s

കൊച്ചി: ബിസിനസ് രംഗത്തെ അതികായനും ഹിന്ദുജ ഗ്രൂപ്പിന്റെ ചെയർമാനുമായ ഗോപിചന്ദ് പരമാനന്ദ് ഹിന്ദുജ (85) അന്തരിച്ചു. ലണ്ടനിലായിരുന്നു അന്ത്യം. ലോകത്തിലെ വലിയ സമ്പന്ന കുടുംബങ്ങളിലൊന്നായ ഹിന്ദുജ ഗ്രൂപ്പിന്റെ രണ്ടാം തലമുറ അംഗമാണ്. ആഗോള തലത്തിൽ ബിസിനസ് വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. മുതിർന്ന സഹോദരനായ ശ്രീചന്ദിന്റെ മരണത്തോടെ 2023 മേയിലാണ് ഗ്രൂപ്പിന്റെ സാരഥ്യം ഏറ്റെടുത്തത്. പരമാനന്ദ് ദീപാചന്ദ് ഹിന്ദുജയുടെയും ജമുന പരമാന്ദിന്റെയും മകനായി 1940 ൽ മുംബയിലാണ് ജനനം. 1959ൽ മുംബയിൽ പിതാവിന്റെ ടെക്‌സ്റ്റയിൽ ബിസിനസിൽ പങ്കാളിയായി. തുടർന്ന് ഹിന്ദുജ ഗ്രൂപ്പിന്റെ പ്രവർത്തനം രാജ്യാന്തര തലത്തിൽ വിപുലീകരിച്ചു. സുനിത ഹിന്ദുജയാണ് ഭാര്യ. സഞ്ജയ്, ധീരജ്, റിയ എന്നിവരാണ് മക്കൾ. ഇൻഡസ് ഇൻഡ് ബാങ്ക്, അശോക് ലൈലാൻഡ്, ഗൾഫ് ഓയിൽ തുടങ്ങിയ കമ്പനികളുടെ ഉടമ മുംബയ് ആസ്ഥാനമായ ഹിന്ദുജ ഗ്രൂപ്പാണ്.