money

പട്‌ന: സ്ത്രീ വോട്ടര്‍മാരെ ഒപ്പം നിര്‍ത്തുകയെന്ന ലക്ഷ്യവുമായി വമ്പന്‍ ധനസഹായ പ്രഖ്യാപനം. ബീഹാറില്‍ ഒന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ പ്രചാരണം ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് ആര്‍ജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. മഹാസഖ്യം അധികാരത്തിലെത്തിയാല്‍ അടുത്ത വര്‍ഷം ജനുവരിയില്‍ മകര സംക്രാന്തിക്ക് സ്ത്രീകള്‍ക്ക് വാര്‍ഷിക ധനസഹായമായി 30,000 രൂപ നല്‍കുമെന്നാണ് പ്രഖ്യാപനം.

മുഖ്യമന്ത്രി മഹിളാ റോസ്ഗാര്‍ യോജനയ്ക്കുള്ള മറുപടിയായിട്ടാണ് തേജസ്വിയുടെ പ്രഖ്യാപനം. എന്‍ഡിഎയുടെ പദ്ധതി പ്രകാരം സ്ത്രീകള്‍ക്ക് സംരംഭം ആരംഭിക്കുന്നതിനായി പതിനായിരം രൂപ വീതം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ വാശിയേറിയ പ്രചാരണത്തിനാണ് ബീഹാര്‍ രാഷ്ട്രീയം സാക്ഷിയായത്. വോട്ടര്‍മാര്‍ക്ക് വലിയ വാഗ്ദാനങ്ങളാണ് എന്‍ഡിഎയയും മഹാസഖ്യവും നല്‍കിയത്.

സഖ്യം അധികാരത്തിലെത്തുന്ന പക്ഷം താങ്ങുവില കൂടാതെ നെല്ലിന് ക്വിന്റലിന് 300 രൂപയും ഗോതമ്പിന് ക്വിന്റലിന് 400 രൂപയും വീതം നല്‍കുമെന്നും തേജസ്വി പറഞ്ഞു. പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കും. സര്‍ക്കാര്‍ ജീവനക്കാരെ അവരുടെ സ്വന്തം ജില്ലക്ക് 70 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ മാറ്റി നിയമിക്കുമെന്നും തേജസ്വി പറഞ്ഞു. നേരത്തെ അധികാരത്തില്‍ വന്നാല്‍ എല്ലാ കുടുംബത്തില്‍നിന്നും ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി ഉറപ്പാക്കുമെന്ന് അദ്ദേഹം വാഗ്ദാനം
ചെയ്തിരുന്നു. 20 മാസത്തിനകം ഇത് നടപ്പാക്കുമെന്നാണ് തേജസ്വി യാദവ് പറഞ്ഞത്.