landslide

ഇടുക്കി: അടിമാലിയിലെ മണ്ണിടിച്ചിലിന് കാരണം ദേശീയപാത അതോറിറ്റിയുടെ വീഴ്ചയാണെന്ന് കണ്ടെത്തൽ. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി അശാസ്ത്രീയ മണ്ണെടുപ്പ് നടന്നെന്ന് പരിശോധനയിൽ കണ്ടെത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. കൂടുതൽ ഇടങ്ങളിൽ പരിശോധന തുടരുമെന്നും വിദഗ്ധസമിതി റിപ്പോർട്ട് കിട്ടിയശേഷം തുടർനടപടി എടുക്കുമെന്നും കളക്ടർ അറിയിച്ചു. കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിൽ അടിമാലി കൂമ്പൻപാറ ലക്ഷം വീട് ഉന്നതിയിൽ മണ്ണിടിഞ്ഞുണ്ടായ ദുരന്തത്തിൽ ഒരാൾ മരിക്കുകയും എട്ട് വീടുകൾ തകരുകയും ചെയ്തിരുന്നു. നെടുമ്പിള്ളികുടി ബിജുവാണ് (46) മരിച്ചത്.

അതേസമയം, മണ്ണിടിച്ചിലിനെ തുടർന്ന് അപകടസാദ്ധ്യതയുണ്ടെന്ന് വിദഗ്ധ സമിതി കണ്ടെത്തിയ 29 വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ പ്രകാരമുള്ള തുക നൽകി പുനരധിവസിപ്പിക്കാൻ തീരുമാനിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ എം.എം. മണി, എ. രാജ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

അപകടസാദ്ധ്യതാമേഖലയിലുള്ള വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ടെന്ന് ദേശീയപാത അതോറിട്ടി (എൻ.എച്ച്.എ.ഐ) വ്യക്തമാക്കി. ഈ തുക ലഭ്യമാക്കി അവർക്ക് വീടും സ്ഥലവും നൽകി പുനരധിവസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. ഇൻഷുറൻസ് തുക ലഭ്യമാക്കേണ്ടത് ദേശീയ പാത അതോറിട്ടിയാണ്. ഇൻഷുറൻസ് തുക കുറഞ്ഞുപോയാൽ ബാക്കി തുകയും അതോറിട്ടി നൽകണം.

ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതുവരെ വാടകയ്ക്ക് വീട് ലഭ്യമാക്കും. വാടക തുകയും ദേശീയപാത അതോറിട്ടി വഹിക്കും. കൂടാതെ അപകടത്തിൽ മരിച്ച ബിജുവിന്റെ മകൾക്ക് സാമ്പത്തിക സഹായവും അതോറിട്ടി നൽകും. ക്യാമ്പിൽ കഴിയുന്നവർക്ക് സഹായധനം നൽകാനും തീരുമാനമായി. ഇൻഷുറൻസ് ലഭിക്കുന്ന തുക ഭൂമി വാങ്ങുന്നതിനും വീട് വയ്ക്കുന്നതിനും മാത്രമേ ഉപയോഗപ്പെടുത്താവൂ എന്ന് നിശ്ചയിച്ചിട്ടുണ്ട്. ഇതിനായി പഞ്ചായത്ത്, വില്ലേജ്, ഗുണഭോക്താവ്, എൻ.എച്ച്.എ.ഐ എന്നിവർ ചേർന്ന് സംയുക്ത കരാറിലേർപ്പെടും.