നമ്മുടെ ഭക്ഷണക്രമത്തിൽ ഒഴിവാക്കാനാവാത്ത ഒന്നായി മാറിയിക്കുകയാണ് മത്സ്യം. രുചി മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങളും മീൻ നൽകുന്നു. അതിനാൽതന്നെ പതിവായി ഭക്ഷണത്തിൽ മീൻ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. എന്നാൽ ഇന്നത്തെക്കാലത്ത് നല്ല മീൻ വാങ്ങുന്നതും ഏറെ പ്രതിസന്ധി തീർക്കുന്ന ഒന്നാണ്. മത്സ്യലഭ്യത കുറഞ്ഞതും ഡിമാൻഡ് ഏറിയതും പഴകിയ മത്സ്യങ്ങൾ വിപണിയിൽ നിറയുന്നതിന് കാരണമായി. ഈ സാഹചര്യത്തിൽ നല്ല മീൻ നോക്കി വാങ്ങാൻ അറിഞ്ഞിരിക്കേണ്ടത് ഏറെ പ്രധാനമാണ്. ഇപ്പോഴിതാ ഫ്രഷ് മീൻ നോക്കി വാങ്ങാൻ പ്രശസ്‌ത ഷെഫ് അജയ് ചോപ്ര പങ്കുവയ്ക്കുന്ന ടിപ്പുകൾ ശ്രദ്ധനേടുകയാണ്.
അമർത്തി നോക്കുക: ഫ്രഷ് മീൻ ആണെങ്കിൽ അമർത്തിയ ഭാഗം ഉടൻ തന്നെ പഴയ രൂപത്തിലേയ്ക്ക് തിരിച്ചുവരും. പഴകിയ മീൻ ആണെങ്കിൽ അമർത്തിയ ഭാഗത്ത് വിരലിന്റെ അടയാളം ഉണ്ടാവുകയോ മാംസം കുഴഞ്ഞുപോവുകയോ ചെയ്യും.
കണ്ണുകൾ: ഫ്രഷ് മീനിന്റെ കണ്ണുകൾ തിളക്കമുള്ളതും പുറത്തേയ്ക്ക് തള്ളിനിൽക്കുന്നതും സുതാര്യവും ആയിരിക്കും. പഴകിയ മീനിന്റെ കണ്ണുകൾ നിറം മങ്ങിയതും ഒട്ടിപ്പോയതുമായി കാണപ്പെടും.
ചെകിളപ്പൂക്കൾ: ഫ്രഷ് മീനിന്റെ ചെകിളപ്പൂക്കൾക്ക് നല്ല ചുവന്ന നിറമായിരിക്കും. പഴകിയതാണെങ്കിൽ ബ്രൗൺ, ഗ്രേ നിറമായിരിക്കും.
ബലം: മീൻ വാലിൽ പിടിച്ച് ഉയർത്തി നോക്കുക. ഫ്രഷ് ആണെങ്കിൽ നേരെ നിൽക്കും. പഴകിയത് വളഞ്ഞ രൂപത്തിലും.
മണം: ഫ്രഷ് മീനിന് കടലിന്റെ മണം ആയിരിക്കും ഉണ്ടാവുക. പഴകിയത് രൂക്ഷഗന്ധവും.