
ആഗോള തലത്തിൽ ഹിന്ദുജ ഗ്രൂപ്പിനെ വളർത്തിയ മാന്ത്രികൻ
കൊച്ചി: മുംബയ് ടെക്‌സ്‌റ്റയിൽ രംഗത്തെ ചെറിയ സ്ഥാപനമായിരുന്ന ഹിന്ദുജ ഗ്രൂപ്പിനെ വിവിധ മേഖലകളിൽ സാന്നിദ്ധ്യമുള്ള ആഗോള പ്രസ്ഥാനമായി വളർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച ഗോപിചന്ദ് ഹിന്ദുജ വ്യവസായികൾക്കിടെയിൽ അറിയപ്പെട്ടത് ജി.പിയെന്നാണ്. യു.കെയിലെ ഹിന്ദുജ ഓട്ടോമോട്ടീവിന്റെയും ഹിന്ദുജ ഗ്രൂപ്പിന്റെയും ചെയർമാനായിരുന്ന ജി.പിയുടെ ഏറ്റവും വലിയ പ്രത്യേകത അതിവേഗം അസാധാരണ തീരുമാനങ്ങളെടുക്കുന്നതായിരുന്നു. വലിയ കമ്പനികളെ ഏറ്റെടുക്കുന്നതിൽ മുതൽ വിപണി വികസനത്തിൽ വരെ വേഗതയുടെ മുഖമുദ്ര ദൃശ്യമായി. ഹിന്ദുജ ഗ്രൂപ്പിന്റെ ആസ്തി 1.12 ലക്ഷം കോടി രൂപയായി ഉയർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചതും ജി.പിയാണ്.
1,959ൽ അച്ഛന്റെ ടെക്‌സ്‌റ്റയിൽ ബിസിനസിൽ ചേർന്നാണ് ഗോപിചന്ദ് വിപണിയിലെത്തുന്നത്. തുടക്കത്തിൽ ഗൾഫ് മേഖലയിലെ വ്യാപാരത്തിൽ ശ്രദ്ധയൂന്നിയ ഗ്രൂപ്പിനെ ആഗോള തലത്തിലെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുന്നതിലേക്ക് മാറ്റിയതും അദ്ദേഹമാണ്. 1984ൽ ഗൾഫ് ഓയിലിനെ ഏറ്റെടുക്കാനുള്ള തീരുമാനമാണ് വളർച്ചയിൽ നിർണായകമായത്. തുടർന്ന് 1,987ൽ പ്രതിസന്ധിയിലായിരുന്ന അശോക് ലൈലാൻഡിനെ ഏറ്റെടുത്തു. ഇന്ത്യയിലെ ആദ്യത്തെ വലിയ പ്രവാസി നിക്ഷേപമായിരുന്നു ഇത്. അടുത്ത ഘട്ടത്തിൽ ഊർജം, പശ്ചാത്തല വികസനം തുടങ്ങിയ മേഖലകളിലേക്കും ഗോപിചന്ദ് ഗ്രൂപ്പിനെ നയിച്ചു.
199കളിൽ സ്വിറ്റ്സർലണ്ടിലും ഇന്ത്യയിലും ബാങ്കുകൾ ആരംഭിച്ച് ധനകാര്യ വിപണിയിലും സജീവമായി. കഴിഞ്ഞ വർഷം യു.കെയിലെ ഏറ്റവും വലിയ വ്യക്തിഗത സമ്പന്നനെന്ന പദവി ഗോപിചന്ദ് നിലനിറുത്തി.
മുംബയിലെ ജയ് ഹിന്ദ് കോളേജിൽ നിന്ന് ബിരുദം നേടിയ ഗോപിചന്ദ് ഹിന്ദുജയ്ക്ക് യൂണിവേഴ്‌സിറ്റി ഒഫ് വെസ്‌റ്റ്‌മിൻസ്‌റ്ററിലെ ഡോക്‌ടറേറ്റ് ഉൾപ്പെടെ നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.