liquor

മഞ്ചേരി: 10 മില്ലി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കൈവശം വച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസ് സബ് ഇന്‍സ്പെക്ടറെ കോടതി കുടഞ്ഞു. അബ്കാരി ആക്ട് പ്രകാരം ഒരാള്‍ക്ക് മൂന്നു ലിറ്റര്‍ വരെ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം കൈവശം വയ്ക്കാമെന്നിരിക്കെയാണ് ഇന്‍സ്‌പെക്ടറുടെ ദുര്‍നടപടി. വളാഞ്ചേരി പൊലീസ് സബ് ഇന്‍സ്പെക്ടര്‍ക്കെതിരെയാണ് മഞ്ചേരി ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് കെ. സനില്‍കുമാറിന്റെ വിമര്‍ശനം. ഇത്തരമൊരു അറസ്റ്റ് നടന്നിരിക്കുന്നത് ഏതെങ്കിലും ബനാന റിപ്പബ്ലിക്കിലല്ലെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണെന്നും കോടതി ചൂണ്ടിക്കാട്ടി.

തിരൂര്‍ പൈങ്കണ്ണൂര്‍ വാരിയത്തൊടി ധനേഷ് (32)നെയാണ് കഴിഞ്ഞ 25ന് രാവിലെ 11.40ന് വളാഞ്ചേരി അച്ചിക്കുളം മിനിമാളിലെ തന്റെ ബാര്‍ബര്‍ ഷോപ്പില്‍ വച്ച് അറസ്റ്റ് ചെയ്തത്. ഒരാഴ്ചയോളം ധനേഷ് റിമാന്റിലായി. ധനേഷിന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം. ബാര്‍ബര്‍ കട നടത്തിവരുന്ന ധനേഷ് ഷേവിംഗ് ലോഷനായി ഉപയോഗിച്ചതായിരിക്കാം ഈ തൊണ്ടി മുതലെന്ന് നിരീക്ഷിച്ച കോടതി സമൂഹത്തിലെ താഴെക്കിടയിലുള്ള യുവാവിനെ അറസ്റ്റ് ചെയ്യുന്നതില്‍ അമിതാവേശം കാണിച്ച സബ് ഇന്‍സ്‌പെക്ടറുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ചു.

ധനേഷിന് മദ്യം അമിതമായി സ്‌റ്റോക്ക് ചെയ്ത് വില്‍പ്പന നടത്തുന്ന പതിവ് ഉണ്ടായിരുന്നുവെന്നാണ് പൊലീസ് കോടതിയില്‍ പറഞ്ഞത്. എന്നാല്‍ 10 മില്ലി ലിറ്റര്‍ മദ്യം സൂക്ഷിച്ചതിന് അബ്കാരി കേസില്‍ യുവാവിനെ അന്വേഷണ ഉദ്യോഗസ്ഥന്‍ മനപ്പൂര്‍വം കുടുക്കിയതാണെന്ന് കോടതി നിരീക്ഷിച്ചു. പ്രതി വളാഞ്ചേരി ടൗണിലെ എകെജി റോഡില്‍ ആച്ചിക്കുളം മിനി മാളില്‍ പ്രവര്‍ത്തിക്കുന്ന ബാര്‍ബര്‍ ഷോപ്പില്‍ അനധികൃതമായി ഇന്ത്യന്‍ വിദേശമദ്യം സംഭരിച്ച് ആവശ്യക്കാര്‍ക്ക് കുപ്പികളിലാക്കി അമിത ആദായത്തിനായി വില്‍പ്പന നടത്തിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്.