pm-shri

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടതിന്റെ ഫലം കിട്ടിത്തുടങ്ങി. എസ്എസ്‌കെ ഫണ്ടില്‍ നിന്ന് കേരളത്തിനുള്ള ആദ്യ ഗഡു കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. ഇതിന്റെ ഭാഗമായി 92.41 കോടി രൂപയാണ് കേരളത്തിന് ലഭിക്കുക. കേരളം സമര്‍പ്പിച്ച 109 കോടി രൂപയില്‍ ആണ് ഇത്രയും തുക അനുവദിച്ചിരിക്കുന്നത്. ബാക്കി തുകയായി നോണ്‍ റക്കറിംഗ് ഇനത്തില്‍ 17 കോടി രൂപയാണ് ഇനിയും കിട്ടാനുള്ളത്.

പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിടാത്തതിനെ തുടര്‍ന്നാണ് കേരളത്തിന് ലഭിക്കേണ്ട എസ്എസ്‌കെ ഫണ്ട് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവച്ചിരുന്നത്. കേരളത്തില്‍ മുന്നണിക്കുള്ളിലെ മന്ത്രിസഭാ യോഗത്തിലോ വിഷയം ചര്‍ച്ച ചെയ്തില്ലെന്ന് ആരോപിച്ച് സിപിഐ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയിലെ തുടര്‍നടപടികള്‍ മരവിപ്പിച്ചിരുന്നു. അതേസമയം തുടര്‍നടപടികള്‍ മരവിപ്പിച്ചുവെങ്കിലും ഇക്കാര്യം കേന്ദ്രത്തെ രേഖാമൂലം അറിയിച്ചിട്ടില്ല.

കേന്ദ്രത്തെ അറിയാക്കാത്തത് ഗുണകരമായതിനാലാണ് ഇപ്പോള്‍ എസ്എസ്‌കെ ഫണ്ടിന്റെ ആദ്യ ഗഡു കേരളത്തിന് അനുവദിക്കാന്‍ തീരുമാനമായതിന് പിന്നിലും. കേരളത്തിന് കിട്ടേണ്ടിയിരുന്ന ഒക്യുറന്‍സ് ഫണ്ടിലെ ആദ്യഗഡുവാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പദ്ധതി പ്രകാരമുള്ള രണ്ടും മൂന്നും ഗഡുക്കള്‍ കൂടി വൈകാതെ ലഭിക്കുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതേസമയം, കേന്ദ്രത്തിന് കത്ത് അയക്കുന്നതിനായി എ.ജിയുടെ നിയമോപദേശം തേടിയിരിക്കുകയാണ് വിദ്യാഭ്യാസ സെക്രട്ടറി. ഇക്കാര്യത്തില്‍ ഉടന്‍ നടപടിയുണ്ടാകുമെന്നാണ് ഔദ്യോഗിക വിവരം.