apple-i-phone

ലണ്ടൻ: നഗരത്തിൽ ഐഫോൺ മോഷണം വ്യാപിക്കുന്നതിന് കാരണം ആപ്പിളിന്റെ അനാസ്ഥയെന്ന് ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ്. പഴയ (മോഷ്ടിച്ചത് ഉൾപ്പെടെ) ഐഫോണുകൾ അതേ കമ്പനിയിൽ തന്നെ തിരികെ നൽകുമ്പോൾ കമ്പനി അവയ്ക്ക് വമ്പിച്ച വിലക്കിഴിവ് നൽകും. ആപ്പിളിന്റെ ഈ സംവിധാനം മോഷണത്തിന് പ്രോത്സാഹനമാകുന്നുണ്ടെന്നും മോഷ്ടിച്ച ഉപകരണങ്ങളുടെ ഡേറ്റാബേസ് (എൻഎംപിആർ) പരിശോധിക്കാൻ ആപ്പിൾ കമ്പനി തയ്യാറാകുന്നില്ലെന്നും പൊലീസ് ആരോപിച്ചു.

കഴിഞ്ഞവർഷം മാത്രം ലണ്ടനിൽ 80,000ത്തിലധികം ഫോണുകൾ മോഷണം പോയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. 2023ൽ ഇത് 64000 ആയിരുന്നു. എൻഎംപിആർ നമ്പ‌ർ ഉപയോഗിച്ച് ഉപകരണങ്ങളുടെ നെറ്റ്‌വർ‌ക്ക് സ്റ്റാറ്റസ് ദിവസേന കമ്പനി പരിശോധിക്കുന്നുണ്ടെങ്കിലും അവ മോഷണം പോയതാണോ എന്ന് കമ്പനി പരിശോധിക്കുകയോ നടപടിയെടുക്കുകയോ ചെയ്യുന്നില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

പഴയ ഐഫോണുകൾ വിറ്റ് പുതിയ ഫോൺ വാങ്ങുമ്പോൾ ഏകദേശം 70,000 രൂപ വരെ കിഴിവ് ആപ്പിൾ നൽകുന്നുണ്ട്. ഇതാണ് മോഷ്ടാക്കൾ മുതലെടുക്കുന്നത്. മോഷ്ടിച്ച ഫോണുകൾ തങ്ങളുടേതാണെന്ന വ്യാജേന അവർ കമ്പനിയെ സമീപിക്കുന്നു. അങ്ങനെ മോഷ്ടിക്കപ്പെട്ട ഉപകരണങ്ങൾ ട്രേഡിംഗ് സംവിധാനം വഴി എളുപ്പത്തിൽ വീണ്ടും വിപണിയിൽ എത്താൻ കാരണമാകുന്നത് ആപ്പിളിന്റെ നിരീക്ഷണക്കുറവാണെന്ന് പൊലീസ് ചൂണ്ടികാണിക്കുന്നു. മോഷണം പോയ ഉപകരണങ്ങളിൽ മുക്കാൽ ഭാഗവും വിദേശത്തേക്ക് കടത്താനാണ് സാദ്ധ്യത. ഇവയിൽ 28 ശതമാനം ചൈനയിലേക്കാണ് എത്തുന്നത്. പലതും പിന്നീട് സ്പെയ‌ർപാ‌ർട്സായി മാറ്റുകയാണ് ചെയ്യാറ്. റിപ്പോ‌ർട്ട് ചെയ്യുന്ന ഫോൺ മോഷണങ്ങളിൽ 80 ശതമാനവും ഐഫോണുകളാണ്.

അതേസമയം മോഷണം തടയാൻ തങ്ങൾ സ്വീകരിച്ച നടപടികളെക്കുറിച്ച് ആപ്പിൾ മുമ്പും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. പൊലീസുകാർ കേസ് ശരിയായി അന്വേഷിക്കുന്നില്ലെന്നാണ് ആപ്പിൾ ഉയർ‌ത്തുന്ന ന്യായം. പാസ്കോഡ് അറിഞ്ഞാലും മോഷ്ടാക്കൾക്ക് ഫോൺ മായ്ച്ചു കളയാൻ സാധിക്കാത്ത 'സ്റ്റോളൻ ഡിവൈസ് പ്രൊട്ടക്ഷൻ ഫീച്ചർ' കമ്പനി നടപ്പാക്കിയിട്ടുണ്ട്. കൂടാതെ ഫോൺ മോഷണം പോയതായി രജിസ്റ്റർ ചെയ്താൽ അതിന്റെ ഐഎംഇഐ നമ്പർ ഉപയോഗിക്കുന്നത് തടയുന്ന കാര്യം പരിഗണിക്കുന്നതായും ആപ്പിൾ അറിയിച്ചു. എന്നാൽ ഇതൊക്കെ ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ടെന്നും ആപ്പിൾ മുന്നറിയിപ്പ് നൽകുന്നു.