
മൊത്തം ബിസിനസ് 100 ലക്ഷം കോടി രൂപ കവിഞ്ഞു
കൊച്ചി: ഇന്ത്യൻ ബാങ്കിംഗ് മേഖലയിൽ ആദ്യമായി നൂറ് ലക്ഷം കോടി രൂപയുടെ ബിസിനസ് കൈവരിച്ച് പൊതുമേഖല ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ(എസ്.ബി.ഐ) ചരിത്രം സൃഷ്‌ടിച്ചു. ആഗോള തലത്തിൽ മത്സരശേഷിയുള്ള വലിയ ബാങ്കുകളെ സൃഷ്‌ടിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിന് കരുത്ത് പകരുന്നതാണിത്. മൊത്തം വായ്പ 12.7 ശതമാനം ഉയർന്ന് 44.2 ലക്ഷം കോടി രൂപയിലെത്തി. നിക്ഷേപങ്ങൾ 9.3 ശതമാനം ഉയർന്ന് 55.9 ലക്ഷം കോടി രൂപയായി.
നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം ത്രൈമാസക്കാലയളവിൽ എസ്.ബി.ഐയുടെ സ്റ്റാൻഡ് എലോൺ അറ്റാദായം 11 ശതമാനം ഉയർന്ന് 20,159.67 കോടി രൂപയിലെത്തി. മുൻവർഷം ഇതേ കാലയളവിൽ അറ്റാദായം 18,331 കോടി രൂപയായിരുന്നു. പലിശ വരുമാനം 3.28 ശതമാനം വർദ്ധിച്ച് 42,984 കോടി രൂപയായി. അതേസമയം അറ്റ പലിശ മാർജിൻ 3.09 ശതമാനമായി താഴ്ന്നു. പലിശയിതര വരുമാനം 30.4 ശതമാനം ഉയർന്ന് 19,919 കോടി രൂപയിലെത്തി. റീട്ടെയിൽ, കാർഷിക, ചെറുകിട, ഇടത്തരം സംരംഭങ്ങൾ എന്നിവയ്ക്കുള്ള വായ്പാ വിതരണത്തിൽ ബാങ്ക് മികച്ച വളർച്ചയാണ് നേടിയത്.
ലാഭത്തിലും ഒന്നാമത്
ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിൽ ഏറ്റവും ഉയർന്ന അറ്റാദായം നേടിയ കമ്പനിയായി എസ്.ബി.ഐ മാറി. ഇക്കാലയളവിൽ ബാങ്കിന്റെ അറ്റാദായം 20,160 കോടി രൂപയാണ്. ടാറ്റ കൺസൾട്ടൻസി സർവീസസ്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയെ മറികടന്നാണ് എസ്.ബി,ഐ നേട്ടമുണ്ടാക്കിയത്. 70 ലക്ഷം കോടി രൂപ ബാലൻസ് ഷീറ്റുള്ള ഏക ഇന്ത്യൻ കമ്പനിയും എസ്.ബി.ഐയാണ്.
യെസ് ബാങ്ക് ഓഹരി വിൽപ്പനയിൽ ലഭിച്ചത്
8,889 കോടി രൂപ
ജൂലായ്-സെപ്തംബർ കാലയളവിലെ ബാങ്കുകളുടെ ലാഭം
ബാങ്ക് : അറ്റാദായം: വർദ്ധന
എസ്.ബി.ഐ: 20,159 കോടി രൂപ: 10 ശതമാനം
പി.എൻ.ബി: 4,903 കോടി രൂപ: 13.94 ശതമാനം
കനറാ ബാങ്ക്: 4,774 കോടി രൂപ: 19 ശതമാനം
യൂണിയൻ ബാങ്ക്: 4,246 കോടി രൂപ: -10 ശതമാനം
ബി.ഒ.ബി: 4,809 കോടി രൂപ: -8.2 ശതമാനം
കിട്ടാക്കടം കുറയുന്നു
ബാങ്കിന്റെ മൊത്തം കിട്ടാക്കടം 0.4 ശതമാനം കുറഞ്ഞ് 1.73 ശതമാനമായി. അറ്റനിഷ്ക്രിയ ആസ്‌തി 0.42 ശതമാനമായി താഴ്ന്നു.