
ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ യാത്രയുടെ മടക്കത്തിലാണ് ഒഡിഷയിലെ ഭുവനേശ്വറിൽ ഇറങ്ങിയത്. ക്ഷേത്രങ്ങളുടെ നഗരമായ ഭുവനേശ്വറിലെ കണ്ടുമടുത്ത വാസ്തുശില്പ ശൈലികൾ പിന്നിട്ട് കൊണാർക്കിലെത്തുമ്പോൾ, സായാഹ്ന സൂര്യശോഭയിൽ പൊതിഞ്ഞ സൂര്യക്ഷേത്രം!
പൗരാണിക ഭാരതീയ വാസ്തുശില്പ വിസ്മയത്തിന്റെ ഉദാത്ത മാതൃകയാണ് കല്ലിൽ കൊത്തിയ കവിതയായ സൂര്യക്ഷേത്രം. 'ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിർവീര്യമാക്കുന്നു" എന്ന രവീന്ദ്രനാഥ ടാഗോറിന്റെ വാക്കുകൾ എത്ര അന്വർത്ഥം! കിഴക്കിനെ ലാക്കാക്കി പായാൻ വെമ്പുന്ന ഏഴ് കുതിരകളെ പൂട്ടിയ, ഇരുപത്തിനാല് ചക്രങ്ങളിൽ താങ്ങിനിറുത്തിയിരിക്കുന്ന ഒരു പടുകൂറ്റൻ രഥശില്പ മാതൃക!
ഏഴു കുതിരകൾ ആഴ്ചയിലെ ഏഴു ദിവസത്തെ പ്രതിനിധീകരിക്കുന്നു. രഥത്തിന്റെ ഇരുവശങ്ങളിലുമായാണ് പന്ത്രണ്ട് വീതം 24 ചക്രങ്ങൾ. അവ, ഹിന്ദു കലണ്ടറിലെ 24 ദിവസങ്ങളുള്ള ഒരു മാസത്തെ പ്രതിനിധീകരിക്കുന്നവ. ഓരോ ചക്രവും ഓരോ സൂര്യ ഘടികാരം തന്നെ. ചക്രങ്ങളുടെ, നിലത്തുവീഴുന്ന നിഴൽ നോക്കി കൃത്യമായി സമയം രേഖപ്പെടുത്താവുന്ന ഒരു അപൂർവ ഗണിതശാസ്ത്ര മാതൃകയാണിത്!
രതിഭാവത്തിന്റെ സൂര്യശോഭ
ഭാരതീയ ദർശന പ്രകാരം ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നീ ചതുർസങ്കല്പത്തെ പിൻപറ്റുന്ന ശില്പങ്ങളും പ്രതിമകളുമാണ് ക്ഷേത്രച്ചുവരിൽ വിതാനിച്ചിരിക്കുന്നത്. ചുവരിന്റെ താഴേ ഭാഗത്ത് ആന, സിംഹം, കുതിര, മയിൽ തുടങ്ങി നിരവധി മൃഗങ്ങളുടെയും പക്ഷികളുടെയും ശില്പങ്ങളാണ്. മദ്ധ്യഭാഗത്ത് യുവതീയുവാക്കളെ ദാമ്പത്യ ജീവിതത്തിന്റെ സർഗാത്മകത നുകരാൻ പ്രേരിപ്പിക്കുന്ന മൈഥുന ശില്പങ്ങൾ. താന്ത്രിക രതിയുമായി കണ്ണുചേർന്ന് നിൽക്കുന്ന ഈ രതിശില്പങ്ങൾ പലതും കാമസൂത്രത്തിൽ പ്രതിപാദിക്കുന്ന ലൈംഗിക കേളികൾ കരിങ്കൽ ശില്പങ്ങളിൽ ഉരുവംകൊണ്ടവയാണ്.
