
റായ്പൂർ: ഛത്തീസ്ഗഢിലെ ബിലാസ്പൂരിൽ ഗുഡ്സ് ട്രെയിനും പാസഞ്ചർ ട്രെയിനും കൂട്ടിയിച്ച് എട്ട് മരണം. നിരവധിപേർക്ക് പരിക്കേറ്റു.
ബിലാസ്പൂർ- കാട്നി സെക്ഷനിൽ ജയ്റാം നഗർ സ്റ്റേഷന് സമീപം ഇന്നലെ വൈകിട്ട് നാലോടെയാണ് അപകടം. ഒരേ ട്രാക്കിൽ മുന്നിൽ പോയ ഗുഡ്സ് ട്രെയിനിലേക്ക് കോർബ മെമു ഇടിച്ചുകയറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇടിയുടെ ആഘാതത്തിൽ മുൻ കോച്ചുകൾ പൂർണമായും തകർന്നു. ചില കോച്ചുകൾ ഗുഡ്സ് ട്രെയിനിനുമുകളിലേക്ക് കയറി. ചില കോച്ചുകൾ പാളം തെറ്റി.
സംഭവത്തെത്തുടർന്ന് ബിലാസ്പൂർ-കാട്നി റൂട്ടിലെ ട്രെയിൻ ഗതാഗതം നിറുത്തിവച്ചു. നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. സിഗ്നലിംഗ് സംവിധാനം പൂർണമായും തകർന്നു. റെയിൽവേ രക്ഷാ സംഘങ്ങൾ, ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകൾ, ആർ.പി.എഫ് ഉദ്യോഗസ്ഥർ, ലോക്കൽ പൊലീസ് എന്നിവ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ നടത്തി. അവശിഷ്ടങ്ങൾക്കിടെ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ തെരച്ചിൽ നടക്കുകയാണ്.
പരിക്കേറ്റവർക്ക് ചികിത്സ നൽകുന്നതടക്കമുള്ള എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്ന് റെയിൽവേ അറിയിച്ചു. സിഗ്നലിംഗ് തകരാറോ മാനുഷിക പിഴവോ ആകാം അപകടകാരണമെന്നും അന്വേഷണം ആരംഭിച്ചെന്നും അധികൃതർ അറിയിച്ചു.
പത്ത് ലക്ഷം രൂപ
സംഭവത്തിൽ ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപയും ഗുരുതര പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും പ്രഖ്യാപിച്ചു.
ആവർത്തിക്കുന്ന അപകടം
2020 ജൂണിൽ ഒഡീഷയിലെ ബാലസോറിൽ കോറമാണ്ടൽ എക്സ്പ്രസ്, ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഒരു ഗുഡ്സ് ട്രെയിൻ എന്നിവ കൂട്ടിയിടിച്ച അപകടത്തിൽ 296 പേർ മരിക്കുകയും 1,200 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2024 ജൂണിൽ കാഞ്ചൻജംഗ എക്സ്പ്രസ് പശ്ചിമ ബംഗാളിലെ ന്യൂ ജൽപൈഗുരിക്ക് സമീപം ഗുഡ്സ് ട്രെയിനിൽ ഇടിച്ച് 15 യാത്രക്കാർ മരിച്ചു.
2023 ഒക്ടോബറിൽ ആന്ധ്രാപ്രദേശിലെ വിജയനഗരത്തിൽ വിശാഖപട്ടണം-പലാസ എക്സ്പ്രസും റായഗഡ പാസഞ്ചറും കൂട്ടിയിടിച്ച് 14 പേർ മരിച്ചു, 50 ഓളം പേർക്ക് പരിക്കേറ്റു.
2023 ആഗസ്റ്റിൽ മധുരയ്ക്കടുത്ത് ലഖ്നൗ-രാമേശ്വരം എക്സ്പ്രസിലുണ്ടായ തീപിടുത്തത്തിൽ 9 പേർ മരിച്ചു, 20 ലധികം പേർക്ക് പരിക്കേറ്റു.