കൊല്ലം: കേരളകൗമുദി പത്രാധിപരും നവേത്ഥാന നായകനുമായിരുന്ന കെ. സുകുമാരൻ എക്കാലത്തെയും പിന്നാക്ക സമൂഹത്തിന്റെ മഹാനായ പടത്തലവനാണെന്ന് പത്രാധിപർ കെ.സുകുമാരൻ ഫൗണ്ടേഷന്റെ ആദ്യനേതൃയോഗം വിലയിരുത്തി.
പിന്നാക്കക്കാരുടെ പടവാളായ കേരളകൗമുദി ദിനപത്രത്തെ കൂടുതൽ വളർത്താനുള്ള എല്ലാവിധ സഹായസഹകരണവും നൽകാനുള്ള പ്രചരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
തിരുവനന്തപുരം പേട്ട കെ.ബാലകൃഷ്ണൻ സ്മാരക ഹാളിൽ ചേർന്ന ഫൗണ്ടേഷന്റ ആദ്യ നേതൃയോഗത്തിൽ പത്രാധിപർ കെ.സുകുമാരൻ ഫൗണ്ടേഷൻ ഒരു ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റായി രജിസ്റ്റർ ചെയ്ത് സ്ഥാപിച്ച പത്രാധിപരുടെ ശിഷ്യൻ എസ്.സുവർണകുമാർ അദ്ധ്യക്ഷത വഹിച്ചു.
വാഗ്മിയും ഗുരുദേവ ഗ്രന്ഥകർത്താവും ശിവഗിരിമഠം മുൻ അഡ്മിനിസ്ട്രേറ്ററുമായ ഡോ. എം.ശാർങ്ധരൻ ഉദ്ഘാടനം ചെയ്തു. എല്ലാ വർഷവും കേരളത്തിലെ പ്രഗത്ഭനായ ഒരു വ്യക്തിക്ക് പത്രാധിപരുടെ ജയന്തി ദിനമായ ജനുവരി 8ന് പത്രാധിപരുടെ നാമധേയത്തിൽ അവാർഡ് തിരുവന്തപുരത്ത് വച്ച് നൽകാനും തീരുമാനിച്ചു.
എസ്.സുവർണകുമാർ (ഫൗണ്ടേഷൻ സ്ഥാപക ചെയർമാൻ), ഡോ. എം. ശാർഗ്‌ധരൻ (വർക്കിംഗ് ചെയർമാൻ), കെ.എസ്. ശിവരാജൻ, ഘോഷ്. എസ് ഈഴവർ, ടി.ജി.സുഭാഷ് (വൈസ് ചെയർമാൻ), കെ.എ. ബാഹുലേയൻ (ജനറൽസെക്രട്ടറി), രാജൻ, എസ്.സൗപർണിക (ട്രഷറർ) പി. ജി. ശിവബാബു (ചീഫ് കോ- ഓർഡിനേറ്റർ) എസ്. സന്തോഷ്‌കുമാർ (ഓർഗനൈസിംഗ് സെക്രട്ടറി) പുന്തുറ മനോഹരൻ, ഐഷ രാധാകൃഷ്‌ണൻ, ലൈല സുകുമാരൻ (സെക്രട്ടറി), അജിതാ സദാനന്ദൻ (വനിത വിഭാഗം പ്രസിഡന്റ്), എം.പി.അനിത (വനിത വിഭാഗം സെക്രട്ടറി) എന്നിവരെ നോമിനേറ്റ് അചയ്‌തു. ഫൗണ്ടേഷന്റെ ഔപചാരിക ഉദ്ഘാടനം ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കും.