ai

തിരുവനന്തപുരം: പക്ഷാഘാതമോ അപകടമോ കാരണം ശരീരം തളർന്നുപോയവർ നടക്കണമെന്ന് ചിന്തിച്ചാൽ സാദ്ധ്യമാകും. നട്ടെല്ലിന്റെ സഹായത്തോടെയാകും കൈയും കാലും ചലിക്കുക. രോഗിയുടെ ചിന്തയ്‌ക്കനുസരിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) സഹായത്തോടെയാണ് ചലനം സാദ്ധ്യമാക്കുന്ന വിദ്യ വികസിപ്പിച്ചത്.


മോട്ടോറിന്റെ സഹായത്തോടെയാണ് വിപണിയിൽ നിലവിലുള്ള എക്‌സോ സ്കെൽട്ടണുകളുടെ പ്രവർത്തനം. നിരന്തര പരിശീലനത്തിലൂടെ ചലനശേഷി പതിയെ വീണ്ടെടുക്കാം.

സ്റ്റാർട്ടപ്പായ ഇന്നോഡോട്സ് ഇന്നൊവേഷൻസിലൂടെ ഒരുകൂട്ടം ചെറുപ്പക്കാരാണ് എക്‌‌സോബോണിക് എന്ന പേരിൽ എക്‌സോ സ്കെൽട്ടോൺ വികസിപ്പിച്ചത്. മലേഷ്യയിൽ നടന്ന ഐ.ഐ.സി ഏഷ്യ - പെസഫിക് ഇന്നോവേഷൻ ചലഞ്ചിൽ എ.ഐ ഫോർ സോഷ്യൽ ഇംപാക്‌ട് വിഭാഗത്തിൽ മൂന്നാം സ്ഥാനവും ലഭിച്ചു.

പുറംചട്ടപോലെയാണ് ഇത് ധരിക്കേണ്ടത്. കൈകാലുകൾക്കും നടുവിനും ചലിക്കാനുള്ള ഊർജ്ജം എക്‌സോ സ്കെലെട്ടൺ നൽകും. ഇ.ഇ.ജി, ഇ.എം.ജി വഴി വ്യക്തികളുടെ തലച്ചോറിലെ തരംഗങ്ങളുടെ വിവരശേഖരണം നടത്തി വിശകലനം ചെയ്‌ത് പ്രത്യേക പ്രോഗ്രാം തയ്യാറാക്കിയാണ് ഉപകരണം വികസിപ്പിച്ചത്. കടയ്‌ക്കൽ കിംസാറ്റ് ആശുപത്രിയുമായി സഹകരിച്ചായിരുന്നു പദ്ധതി.

ചലനത്തിനനുസരിച്ച് എക്‌സോ സ്കെൽട്ടണിൽ നിന്ന് ഉയർന്ന മർദ്ദത്തിൽ വായുപുറത്തേക്ക് തള്ളും. ഇത് രോഗിയിൽ സമ്മർദ്ദം നൽകും. രണ്ടുവർഷം മുമ്പ് കൊല്ലം സ്വദേശിയായ അലൻ സിന്ധു ദിൻഷയാണ് ഇന്നോഡോട്സ് ഇന്നൊവേഷൻസ് സ്ഥാപിച്ചത്. അൽ ഇംതിയാസ്, എസ്. അരുൺ അരവിന്ദാക്ഷൻ, അക്ഷയ്.ബി, ടോം സാം മാത്യു എന്നിവരടങ്ങുന്ന സംഘമാണ് എക്‌‌സോബോണിക് എക്‌സോ സ്കെൽട്ടോൺ വികസിപ്പിച്ചത്.


പ്രവർത്തന വഴി?​
എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇ.ഇ.ജി തരംഗങ്ങൾ യന്ത്രത്തിലെത്തിച്ചാണ് എക്‌സോസ്കെൽട്ടന്റെ പ്രവർത്തനം. നിരവധി വ്യക്തികളിൽ നിന്ന് ശേഖരിച്ച ഇ.ഇ.ജി തരംഗങ്ങൾ വിശകലനം ചെയ്ത പ്രത്യേക പ്രോഗ്രാം ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. പ്രോഗ്രാം ചിപ്പിലാക്കി എക്‌സോസ്കെൽട്ടണിൽ ഘടപ്പിച്ചിട്ടുണ്ട്. എക്‌സോ‌സ്കെൽട്ടൺ ധരിക്കുന്ന വ്യക്തി നടക്കണമെന്ന് ചിന്തിച്ചാൽ ഇ.ഇ.ജി തരംഗങ്ങളിലൂടെ യന്ത്രത്തിന്റെ കാലിനെ മുന്നോട്ട് ചലിപ്പിക്കും.


ചെലവ് ആറുലക്ഷം

 ആറുലക്ഷം രൂപ ചെലവിൽ വിപണിയിലെത്തിക്കാം.

 80 കിലോ ഭാരമുള്ളവർക്കുവരെ ഉപയോഗിക്കാം.


അച്ഛന്റെ ദുഃഖം

അലൻ പത്താംക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ ദിൻഷ ബൈക്കപകടത്തിൽപ്പെട്ട് തളർന്ന് രണ്ടുവർഷം കിടപ്പിലായി. അച്ഛന്റെ ദുഃഖം കണ്ടാണ് അലന്റെ മനസിൽ ഇത്തരമൊരു ആശയമുണ്ടായത്.