ക്ഷേത്രച്ചുവരുകളുടെ മുകൾഭാഗം ഹൈന്ദവ പുരാണങ്ങളിൽ പരാമർശിക്കുന്ന ദേവീ ദേവന്മാരുടെയും അപ്സരസുകളുടെയും ജീവൻ തുടിക്കുന്ന ശില്പങ്ങൾ നിറഞ്ഞതാണ്. കാമാർത്ഥങ്ങൾ വെടിഞ്ഞ് മോക്ഷത്തിലേക്ക് മനസു തുറക്കുന്നവരെ ഭക്തിരസത്തിൽ ആറാടിക്കാൻ പോന്നവയാണ് അവ. വിഷ്ണു, ശിവൻ, പാർവതി, ദുർഗ തുടങ്ങിയ ദൈവ സങ്കല്പങ്ങളുടെ വിഭിന്ന ഭാവങ്ങൾ തുടിച്ചുനിൽക്കുന്ന നിരവധി പ്രതിമകളും ശില്പങ്ങളും കൊണ്ട് സമ്പന്നമാണ് ഇവിടം.
പ്രഭാതത്തിലും മദ്ധ്യാഹ്നത്തിലും അസ്തമയത്തിലും സൂര്യഭഗവാനെ ക്ഷേത്രത്തിലേക്ക് ആവാഹിക്കാനായി ക്ഷേത്രത്തിന്റെ തന്ത്രപ്രധാനമായ ഭാഗങ്ങളിൽ സൂര്യ ഭഗവാനെ പ്രതിനിധീകരിക്കുന്ന വ്യത്യസ്ത ഭാവത്തിലുള്ള മൂന്ന് സൂര്യ ശില്പങ്ങളുണ്ട്. സമ്പന്നമായ ഭാരതീയ കലാ, സാംസ്‌കാരിക പാരമ്പര്യം പ്രതിനിധീകരിക്കുന്ന നർത്തകരുടെയും സംഗീതജ്ഞരുടെയും ശില്പങ്ങൾ മറ്റു ശില്പങ്ങളോടൊപ്പം ഇടകലർന്നു നിൽക്കുന്നു.
പുരാണകഥകൾക്കൊപ്പം അക്കാലത്തെ സാംസ്‌കാരിക ജീവിതം പ്രതിഫലിപ്പിക്കുന്ന, ദൈനംദിന ജീവിതത്തിൽ നിന്ന് ഒപ്പിയെടുത്ത അനർഘ നിമിഷങ്ങൾ കല്ലിൽ കവിതയായി പരിണമിക്കുമ്പോൾ അവയ്ക്കു മുമ്പിൽ കാണികൾ വിസ്മയംപൂണ്ട് കൈകൂപ്പി നിന്നുപോകുന്നു. വീണ വായിക്കുന്ന പാട്ടുകാരി, മുടി ചീകുന്ന സുന്ദരി, മരം ചാരി ലാസ്യഭാവത്തോടെ നിൽക്കുന്ന യുവതി, ജനൽപ്പാളികളിലൂടെ ഇടങ്കണ്ണിട്ട് പുറത്തേക്കു നോക്കുന്ന വനിത, കണ്ണാടി നോക്കുന്ന സ്ത്രീ. ആക്രമിക്കാൻ വരുന്ന കുരങ്ങിനെ അകറ്റുന്ന കോപിഷ്ഠയായ വനിത, ഗുരുവും ശിഷ്യനും, മകനെ അനുഗ്രഹിക്കുന്ന അമ്മ... ക്ഷേത്രച്ചുവരിൽ നിറഞ്ഞുനിൽക്കുന്ന ശില്പങ്ങൾക്കിടയിലൂടെ ഗൈഡിന്റെ കൈയിലെ ഇലക്ട്രോണിക് ടോർച്ചിൽ നിന്നുള്ള ചുവപ്പ് രശ്മികൾ ചെന്നുതട്ടുന്ന അപൂർവ ശില്പങ്ങൾ ഇനിയുമേറെയാണ്!
കോണും അർക്കനും ചേർന്ന കൊണാർക്
കോൺ, ആർക്ക എന്നീ രണ്ട് പദങ്ങൾ ചേർന്നതാണ് കൊണാർക്ക്. 'കോൺ" എന്നാൽ ദിക്ക്. 'അർക്ക" എന്നാൽ സൂര്യൻ. അതായത്, സൂര്യന്റെ ദിക്ക്! ഉദയസൂര്യ രശ്മികൾ പ്രധാന വിഗ്രഹത്തിന്റെ മൂർദ്ധാവിൽ പതിക്കുന്ന രീതിയിലാണ് സൂര്യക്ഷേത്രത്തിന്റെ രൂപകല്പന. ആരംഭകാലത്ത് ക്ഷേത്രത്തിലെ പ്രധാന ഗോപുരത്തിന്റെ ഉയരം 228 അടിയായിരുന്നു. 1837-ൽ ഗോപുരം നിലം പതിച്ചപ്പോൾ അത് 129 അടിയായി കുറയുകയായിരുന്നു. ഗർഭഗൃഹം, ക്ഷേത്ര സോപാനം, ജഗൻമോഹൻ മണ്ഡപം എന്നിങ്ങനെ ക്ഷേത്രത്തിന് മൂന്നു ഭാഗങ്ങളാണ് ഉണ്ടായിരുന്നത്. പ്രധാന ദേവതയെ പ്രതിഷ്ഠിച്ച ഗർഭഗൃഹം ഇപ്പോൾ നിലംപതിച്ച നിലയിലാണ്. ഇനിയും ഇടിഞ്ഞു പോകാതിരിക്കാനായി ഈ ഭാഗം ഇപ്പോൾ
കല്ലും മണ്ണുംകൊണ്ട് നിറച്ചിരിക്കുന്നു.
മേൽഭാഗം താങ്ങിനിറുത്താനായി ഇരുമ്പ് പൈപ്പ് ഉപയോഗിച്ചുള്ള തൂണുകളുണ്ട്. പ്രധാന ക്ഷേത്രത്തിനു മുന്നിലെ നടന മണ്ഡപത്തിലാണ് കാലാകാലമായി നൃത്തവും മറ്റു കലാപരിപാടികളും അരങ്ങേറിയിരുന്നത്. ജഗൻമോഹൻ മണ്ഡപമാണ് ഇപ്പോൾ കാണപ്പെടുന്ന വലിയ സമുച്ചയം. ക്ഷേത്രം നിലംപതിച്ചപ്പോൾചിതറിയ വിഗ്രഹങ്ങളും കൽത്തൂണുകളും ജ്യാമിതീയ രൂപങ്ങളുമൊക്കെ ക്ഷേത്രത്തിന് അടുത്തുതന്നെയുള്ള ആർക്കിയോളജിക്കൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. മുഖ്യക്ഷേത്രത്തിനു ചുറ്റും 22 ഉപക്ഷേത്രങ്ങളുണ്ടായിരുന്നതിൽ രണ്ടെണ്ണം മാത്രമേ ശേഷിക്കുന്നുള്ളൂ- വൈഷ്ണവി ക്ഷേത്രവും മായാദേവി ക്ഷേത്രവും.
സിമന്റോ കുമ്മായമോ ഉപയോഗിക്കാതെയാണ് ക്ഷേത്ര ഭിത്തികളും മുകൾപ്പരപ്പുകളും നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിനു മുകളിൽ 63 ടൺ ഭാരമുള്ള, കാന്തിക പ്രഭാവമുള്ള ഒരു ശിലയുണ്ടായിരുന്നതായും അതിന്റെ സ്വാധീനത്താലാണ് ക്ഷേത്രത്തിലെ മറ്റെല്ലാ കല്ലുകളും സന്തുലനാവസ്ഥയിൽ താഴെവീഴാതെ നിൽക്കുന്നതെന്നുമാണ് ഗൈഡിന്റെ പക്ഷം! കാന്തിക പ്രഭാവത്തിലുള്ള ഈ കല്ലിന്റെ സ്വാധീനം കാരണം കൊണാർക്ക് ക്ഷേത്രത്തിനു മുന്നിൽ,സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾ വഴിതെറ്റി സഞ്ചരിക്കാനും നശിക്കാനും ഇടയാക്കിയതായി പറയപ്പെടുന്നു! ദിശ കാണിക്കാനായി സജ്ജീകരിച്ചിരുന്ന വടക്കുനോക്കിയന്ത്രം കാന്തിക പ്രഭാവത്താൽ പ്രവർത്തനരഹിതമാവുകയായിരുന്നത്രേ. ഒടുവിൽ, തങ്ങളുടെ കപ്പലുകളെ സംരക്ഷിക്കാൻ അറബിക്കച്ചവടക്കാർ ക്ഷേത്രത്തിൽ അതിക്രമിച്ചു കടന്ന് ആ കല്ല് എടുത്തുകൊണ്ടു പോയെന്നാണ് കഥ!
