d

കൊച്ചി: കേരളം മയക്കുമരുന്നിന്റെ തലസ്ഥാനമായി മാറുകയാണെന്നും വീടുകളിൽ ചോരവീഴ്ത്തുന്ന ഈ വിഷലഹരിയുടെ അവസാന കണ്ണിയും നിർമ്മാർജനം ചെയ്യാൻ സർക്കാരും പൊതുസമൂഹവും ഉണർന്ന് പ്രവർത്തിക്കണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. രമേശ് ചെന്നിത്തല എം.എൽ.എ നയിക്കുന്ന പ്രൗഡ് കേരള ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഒന്നാംഘട്ടമായി 14ജില്ലകളിലും നടത്തിയ പരിപാടിക്ക് സമാപനം കുറിച്ച് മറൈൻഡ്രൈവിൽ നിന്ന് ആരംഭിച്ച മെഗാവാക്കത്തൺ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിഷലഹരിയുടെ വേരറുക്കും വരെയാണ് ഈ പോരാട്ടമെന്നും നിയോജകമണ്ഡലം തലത്തിലും കലാലയങ്ങൾ കേന്ദ്രീകരിച്ചും പ്രചാരണം തുടരുമെന്നും ചെന്നിത്തല പറഞ്ഞു.

ഇന്നലെ രാവിലെ 6.30ന് മറൈൻ ഡ്രൈവിൽ നിന്ന് ആരംഭിച്ച വാക്കത്തൺ ഡർബാർഹാൾ മൈതാനത്ത് സമാപിച്ചു. പൗരപ്രമുഖർ, കലാ-കായിക താരങ്ങൾ, പൊതുപ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ, തൊഴിലാളികൾ, വിവിധ സ്കൂൾ- കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ, എൻ.സി.സി, എൻ.എസ്. എസ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ എന്നിവർക്ക് പുറമേ നാവികസേന, കോസ്റ്റ് ഗാർഡ് വിഭാഗങ്ങളും വാക്കത്തണിൽ അണിചേർന്നു.

ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസ് അബ്ദുൾ റഹിം സമാപന സന്ദേശം നൽകി. സംഘാടക സമിതി കോ-ഓർഡിനേറ്റർ ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എം.പി മാരായ ഹൈബി ഈഡൻ, ബെന്നി ബഹന്നാൻ, ജെബി മേത്തർ, എം.എൽ.എ മാരായ അൻവർ സാദത്ത്, ഉമ തോമസ്, റോജി എം. ജോൺ, എൽദോസ് കുന്നപ്പിള്ളി, സിനിമാതാരങ്ങളായ ടിനി ടോം, മിയ ജോർജ്, സംഗീത സംവിധായകൻ ജോർജ് പീറ്റർ, ഒളിമ്പ്യന്മാരായ മേഴ്‌സിക്കുട്ടൻ, കെ.എം. ബിനു, അർജുന അവാർഡ് ജേതാക്കളായ ജോർജ് തോമസ്, ടോം ജോസ്, ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ മൊയ്മതീൻ നൈന, മലങ്കര ഓർത്തഡോക്‌സ് സഭാ മെത്രാപ്പോലീത്ത പോളിക്കോർപ്പ്‌സ്, വി.എച്ച്. അൽദാരമി മൗലവി തുടങ്ങിയവർ പങ്കെടുത്തു.