d

ന്യൂഡൽഹി: മതപരിവർത്തനത്തിന്റെ പേരിൽ ഛത്തീസ്ഗഢിലെ കാങ്കറിൽ എട്ട് ഗ്രാമങ്ങളിൽ പാസ്‌റ്റർമാർ അടക്കം ക്രൈസ്തവർക്ക് വിലക്ക് ഏർപ്പെടുത്തി ബോർഡ് സ്ഥാപിച്ചതിൽ പ്രധാനമന്ത്രിയെ കണ്ട് ആശങ്ക അറിയിച്ച് സഭാ അദ്ധ്യക്ഷൻമാർ.

സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, ഫരീദാബാദ് അതിരൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവരുടെ നേതൃത്വത്തിലാണ് മോദിയെ കണ്ടത്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ,ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ഉപാദ്ധ്യക്ഷൻ ഷോൺ ജോർജ്ജ്, ജനറൽ സെക്രട്ടറി അനൂപ് ആന്റണി എന്നിവരും ഒപ്പമുണ്ടായിരുന്നു.

എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ബി.ജെ.പിയുടെ നിലപാടെന്ന് പ്രധാനമന്ത്രി പറഞ്ഞു.​ എല്ലാ വിഷയങ്ങളിലും ചർച്ചയ്‌ക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയെന്ന് രാജീവ് ചന്ദ്രശേഖർ അറിയിച്ചു.

ഫരീദാബാദിനെ അതിരൂപതയായി ഉയർത്തിയതിനുശേഷമുള്ള സൗഹൃദ സന്ദർശനമാണെന്നാണ് സഭാ നേതൃത്വത്തിന്റെ വിശദീകരണം. മെത്രാൻമാർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല.

ഹർജി തള്ളി ഹൈക്കോടതി

ബോർഡുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഛത്തീസ്ഗഢ് ഹൈക്കോടതി തള്ളി. ഗ്രാമസഭകൾ പൈതൃക സംരക്ഷണം മുൻനിറുത്തിയും നിർബന്ധിത മതപരിവർത്തനം തടയാനും ലക്ഷ്യമിട്ട് സ്ഥാപിച്ച ബോർഡുകൾ ഭരണഘടനാ വിരുദ്ധമായി കണക്കാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സുപ്രീം കോടതിയെ സമീപിക്കുമെന്ന് സീറോ മലബാർ സഭ അറിയിച്ചു.

ക്രൈസ്‌തവരെ വിലക്കിയുള്ള ബോർഡ് ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾ ലംഘിക്കുന്നതാണ്.

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അടിയന്തരമായി ഇടപെടണം

- കൊടിക്കുന്നിൽ സുരേഷ് എം.പി