
പൊരിവെയിലിൽ പകൽ സമയത്ത് പുറത്തിറങ്ങി നടക്കാൻ ആരും ഇഷ്ടപ്പെടാറില്ല. ചൂടും വിയർപ്പും സൂര്യാഘാതവുമൊക്കെയാണ് ഇതിന് പ്രധാന കാരണം. ഗ്രാമപ്രദേശങ്ങളേക്കാൾ നഗരത്തിലാണ് കൂടുതൽ ചൂട് അനുഭവപ്പെടുക. മരങ്ങളും ചെടികളും മറ്റുമില്ലാത്തതാണ് നഗരങ്ങളിൽ താപനിലയിൽ വർദ്ധനവുണ്ടാകുന്നതിന് കാരണമാകുന്നത്. എന്നാൽ നിരത്തിലെ കാറുകളും അന്തരീക്ഷത്തിലെ ചൂട് വർദ്ധിപ്പിക്കുമെന്ന് പലർക്കും അറിവുണ്ടായിരിക്കുകയില്ല. ലിസ്‌ബൺ സർവകലാശാല അടുത്തിടെ നടത്തിയ പഠനപ്രകാരം വാഹനത്തിന്റെ നിറത്തിന് അന്തരീക്ഷ വായുവിന്റെ താപനിലയെ സ്വാധീനിക്കാൻ കഴിയും.
സമീപത്തുള്ള ഗ്രാമപ്രദേശങ്ങളേക്കാൾ നഗരങ്ങളിൽ എപ്പോഴും താപനില ഉയർന്നുനിൽക്കുന്ന പ്രതിഭാസമായ അർബൻ ഹീറ്റ് ഇഫക്‌ടിന് (യുഎച്ച്ഐ) പ്രധാന സംഭാവന നൽകുന്നത് വാഹനങ്ങളാണ്. പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ, പ്രത്യേകിച്ച് ഇരുണ്ട നിറങ്ങളിൽ ഉള്ളവ പുറത്തുവിടുന്ന ചൂട്, നഗര താപനില വർദ്ധിപ്പിക്കുമെന്ന് ഗവേഷണം സൂചിപ്പിക്കുന്നു.
യുഎച്ച്‌ഐ ഇഫക്‌ട്
മനുഷ്യ പ്രവർത്തനങ്ങൾ മൂലവും, ചൂട് നിലനിർത്തുന്ന ആസ്‌ഫാൽറ്റ് (റോഡ് നിർമാണത്തിനും മറ്റും ഉപയോഗിക്കുന്ന മിശ്രിതം), കോൺക്രീറ്റ്, സ്റ്റീൽ തുടങ്ങിയ വസ്തുക്കളുടെ വ്യാപനം മൂലവും നഗരാന്തരീക്ഷം ചൂട് ആഗിരണം ചെയ്ത് അവയെ പിടിച്ചുനിർത്തുന്നതാണ് അർബൻ ഹീറ്റ് ഐലൻഡ് പ്രഭാവം. ഈ വസ്തുക്കൾ നേരിട്ടുള്ള സൂര്യപ്രകാശത്തിൽ വേഗത്തിൽ ചൂടാവുകയും സാവധാനത്തിൽ ചൂട് പുറത്തുവിടുകയും ചെയ്യുന്നു. ഇത് രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന ഉയർന്ന താപനിലയ്ക്ക് കാരണമാകുന്നു. യൂറോപ്യൻ യൂണിയന്റെ ഭൗമ നിരീക്ഷണ പ്രോഗ്രാം പ്രകാരം ഗ്രാമപ്രദേശങ്ങളേക്കാൾ നഗരങ്ങളിൽ പത്തിരത്തി ചൂട് ഉയർന്നുനിൽക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. ഈ പ്രവണത വേനൽക്കാലത്ത് കനക്കുകയും ചെയ്യുന്നു.
