n-vasu

തിരുവനന്തപുരം: ശബരിമല കട്ടിളപ്പാളി മോഷണക്കേസിൽ ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് എൻ വാസു പ്രതി. മൂന്നാം പ്രതിയാണ് വാസു. ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ കസ്റ്റഡി റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയാണെന്ന് എഴുതിയത് 2019 മാർച്ച് 19ന് അന്നത്തെ ദേവസ്വം കമ്മിഷണറുടെ ശുപാർശയിലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പിന്നീട് ബോർഡ് പ്രസിഡന്റായ എൻ.വാസുവായിരുന്നു 2019 മാർച്ച് 31 വരെ ദേവസ്വം കമ്മിഷണർ. കേസിൽ ദിവസങ്ങൾക്ക് മുൻപ് വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു.

സ്വർണക്കൊള്ളയിൽ ബന്ധമില്ലെന്നാണ് എൻ.വാസു മൊഴി നൽകിയത്. സ്വർണം പൂശാൻ ശുപാർശചെയ്തുകൊണ്ട് എക്സിക്യുട്ടീവ് ഓഫീസർ നൽകിയ കത്ത് ബോർഡിന് കൈമാറുക മാത്രമാണ് ചെയ്തത്. തുടർ നടപടികളെടുക്കേണ്ടത് തിരുവാഭരണം കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. കട്ടിള കൊണ്ടുപോകുമ്പോൾ താൻ കമ്മിഷണറായിരുന്നില്ല. 2019മാർച്ചിൽ വിരമിച്ചു. സ്വർണം പൊതിയാൻ പാളികൾ നൽകിയതിൽ ദേവസ്വം കമ്മിഷണർക്ക് പങ്കില്ല. തിരുവാഭരണം കമ്മിഷണറുടെ അധികാരത്തിലുള്ള കാര്യങ്ങളാണ്. ദേവസ്വം സ്മിത്തടക്കം പരിശോധിച്ച് സ്വർണമാണോ ചെമ്പാണോയെന്ന് പരിശോധിച്ചുറപ്പിച്ച് മഹസർ തയ്യാറാക്കിയാണ് പാളികൾ കൊണ്ടുപോയത്. ദേവസ്വം സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാളികൾ നൽകിയതെന്നും വാസു മൊഴിനൽകി.


വാസുവിനടക്കം ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സ്വർണം പൂശിയശേഷം ബാക്കിയായ സ്വർണം സാധുവായ പെൺകുട്ടിയുടെ വിവാഹത്തിന് ഉപയോഗിക്കാൻ അനുമതി തേടി ബോർഡ് പ്രസിഡന്റായിരുന്ന വാസുവിന് പോറ്റി, ഇമെയിൽ അയച്ചിരുന്നെന്ന് അന്വേഷണ സംഘം പറയുന്നു.

പ്രസിഡന്റിന്റെ അനുമതിയല്ല, ഉപദേശം തേടിയാണ് ഇമെയിൽ അയച്ചതെന്നും സന്നിധാനത്തെ സ്വർണമാണിതെന്ന് കരുതിയിരുന്നില്ലെന്നുമാണ് ഇതിന്‌ വാസുവിന്റെ മൊഴി. പോറ്റിയുടെ ചെലവിൽ സ്വർണം പൂശാനാണ് ബോർഡുമായുള്ള കരാർ. ആ സ്വർണത്തിന്റെ ബാക്കി എന്തു ചെയ്യണമെന്നു ചോദിച്ചതായാണ് കരുതിയത്. ഇമെയിൽ പ്രിന്റെടുത്ത് അതിനു മുകളിൽ 'തിരുവാഭരണം കമ്മിഷണറുടെയും ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുടെയും അഭിപ്രായം വാങ്ങുക' എന്ന് എഴുതി തിരിച്ചു നൽകി. ഇതിൽ എന്ത് നടപടിയുണ്ടായെന്ന് അറിയില്ല വാസു വ്യക്തമാക്കി.