
ന്യൂഡൽഹി: മാദ്ധ്യമ മേഖലയിലെ സമഗ്ര സംഭാവനയ്‌ക്കുള്ള എട്ടാമത് ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ദേശീയ അവാർഡിന് കേരള കൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ് അർഹനായി. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയ അവാർഡ് നവംബർ 29ന് ന്യൂഡൽഹി എൻ.ഡി.എം.സി കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
ഹൃദയചികിത്സയ്‌ക്ക് ഉപയോഗിക്കുന്ന സ്റ്റെന്റിന്റെ വില നിർണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയ വി.എസ്. രാജേഷിന്റെ റിപ്പോർട്ട് രാജ്യത്തുടനീളം സ്റ്റെന്റുകളുടെ വില കുറയ്ക്കാൻ ഇടയാക്കിയിരുന്നു. ഇതടക്കം മാദ്ധ്യമ രംഗത്തെ മികവ് പരിഗണിച്ചാണ് അവാർഡെന്ന് ഫൗണ്ടേഷൻ ചെയർമാൻ ഡോ.ആർ.ബാലശങ്കർ ഡൽഹിയിൽ അറിയിച്ചു.
രാജേഷിന് ലഭിക്കുന്ന രണ്ടാമത്തെ ദേശീയ അവാർഡാണിത്. പ്രസ് കൗൺസിൽ ഒഫ് ഇന്ത്യയുടെ ദേശീയ അവാർഡ് (2018 ), ടി.വി അഭിമുഖത്തിനുള്ള നാലു സംസ്ഥാന അവാർഡുകൾ, എസ്.എസ്.എൽ സി ചോദ്യപേപ്പർ ചോർച്ച പുറത്തുകൊണ്ടുവന്നതിനുള്ള രാഷ്ട്രപതിയുടെ അവാർഡടക്കം അനവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം മണ്ണന്തല അരുവിയോട് സെന്റ് റീത്താസ് യു.പി.സ്കൂൾ അദ്ധ്യാപിക എസ്.എസ്. ദീപയാണ് ഭാര്യ. മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജ് ബി.ബി.എ വിദ്യാർത്ഥി രാജ് ദീപ് ശ്രീധർ മകനാണ്.
മറ്റു അവാർഡുകൾ: ദി ഇന്ത്യൻ എക്സ്പ്രസ് ഡെപ്യൂട്ടി എഡിറ്റർ ലിസ് മാത്യു, പി.ടി.ഐ ചീഫ് കറസ്‌പോണ്ടന്റ് ഉസ്മി അത്തർ,ചലച്ചിത്ര സംവിധായിക സാഗരി ഛബ്ര, അമദ് ഗ്രൂപ്പ് (ബഹ്റൈൻ,സൗദി അറേബ്യ) ചെയർമാൻ പമ്പവാസൻ നായർ (പ്രവാസി ഭാരതീയ മികവ്), ആർഷ വിദ്യാ സമാജം സ്ഥാപകൻ ആചാര്യ കെ.ആർ. മനോജ്, ഹരിദ്വാർ ദിവ്യ പ്രേം സേവാ മിഷൻ പ്രസിഡന്റ് ഡോ. ആശിഷ് ഗൗതം (സാമൂഹിക സേവനത്തിനുള്ള ശ്രീ ദത്തോപന്ത് തേംഗ്ടി സേവാ സമ്മാൻ), മാതൃഭൂമി ന്യൂസ് അസോസിയേറ്റ് എഡിറ്റർ ബിജു പങ്കജ് (സയൻസ് റിപ്പോർട്ടിംഗ് പ്രത്യേക അവാർഡ്).