നഗരങ്ങളിൽ കെട്ടിടങ്ങളും വാഹനങ്ങളുമെല്ലാം തിങ്ങിക്കൂടിയിരിക്കുന്നതിനാൽ വായു സഞ്ചാരം കുറയുന്നു. കൂടാതെ ഗതാഗത തടസങ്ങൾ, വ്യാവസായിക പ്രവർത്തനങ്ങൾ, എസിയുടെ വ്യാപക ഉപയോഗം എന്നിവയും അന്തരീക്ഷത്തിൽ ചൂട് ഉയരുന്നതിന് കാരണമാവുന്നു. രാത്രികാലങ്ങളിൽ അന്തരീക്ഷം തണുക്കുന്നതിന് പകരം നഗരത്തിലെ തെരുവുകൾ, റൂഫ് ടോപ്പുകൾ തുടങ്ങിയവ പകൽസമയത്ത് ശേഖരിച്ച ചൂട് പുറത്തേയ്ക്ക് തള്ളുന്നു. ഉഷ്‌ണതരംഗ സമയങ്ങളിൽ ഈ പ്രതിഭാസം കൂടുതൽ പ്രതിസന്ധികൾക്ക് കാരണമാവുന്നു. വികസിത രാജ്യങ്ങളിൽ നഗരങ്ങളും പട്ടണങ്ങളും കൂടുതലുള്ളതിനാൽ ഈ പ്രതിഭാസം ആശങ്ക ഉയർത്തുന്നുണ്ട്.
പതിവായി ചൂടേൽക്കുന്നത് സമ്മർദ്ദത്തിലേയ്ക്ക് നയിക്കുമെന്ന് മാത്രമല്ല, അകാല വാർദ്ധക്യത്തിനും മാനസിക പ്രശ്‌നങ്ങൾക്കും ശ്വാസ സംബന്ധമായ രോഗങ്ങൾക്കും കാരണമാവും. കുട്ടികൾക്കും പ്രായമായവർക്കുമാണ് ഈ പ്രതിഭാസം കൂടുതൽ ഭീഷണിയാവുന്നത്.
കാറുകൾ ചൂട് കൂട്ടുന്നതെങ്ങനെ?
കെട്ടിടങ്ങളും റോഡുകളും യുഎച്ച്‌ഐ ഇഫക്‌ടിന് വലിയ സംഭാവന നൽകുമെങ്കിലും പാർക്ക് ചെയ്തിരിക്കുന്ന വാഹനവും ഒരുപോലെ അപകടകാരികളാണെന്ന് ലിസ്‌ബൺ പഠനത്തിൽ വ്യക്തമാക്കുന്നു. തുറസായ സ്ഥലങ്ങളിൽ കാറുകൾ പാർക്ക് ചെയ്യുമ്പോൾ അവയുടെ ഉപരിതലം പ്രാദേശിക താപനിലയെ സ്വാധീനിക്കുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്.
കാറുകളുടെ നിറവും ചൂടിനെ സ്വാധീനിക്കുമെന്ന് പഠനത്തിൽ പറയുന്നു. വെള്ള, വെള്ളി പോലുള്ള ഇളം നിറമുള്ള വാഹനങ്ങൾ സൂര്യപ്രകാശത്തിന്റെ 75 ശതമാനം മുതൽ 85 ശതമാനം വരെ പ്രതിഫലിപ്പിക്കുന്നു. ഇത് താപനില ആഗിരണം ചെയ്യുന്നത് പരിമിതപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ കറുപ്പ്, കടുംനീല തുടങ്ങിയ നിറങ്ങൾ അഞ്ചുമുതൽ പത്ത് ശതമാനംവരെ സൂര്യപ്രകാശം മാത്രമാണ് പ്രതിഫലിപ്പിക്കുന്നത്. ബാക്കിയുള്ള ചൂടിനെ ആഗിരണം ചെയ്യുകയും പെട്ടെന്ന് ചൂടാവുകയും ചെയ്യുന്നു. കാറിന്റെ കനം കുറഞ്ഞ മെറ്റൽ ബോഡിയും പെട്ടെന്ന് ചൂടാവുന്നു. ഇത് കാറിന് ചുറ്റും ചൂട് വലയം ചെയ്യുന്നതിനു ഇടയാക്കും. പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ നിന്നുള്ള ചൂട് ഏറ്റവും ബാധിക്കുന്നത് അതിന് സമീപത്തായി നടന്നുപോകുന്ന കാൽനടയാത്രക്കാരെയാണ്.
പരിഹാര മാർഗങ്ങൾ