
തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചെമ്പല്ലി അടക്കമുള്ള മീൻ കഴിച്ചവർക്ക് വയറിളക്കവും ഛർദിയും അനുഭവപ്പെട്ടു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. മീൻ കേടാകാതിരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ അളവിൽ കൂടുതൽ ഉപയോഗിച്ചതാണ് ഇതിന് കാരണമെന്നാണ് വിവരം. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടും തദ്ദേശ സ്ഥാപനങ്ങൾ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
നെയ്യാറ്റിൻകര നഗരസഭ പരിധിയിലുള്ള വിവിധ മാർക്കറ്റുകളിലാണ് ഇത്തരം മീനുകൾ തകൃതിയായി വിൽപന നടത്തുന്നത്. ഇവിടെ ഒരു തരത്തിലുള്ള പരിശോധനകളും നടത്തുന്നില്ലെന്ന് ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഫോമാലിൻ, അമോണിയ തുടങ്ങിയ രാസപഥാർത്ഥങ്ങളാണ് മീൻ കേടാകാതിരിക്കാൻ വേണ്ടി ഉപയോഗിക്കുന്നതെന്നാണ് വിവരം. മൃതദേഹം അഴുകാതിരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫോമാലിൻ. ഇതുകൂടാതെ മറ്റ് രാസവസ്തുക്കളും മീനുകളിൽ ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം.
ഇത്തരം രാസവസ്തുകൾ ഉപയോഗിക്കുന്നതിന് കൃത്യമായ മാനദണ്ഡവും അളവുമുണ്ട്. അളവിൽ കൂടുതൽ ഉപയോഗിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധ പോലുള്ള പ്രശ്നങ്ങളുണ്ടാകുന്നതെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുള്ള മീൻ പതിവായി കഴിക്കുന്നത് അൾസർ , കുടലിൽ അർബുദം ഉൾപ്പെടെ മാരക രോഗങ്ങൾക്കു കാരണമാകാം. തമിഴ്നാട്, കർണാടക, ഒഡിഷ, ഗോവ എന്നിവിടങ്ങളിൽ നിന്നാണ് ഇത്തരം മീനുകൾ കൂടുതലായി കേരളത്തിലെത്തുന്നത്.
വിപണിയിൽ ലഭിക്കുന്ന മത്സ്യത്തിൽ പലതും പഴകിയതും രാസവസ്തുക്കൾ ഉപയോഗിച്ചതുമായതിനാൽ വിഷരഹിതമാണെന്നും കേടായത് അല്ലെന്നും ഉറപ്പാക്കി വാങ്ങാൻ ഏറെ ശ്രദ്ധിക്കണം. എളുപ്പം കേടാകുന്നതാണ് മത്സ്യം. കടൽ മത്സ്യങ്ങൾ പലപ്പോഴും പത്തുദിവസം കഴിഞ്ഞേ തുറുമുഖത്തെത്താറുള്ളൂ. അതുകൊണ്ടു തന്നെ മാർക്കറ്റുകളിൽ എത്തുന്നതിനു മുമ്പേ അവയുടെ പുതുമ നഷ്ടപ്പെട്ടിട്ടുണ്ടാവും. അതുകൊണ്ട് കടൽ മത്സ്യങ്ങളിൽ കൃത്രിമത്തിന് സാദ്ധ്യത കൂടുതലാണ്.