
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 6.4 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ബാങ്കോക്കിൽ നിന്ന് വിയറ്റ് ജെറ്റ് എയർവേസിൽ വിയറ്റ്നാം വഴി കൊച്ചിയിലെത്തിയ വയനാട് വെള്ളമുണ്ട കട്ടയാട് പന്നിയോടൻ വീട്ടിൽ അബ്ദുൾ സമദ് (35) ആണ് പിടിയിലായത്.
ബാഗേജ് കസ്റ്റംസ് വിശദമായി പരിശോധിച്ചപ്പോഴാണ് 6446 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തത്. ഒരാഴ്ച മുമ്പാണ് ബാങ്കോക്കിലേക്ക് പോയത്. ഹൈബ്രിഡ് കഞ്ചാവ് കടത്തുകാരുടെ കരിയറാണെന്ന് സംശയിക്കുന്നു. വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മിഷണർ റോയ് വർഗീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു വിശദ പരിശോധന. പ്രതിയെ അങ്കമാലി കോടതി റിമാൻഡ് ചെയ്തു.