beef

ആലപ്പുഴ: മലയാളികളുടെ ഔദ്യോഗിക ഭക്ഷണമേതെന്ന് ചോദിച്ചാൽ ആദ്യം പറയുക ബീഫും പൊറോട്ടയും എന്നായിരിക്കും. അത്രയ്ക്കും ആരാധകരുണ്ട് ബീഫിനും പൊറോട്ടയ്ക്കും. എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പോയി ബീഫ് ചോദിച്ചാൽ ചിലപ്പോൾ ജീവൻ വരെ നഷ്ടപ്പെട്ടേക്കാം. ചില സംസ്ഥാനങ്ങളിൽ ഇന്നും ബീഫ് നിരോധനമുണ്ട്. അതുകൊണ്ട് രാജ്യത്ത് എത്തുന്ന പല വിദേശ വിനോദ സഞ്ചാരികൾക്കും ഇന്ത്യയിൽ മുഴുവനായും ബീഫ് നിരോധനമുണ്ടെന്ന സംശയമുണ്ട്. എന്നാൽ ഇപ്പോഴിതാ അങ്ങനെ ഒരു സംശയവുമായി കേരളത്തിലെത്തി ബീഫും പൊറോട്ടയും കഴിക്കുന്ന ഒരു വിദേശിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വിനോദ സഞ്ചാരിയായ അലക്സ് ആണ് ആലപ്പുഴയിലെത്തി ബീഫും പൊറോട്ടയും കഴിക്കുന്നത്. ഇന്ത്യയിൽ കേട്ടുകേൾവിയില്ലാത്ത ഒരു കാര്യം ഞാൻ ചെയ്യാൻ പോകുകയാണെന്ന് പറഞ്ഞാണ് അദ്ദേഹം ബീഫും പൊറോട്ടയും കഴിക്കാൻ റെസ്‌റ്റോറന്റിൽ കയറുന്നത്. കേരളത്തിൽ ഹിന്ദുക്കൾ പോലും ബീഫ് കഴിക്കുമെന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും വെറും 140 രൂപയാണ് ഈ ഭക്ഷണത്തിന് വേണ്ടി ചെലവായതെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.

അലക്സിന്റെ വാക്കുകളിലേക്ക്
'ഞാൻ ഇപ്പോൾ ഇന്ത്യയിലാണ്. ഈ രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത ഒരു കാര്യം ഞാൻ ചെയ്യാൻ പോകുകയാണ്. ഞാൻ ബീഫ് കഴിക്കാൻ പോകുകയാണ്. ഇന്ത്യയിൽ പശു ഒരു പുണ്യ മൃഗമാണ്. എന്നാൽ ബീഫ് കേരളത്തിൽ വ്യാപകമായി ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. ഇപ്പോൾ ഞാൻ ആലപ്പുഴയിലെ ഒരു റെസ്റ്റോറന്റിലാണ്.

ബീഫ് കേരളത്തിൽ നിന്ന് കഴിക്കുന്നതിന് മുമ്പ് ഞാൻ കുറച്ച് ഗവേഷണങ്ങൾ നടത്തി. കേരളത്തിൽ 50 ശതമാനം ജനസംഖ്യ മുസ്ലീമും ക്രിസ്ത്യാനികളുമാണ്. കേരളത്തിലെ ഹിന്ദുക്കൾ പോലും ബീഫ് കഴിക്കുമെന്ന് ഞാൻ അറിഞ്ഞിട്ടുണ്ട്. ഈ മുഴുവൻ ഭക്ഷണത്തിനും എനിക്ക് വെറും രണ്ട് ഡോളർ മാത്രമാണ് ചെലവായത്. അമേരിക്കക്കാർക്ക് ഇത് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയില്ല. അതുകൊണ്ട് നിങ്ങൾക്ക് കേരളത്തിലേക്ക് വരൂ.