
അകാലനര മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി പേരുണ്ട്. ഇതിൽ പലരും മാർക്കറ്റിൽ കിട്ടുന്ന ഹെയർ ഡൈ ഉപയോഗിച്ചാണ് മുടി കറുപ്പിക്കുന്നത്. എന്നാൽ ഇതുമൂലം എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടാകുമോ, മുടി മുഴുവൻ നരച്ചുപോകുമോ എന്നൊക്കെ പേടിയുള്ളവരും നിരവധിയാണ്. കുറച്ചൊന്ന് മെനക്കെടാൻ തയ്യാറാണെങ്കിൽ വളരെ നാച്വറലായ, പാർശ്വഫലങ്ങളൊട്ടുമില്ലാതെ നരയെ തുരത്താം. അഞ്ച് പൈസ ചെലവാക്കുകയും വേണ്ട.
ആവശ്യമായ സാധനങ്ങൾ
ചെമ്പരത്തിപ്പൂവ്
ശംഖുപുഷ്പം പൂക്കൾ
പനിക്കൂർക്ക
കഞ്ഞിവെള്ളം
തയ്യാറാക്കുന്നവിധം
ചെമ്പരത്തിപ്പൂവിന്റെ ഞെട്ട് കളഞ്ഞ്, ഇതളുകളാക്കി ഒരു പാത്രത്തിലിടുക. ഇതിലേക്ക് കുറച്ച് പനിക്കൂർക്കയുടെ ഇലയിട്ടുകൊടുക്കുക. നീരിറക്കവും തലവേദനയുമടക്കമുള്ള പ്രശ്നങ്ങൾ അകറ്റാൻ ഇത് സഹായിക്കും.കുറച്ച് ശംഖുപുഷ്പത്തിന്റെ പൂക്കളും ഇതിലേക്ക് ഇട്ടുകൊടുക്കുക.
എത്ര അളവിലാണോ ഹെയർ ഡൈ തയ്യാറാക്കേണ്ടത് അതനുസരിച്ച് സാധനങ്ങളുടെ അളവിൽ വ്യത്യാസം വരുത്താം. കഞ്ഞിവെള്ളം കൂടി ഇതിലേക്ക് ഒഴിച്ചുകൊടുക്കാം. ഇനി അടുപ്പത്തുവച്ച് നന്നായി തിളപ്പിക്കുക. തിളച്ച ശേഷം ലോ ഫ്ളെയിമിലേക്ക് മാറ്റാം. കുറേ നേരം തിളപ്പിക്കുമ്പോഴേക്ക് കളർ മാറി വരുന്നത് കാണാം. ഇനി അടുപ്പിൽ നിന്ന് മാറ്റാം.
ചൂടാറിയ ശേഷം അരിച്ചെടുക്കാം. എണ്ണമയം ഒട്ടുമില്ലാത്ത മുടിയിലാണ് ഈ ഹെയർ ഡൈ തേക്കേണ്ടത്. അരമണിക്കൂറിന് ശേഷം തല കഴുകിക്കളയാം. ഷാംപു ഉപയോഗിക്കാതെ കഴുകുന്നതാണ് നല്ലത്. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഇങ്ങനെ ചെയ്യണം. ഒറ്റ ഉപയോഗത്തിൽ റിസൽട്ട് പ്രതീക്ഷിക്കരുത്. പതിയെ നരയെല്ലാം കറുത്തുവരുന്നത് കാണാം.