grey-hair

ഭൂരിഭാഗം പേരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് അകാല നര. ഇപ്പോൾ ഇരുപതുകളിലേ മുടി നരയ്ക്കുന്നത് വർദ്ധിച്ചുവരികയാണ്. ടെൻഷൻ, ഉറക്കക്കുറവ്, മലിനീകരണം, പുകവലി, ഭക്ഷണക്രമത്തിലെ പോരായ്മകൾ എന്നിവയെല്ലാം അകാല നരയ്ക്കും മുടി കൊഴിച്ചിലിനും കാരണമാണ്.

കുടുംബത്തിൽ ആർക്കെങ്കിലും ചെറുപ്പത്തിലെ നരച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ മുടിയും പെട്ടെന്ന് നരയ്ക്കാനുള്ള സാധ്യതയുണ്ട്. കൂടാതെ അമിത ടെൻഷൻ കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കുന്ന ഘടകമാണ്. ഇത് മുടിയുടെ വളർച്ചയെയും പിഗ്മെന്റ് ഉൽപാദനത്തെയും തടസ്സപ്പെടുത്തുവെന്ന് പഠനങ്ങൾ പറയുന്നു. വിറ്റാമിൻ ബി 12, ഇരുമ്പ്, ചെമ്പ് എന്നിവയുടെ അളവ് കുറയുന്നതും പ്രശ്നമാണ്.

പുകവലി ശീലമുള്ള ആളുകളിലും അകാല നര കാണപ്പെടുന്നു. രോമകൂപങ്ങളുടെ ഡിഎൻഎയെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ സൃഷ്ടിക്കുന്നതിന് പുകവലി കാരണമാകുന്നു. വായു മലിനീകരണം ഓക്സിഡേറ്റീവ് ലോഡ് വർദ്ധിപ്പിക്കും. ഇത് തലയോട്ടിയിലെ വീക്കം, പിഗ്മെന്റ് നഷ്ടം എന്നിവയ്ക്ക് കാരണമാകുന്നതാണ്. അകാല നര ചിലപ്പോൾ അടിസ്ഥാനപരമായ ആരോഗ്യപ്രശ്നങ്ങളെയും സൂചിപ്പിക്കാം. ഹൈപ്പോതൈറോയിഡിസം,വിളർച്ച എന്നിവയും മെലാനിൻ ഉത്പാദനത്തെ ബാധിക്കാറുണ്ട്.

മുടി കറുപ്പിക്കാനുള്ള മാർഗങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം:

1. പോഷകഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കുക

വിറ്റാമിൻ ബി, ഇരുമ്പ്, സിങ്ക്, ചെമ്പ്, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. ഇലക്കറികൾ, പയർവർഗങ്ങൾ, നട്‌സ്, മുട്ട, എന്നിവയും കഴിക്കണം. സമീകൃതവും ആന്റിഓക്‌സിഡന്റ് സമ്പുഷ്ടവുമായ ഭക്ഷണക്രമം ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കാനും മെലാനിൻ പ്രവർത്തനത്തെ പിന്തുണയ്ക്കാനും സഹായിക്കും.

2. യോഗ ചെയ്യുക

യോഗ, വ്യായാമങ്ങൾ എന്നിവ നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തുക. പതിവ് വ്യായാമം രക്തയോട്ടം മെച്ചപ്പെടുത്തുകയും ഓക്സിഡേറ്റീവ് ലോഡ് കുറയ്ക്കുകയും ചെയ്യും.

3. വെള്ളം കുടിക്കുക, കൃത്യമായി ഉറങ്ങുക

ദിവസവും 7-8 മണിക്കൂർ ഉറങ്ങുക. ഇത് നിങ്ങളുടെ ശരീരം ഓക്സിഡേറ്റീവ് കേടുപാടുകൾ പരിഹരിക്കുകയും ഹോർമോൺ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുകയും ചെയ്യും. വെള്ളം കുടിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്.

4. പുകവലി ഒഴിവാക്കുക

പുകവലി ഒഴിവാക്കുക. യാത്രകൾ ചെയ്യുമ്പോൾ മുടി മൂടുകയോ ആന്റിഓക്‌സിഡന്റ് സെറം ഉപയോഗിക്കുകയോ വേണം. 25 വയസ്സിന് മുമ്പ് നര കൂടുതലാണെങ്കിൽ, അല്ലെങ്കിൽ അമിതമായ മുടി കൊഴിച്ചിൽ, ക്ഷീണം, എന്നിവയുണ്ടെങ്കിലോ ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുക.