arattai

വാട്‌സാപ്പിന് ഒരു ശക്തമായ പ്രതിയോഗി എന്ന നിലയിൽ ഏറെ വാർത്താ പ്രാധാന്യം ലഭിച്ചതാണ് ഇന്ത്യൻ ടെക് കമ്പനിയായ സോഹോയുടെ അരട്ടൈ. മെസേജിംഗ്,​ കോളിംഗ്,​ മീറ്റിംഗ് എന്നിവയ്‌ക്ക് പുറമേ ഡിജിറ്റൽ പേയ്‌മെന്റ് ആപ്പുകൂടിയായ അരട്ടൈ അടുത്തിടെ ഡൗൺലോഡുകളുടെ എണ്ണത്തിൽ കുത്തനെ ഉയർന്നിരുന്നു. എന്നാൽ ഇപ്പോഴിതാ ഗൂഗിൾ പ്ളേയിലെയും ആപ്പിൾ ആപ് സ്റ്റോറിലെയും ആദ്യ നൂറ് സ്ഥാനത്തിൽ നിന്നും പുറത്തായിരിക്കുകയാണ് അരട്ടൈ.

മണികൺട്രോൾ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഗൂഗിൾ പ്ളേയിലും ആപ്പിൾ ആപ് സ്റ്റോറിലും മുന്നിലെത്തി ഒരു മാസത്തിന് ശേഷം ഇപ്പോൾ ടോപ് 100 ആപ്പുകളിൽ നിന്ന് അരട്ടൈ പുറത്തായി. ഇന്ന് ഗൂഗിൾ പ്ളേയിൽ 105-ാം സ്ഥാനവും ആപ് സ്റ്റോറിൽ 123-ാം സ്ഥാനവുമാണ് അരട്ടൈക്കുള്ളത്. ആകെയുള്ള കണക്ക് നോക്കിയാൽ ഗൂഗിൾ പ്ളേയിൽ 150-ാമതും ആപ് സ്റ്റോറിൽ 128-ാമതുമാണ് അരട്ടൈ.

മലയാളത്തിൽ കൊച്ചുവർത്തമാനം എന്നർത്ഥം വരുന്ന തമിഴ് വാക്കായ അരട്ടൈ സോഹോ പുറത്തിറക്കിയത് 2021ലാണ്. അടുത്തിടെ ഡൗൺലോഡുകളുടെ എണ്ണം കുത്തനെ ഉയർന്നതോടെ ഇന്ത്യയിലെ ആപ്പ് സ്റ്റോർ റാങ്കിംഗിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പട്ടികയിൽ വാട്‌സ്‌ആപ്പിനെ അരട്ടൈ പിന്തള്ളിയിരുന്നു.

വോയ്സ്, വീഡിയോ കോളിംഗ്, ഗ്രൂപ്പ് ചാറ്റുകൾ, ചാനലുകൾ, സ്റ്റോറികൾ, ഓൺലൈൻ മീറ്റിംഗുകൾ തുടങ്ങി നിരവധി ഫീച്ചറുകൾ അരട്ടൈ എന്ന ഒറ്റ പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നുണ്ട്. അരട്ടൈ ആപ്പിൾ ഉപയോക്താക്കൾക്ക് വൺഓൺവൺ ചാറ്റുകൾ, ഗ്രൂപ്പ് ചാറ്റുകൾ, മീഡിയ ഫയൽ ഷെയറിംഗ് എന്നിവയും സാദ്ധ്യമാണ്.

അരട്ടൈ മെസ്സേജിംഗ് പ്ലാറ്റ്‌ഫോമിലും പണമിടപാട് സാദ്ധ്യമാകുന്നതോടെ ചാറ്റുകൾക്കിടയിൽ തന്നെ പണം അയയ്ക്കാനും സ്വീകരിക്കാനും സാധിക്കും. 'സോഹോ പേ' ആപ്പിലൂടെയുള്ള പണമിടപാട് യുപിഐ വഴിയായിരിക്കും. ഓൺലൈനായി പണം അയക്കാനും സ്വീകരിക്കാനും തടസമില്ലാതെ ഇടപാടുകൾ നടത്താനും പുത്തൻ പ്ലാറ്റ്‌ഫോം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.