s

ലക്നൗ: കൗതുകം കൊണ്ടു ചെയ്തുപോയതാ സാറേ.. അതുകൊണ്ടാ.. വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ പിടിച്ചുചോദ്യം ചെയ്തപ്പോൾ കിട്ടിയ മറുപടി കേട്ട് ഉദ്യോഗസ്ഥർ അമ്പരന്നു. അകാശ എയർലൈൻസിന്റെ വാരാണസി- മുംബയ് വിമാനത്തിൽ തിങ്കളാഴ്ചയാണ് സംഭവം. .ലാൽ ബഹാദൂർ ശാസ്ത്രി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് മുംബയിലേക്ക് പുറപ്പെടാനൊരുങ്ങി വിമാനം. റൺവേയിലൂടെ നീങ്ങിയപ്പോഴാണ് ജോൻപുർ സ്വദേശിയായ സുജിത് സിംഗിന് എമർജൻസി വാതിൽ തുറന്നുനോക്കാൻ തോന്നിയത്. ശ്രമിച്ചയുടനെ പിടിവീണു. ജീവനക്കാർ എയർ ട്രാഫിക് കൺട്രോളിൽ വിവരം അറിയിച്ചു. പിന്നാലെ വിമാനം നിറുത്തി യാത്രക്കാരെ പുറത്തിറക്കി സുരക്ഷാ പരിശോധനകൾക്കുശേഷം ഒന്നേകാൽ മണിക്കൂറിനുശേഷമാണ് വിമാനം പുറപ്പെട്ടത്. വിഷയം ഗൗരവമായാണ് അധികൃതർ എടുത്തിരിക്കുന്നത്.