കൃഷ്ണശാപത്തിന്റെ മുക്തിശില്പം
എണ്ണമറ്റ ധന്യ മുഹൂർത്തങ്ങൾക്കിടയിലൂടെ ഒരു അതീന്ദ്രിയാനുഭൂതിയിൽ മുങ്ങിത്താഴുന്ന മനസിനെ കൊണാർക്കിന്റെ ഗതകാല പശ്ചാത്തലത്തിലേക്ക് പിടിച്ചുകൊണ്ടുപോകുന്ന ഇടമുറിയാത്ത വാക്‌ധോരണിയുമായെത്തുന്ന ഗൈഡിന്റെ ഒഡിയൻ ഇംഗ്ലീഷ്! സ്വന്തം ശരീര സൗന്ദര്യത്തിൽ അഹങ്കരിച്ച ശ്രീകൃഷ്ണന്റെ പുത്രനായ സാംബനെ കൊമ്പുകുത്തിക്കുവാൻ നാരദൻ പ്രയോഗിച്ച പൊടിക്കൈകളിൽ നിന്നത്രേ സൂര്യക്ഷേത്രത്തിന്റെ പിറവിക്ക് കാരണമായ കഥ. കൃഷ്ണന്റെ ഭാര്യമാർ കുളിക്കുന്ന നീരാട്ടുകടവിലേക്ക് നാരദന്റെ സൂത്രപ്പണികളാൽ ആവഹിക്കപ്പെട്ട സാംബൻ. സ്വന്തം ഭാര്യമാരോടൊത്ത് കുളക്കടവിൽ കൂത്താടുന്ന മകനു നേർക്ക് കൃഷ്ണൻ രോഷത്തോടെ ശാപവചസുകൾ ചൊരിഞ്ഞു. സാംബന്റെ പൂമേനിയിൽ കുഷ്ഠരോഗത്തിന്റെ പൂക്കൾ വിരിഞ്ഞു! രോഗശാന്തിക്കായി സൂര്യനെ മുൻനിറുത്തി ചന്ദ്രഭാഗ നദീതീരത്ത് സാംബൻ ഉഗ്രത തപസു തുടങ്ങി. ഒടുവിൽ, ഉപകാരസ്മരണയുടെ ജീവവായുവിൽ ഉയർന്നതാണ് സൂര്യക്ഷേത്രമെന്നാണ് പുരാണവ്യാഖ്യാനം.
അതിഭാവുകത്വം കലർന്ന ഐതിഹ്യങ്ങളുടെ മണിച്ചെപ്പ് തുറക്കുന്ന ഗൈഡിന്റെ വർണനയും മറ്റൊരു സുന്ദര ശില്പമായി ഉറഞ്ഞുകൂടുക തന്നെയായിരുന്നു. കലയെയും സാഹിത്യത്തെയും വാസ്തുവിദ്യയേയും ആരാധിക്കുകയും സംരക്ഷിക്കുകയും ചെയ്തിരുന്ന ഗംഗാ രാജവംശത്തിലെ രാജാവായിരുന്നു നരസിംഹദേവൻ. ഒഡിഷയിലെ രാജാവായിരുന്ന നരസിംഹ ദേവൻ പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണ് സൂര്യക്ഷേത്രം.
1200 വിദഗ്ദ്ധ തൊഴിലാളികളെ കണ്ടെത്തി, പന്ത്രണ്ടുവർഷം കൊണ്ട് പണിതീർക്കണമെന്ന വ്യവസ്ഥയിൽ രാജാവ് ക്ഷേത്രത്തിന്റെ മാതൃക പരസ്യപ്പെടുത്തി. നിശ്ചിത സമയത്തിനകം പണിതീരാത്ത പക്ഷം പണിക്കാരെ തൂക്കിലേറ്റാനായി കഴുമരം പോലും നേരത്തേ തയ്യാറാക്കിയിരുന്നത്രേ. ക്ഷേത്രത്തിന്റെ പണി പൂർണമാവാതെ ആർക്കും വീട്ടിൽ പോകാൻ പോലും അനുമതിയുണ്ടായിരുന്നില്ല . സൈബിസമത്രെ എന്ന മൂത്ത ശില്പിക്കു കീഴിലായിരുന്നു ക്ഷേത്രനിർമാണം. ശില്പി വീടുവിട്ടിറങ്ങുമ്പോൾ ഭാര്യ പൂർണ ഗർഭിണിയായിരുന്നു. അച്ഛനെക്കുറിച്ചുള്ള വീരകഥകൾ കേട്ടു വളർന്ന പുത്രൻ ധർമ്മ നന്നേ ചെറുപ്പത്തിൽത്തന്നെ ശില്പവിദ്യയിൽ അന്യാദൃശമായ കഴിവുകൾ പ്രകടിപ്പിക്കാൻ തുടങ്ങി.
പരിഹാസത്തിൽ ഒളിച്ച താക്കോൽ
പന്ത്രണ്ടുവർഷം തികയാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ധർമ്മ അച്ഛനെ തിരക്കി യാത്രയായി. വിശപ്പും ദാഹവും സഹിക്കവയ്യാതായപ്പോൾ ഒരു ഇടത്താവളത്തിൽ ചേക്കേറിയ ധർമ്മയ്ക്ക് ഒരു വൃദ്ധ ഭക്ഷണം വിളമ്പി. വിശപ്പിന്റെ കാഠിന്യം കാരണം വാരിവലിച്ച് തീറ്റ തുടങ്ങിയ ധർമ്മയെ വൃദ്ധ പരിഹസിച്ചു: 'ഒരു വശത്തുനിന്ന് തുടങ്ങുന്നതിനു പകരം നടുവിൽ അടിത്തറ പണിയാൻ നോക്കുന്ന വിഡ്ഢികളായ ആ ക്ഷേത്രം പണിക്കാരെ പോലെയായല്ലോ മകനേ നിന്റെ തീറ്റ!" ആ പരിഹാസം ധർമ്മയുടെ ഉള്ളിൽ തട്ടി.
പിറ്റേന്ന് കൊണാർക്കിലെത്തിയ ധർമ്മ ഉദിച്ചുയരുന്ന സൂര്യബിംബത്തെ ശ്രീകോവിലിലേക്ക് അവാഹിക്കാനാവാതെ ബുദ്ധിമുട്ടുന്ന അച്ഛനെയും കൽപ്പണിക്കാരെയുമാണ് കണ്ടത്. പന്ത്രണ്ടുവർഷം തികയാൻ ഒരു ദിവസം മാത്രം അവശേഷിക്കുന്ന ആ മുഹൂർത്തത്തിൽ, വൃദ്ധയുടെ ഉപദേശം ധർമ്മ അവരെ ധരിപ്പിക്കുകയും അവരോടൊപ്പം ചേർന്ന് ക്ഷേത്ര നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തുവത്രേ. പിറ്റേന്ന് അരുണോദയത്തിൽ തെളിഞ്ഞുവന്ന സൂര്യന്റെ വർണ്ണരാജികൾ ശ്രീ കോവിലിലെ മൂർത്തിയെ തലോടുന്നതു കണ്ട് ആഹ്ളാദഭരിതനായ ധർമ്മയ്ക്ക് അടുത്ത നിമിഷം ഭാവം മാറി.
പന്ത്രണ്ടുവർഷത്തെ കഠിനാദ്ധ്വാനംകൊണ്ട് അച്ഛനും കൂട്ടുകാർക്കും പൂർത്തീകരിക്കാനാവാതെ വന്ന ക്ഷേത്രനിർമ്മാണം ഒറ്റദിവസംകൊണ്ട് മുഴുമിപ്പിക്കുക വഴി താൻ അച്ഛന്റെയും കൂട്ടുകാരുടെയും അദ്ധ്വാനത്തെ അപമാനിച്ചിരിക്കുകയാണ് എന്ന ബോധം ധർമ്മയിൽ ശക്തമായി. കുറ്റബോധത്താൽ ചുട്ടുനീറിയ ധർമ്മ ക്ഷേത്ര ഗോപുരത്തിലേക്കു കയറി, ചന്ദ്രഭാഗാ നദിയിലേക്ക് എടുത്തുചാടി ജീവൻ വെടിഞ്ഞു.
ധർമ്മ ജീവത്യാഗം ചെയ്ത ചന്ദ്രഭാഗ നദി ഇന്ന് മൈലുകൾക്കപ്പുറത്തുകൂടിയാണ് ഒഴുകുന്നത്. വർഷത്തിൽ എല്ലാ ദിവസവും സൂര്യരശ്മികൾ ക്ഷേത്ര ശ്രീകോവിലിൽ ഒരിടത്തുതന്നെ വന്നു പതിക്കുന്ന അത്യപൂർവ വാസ്തുനിർമ്മിതിക്ക് കാലത്തിന്റെ കടന്നാക്രമത്തോടൊപ്പം ഡച്ചുപട്ടാളത്തിന്റെ അധിനിവേശം കൂടിയായപ്പോൾ പിടിച്ചുനിൽക്കാനായില്ല. അതിശക്തമായ രണ്ട് കാന്തിക ശിലകളുടെ ആകർഷണബലങ്ങൾക്കിടയിൽ നിലം തൊടാതെ ത്രിശങ്കുവിൽ സ്ഥാപിച്ചിരുന്ന വിഗ്രഹം ഇന്ന് ഏതോ വിദേശരാജ്യത്തെ മ്യൂസിയത്തിലോ ഏതെങ്കിലും ധനികന്റെ സ്വകാര്യശേഖരത്തിലോ വിശ്രമം കൊള്ളുന്നുണ്ടാവാം!
കാന്തികശിലകൾക്ക് ഇളക്കം തട്ടിയതോടെ ശ്രീകോവിലിനു മുകളിലത്തെ ശിഖരം ഏതാണ്ട് പൂർണമായി തകർന്നെങ്കിലും ഗൂഢമണ്ഡപവും നൃത്തശാലയും ഇന്നും പ്രൗഢോജ്ജ്വലമായിത്തന്നെ നിലനിൽക്കുന്നു. ക്ഷേത്രത്തിനു പുറത്തുള്ള വിശാലമായ റോഡുകളും അനുദിനം തഴച്ചുവളരുന്ന കച്ചവട സ്ഥാപനങ്ങളും ഇപ്പോൾ കൊണാർക്കിന് ഒരു നഗര പരിവേഷം സൃഷ്ടിച്ചിട്ടുണ്ട്. നൂറുകണക്കിന് ടൂറിസ്റ്റ് ബസുകൾ സന്ദർശകരെയുംകൊണ്ട് ദിവസവും എത്തുന്നു. എല്ലാ ഫെബ്രുവരി മാസത്തിലും ഇവിടെ നടക്കുന്ന ചന്ദ്രഭാഗ മേളയിൽ പങ്കെടുക്കാനായി നാടിന്റെ നാനാഭാഗത്തുനിന്നും തീർത്ഥാടകർ ഇവിടേക്ക് പ്രവഹിക്കുന്നു. ചരിത്രത്തിന്റെയും ഐതിഹ്യത്തിന്റെയും വാസ്തുവിദ്യയുടെയും മേളനംകൊണ്ട് നിത്യവിസ്മയമായി നിലകൊള്ളുന്ന സൂര്യക്ഷേത്രം, കാലം കൊത്തിവച്ച ശിലാകവിത തന്നെ!
(ലേഖകന്റെ മൊബൈൽ: 94460 97241)