്ക് ഞാൻ വന്നിട്ടുണ്ട്. ഇന്നും അത്തരത്തിലൊരു പരിപാടിക്ക് വന്നതാണ്. ഇങ്ങനെയൊരു സംരംഭം തുടങ്ങുന്ന കാര്യം രാഹുൽ കുറച്ചുകാലം മുമ്പ് എന്നോട് പറഞ്ഞിരുന്നു. എന്നെ ഇവിടേക്ക് വിളിച്ചതിൽ ഏറെ സന്തോഷം. വീട് ഇന്നിവിടെ യാഥാർത്ഥ്യമാകുകയാണ്. ഇങ്ങനെയൊരു സംരംഭവുമായി മുന്നോട്ടുവന്ന രാഹുലിന് നന്ദി.'- തൻവി ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
വോട്ട് തേടി പോയ സമയത്ത് ടാർപോളിൻ ഷീറ്റ് മറച്ച വീടുകളിൽ ആളുകൾ കിടക്കുന്നത് കണ്ടിരുന്നെന്നും ഇതാണ് ഈ പദ്ധതിക്ക് പ്രചോദനമായതെന്നും രാഹുൽ മാങ്കൂട്ടത്തിലും പ്രതികരിച്ചു.
സ്‌മൈൽ ഭവന പദ്ധതിയുടെ ആദ്യത്തെ വീട് ഉദ്ഘാടനം ചെയ്യാൻ ആസിഫലിയായിരുന്നു വന്നത്. അതിനുശേഷം സൈജു കുറുപ്പും മുഖ്യാതിഥിയായെത്തി. ഇപ്പോൾ തൻവി റാം ചടങ്ങിൽ പങ്കെടുത്തതിൽ ഏറെ സന്തോഷമുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. എം എൽ എ ആയാൽ എന്ത് ചെയ്യുമെന്നായിരുന്നു തിരഞ്ഞെടുപ്പ് സമയത്ത് ആളുകൾ ചോദിച്ചത്. വീടില്ലാത്തവർക്ക് വീടുവച്ചുകൊടുക്കുമെന്നാണ് താൻ അന്ന് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.