refrigerator-

വീടുകളിൽ ഒഴിച്ച് കൂടാൻ സാധിക്കാത്ത ഒരു ഉപകരണമാണ് ഫ്രിഡ്‌ജ്. പഴം, പച്ചക്കറി, ബാക്കിവന്ന ഭക്ഷണ സാധനങ്ങൾ എന്നിവയെല്ലാം ഇതിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ സാധനങ്ങൾ വയ്ക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. പലരും പഴങ്ങളും പച്ചക്കറികളും കഴുകി വൃത്തിയാക്കിയ ശേഷമാണ് ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്നത്. എന്നാൽ എല്ലാ പഴങ്ങളും പച്ചക്കറിയും ഇത്തരത്തിൽ കഴുകി വയ്ക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നത്.

ക്യാരറ്റ്, ഓറഞ്ച്, കോളിഫ്ളവർ തുടങ്ങിയവ കഴുകി വെള്ളം പൂർണമായും കളയാതെ ഫ്രിഡ്ജിൽ വച്ചാൽ അമിതമായ ഈർപ്പമുണ്ടാകും. അതുവഴി ബാക്ടീരിയകളുടെ വളർച്ച ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. എന്നാൽ കറിവേപ്പിലയും പച്ചമുളകും നന്നായി കഴുകിയിട്ട് വേണം ഫ്രിഡ്ജിൽ സൂക്ഷിക്കാൻ. പക്ഷേ കഴുകിയ ശേഷം വെള്ളം പൂർണമായും കളയണം. അല്ലെങ്കിൽ ഇവ രണ്ടും പെട്ടെന്ന് ചീത്തയാകും. അതുപോലെ ഉള്ളിയും ഉരുളക്കിഴങ്ങും ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. കൂടാതെ പാകം ചെയ്ത ഭക്ഷണം ഫ്രിഡ്ജിൽ തുറന്നുവയ്ക്കാനും പാടില്ല.

മുട്ടയും ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല. ഇത് മുട്ടയുടെ രുചി കുറയ്ക്കുന്നതിന് കാരണമാകും. വെള്ളരി , മത്തൻ തുടങ്ങിയ പച്ചക്കറികൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അവ എളുപ്പത്തിൽ അഴുകുന്നതിന് കാരണമാകുന്നു. കൂടുതൽ വെള്ളം ഉൾക്കൊള്ളുന്ന പഴങ്ങളും പച്ചക്കറികളും ഫ്രിഡ്ജിൽ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. തണ്ണിമത്തനും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അത്ര നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്. പുറത്ത് അന്തരീക്ഷ ഊഷ്മാവിൽ സൂക്ഷിക്കുന്ന തണ്ണിമത്തന് കൂടുതൽ പോഷകഗുണമുണ്ടാകും. മുറിച്ച തണ്ണിമത്തൻ ഒരിക്കലും ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കരുത്. ഇത് ബാക്ടീരിയകൾ വളരാൻ ഇടയാക്കുന്നു.