
ലക്നൗ: പ്രണയത്തിന് ജാതിയോ പ്രായമോ തടസമല്ലെന്ന് തെളിയിക്കുന്ന സംഭവമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധയേമാകുന്നത്. സഹോദരിയുടെ 55കാരനായ ഭർത്താവിനെ വിവാഹം കഴിച്ച 18കാരിയുടെ വാർത്തയാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായത്. കുട്ടിക്കാലം മുതൽ ഇയാളെ അറിയുന്ന യുവതി 18ാം വയസിൽ എടുത്ത തീരുമാനമാണ് ചർച്ചകൾക്ക് വഴിയൊരുക്കിയത്. ഉത്തർപ്രദേശിലെ ഒരു ഉൾഗ്രാമത്തിലാണ് സംഭവം.
യുവതിയെക്കാൾ ഇരട്ടിയിലധികം പ്രായമുള്ള വ്യക്തിയോടുള്ള അഗാധ പ്രേമത്തെ തുടർന്ന് സ്വന്തം കുടുംബത്തേയും സഹോദരിയേയും അവഗണിച്ചാണ് യുവതി വിവാഹം കഴിച്ചത്. ഇവർ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
എന്റെ കണ്ണുകളിൽ കൂടി നോക്കുമ്പോൾ അദ്ദേഹത്തിന് പ്രായമായിട്ടില്ല. മറിച്ച് പക്വതയാണുള്ളതെന്ന് ഭർത്താവിനെ പിന്തുണച്ച് കൊണ്ട് യുവതി പറയുന്നു. രോഗി പരിചരണത്തിനിടെയാണ് തനിക്ക് പ്രണയം മൊട്ടിട്ടതെന്നും യുവതി വ്യക്തമാക്കി.
കുറച്ചു കാലം സഹോദരി അസുഖ ബാധിതയായിരുന്നതിനാൽ താനാണ് പാചകത്തിനും മറ്റ് സഹായങ്ങൾക്കുമായി ചേച്ചിയുടെ വീട്ടിൽ സ്ഥിരമായി പോയിരുന്നതെന്ന് യുവതി പറയുന്നു. പോകെ പോകെ സംസാരം കൂടുകയും കൂടിച്ചേരലുകൾ പതിവാകുകയും ചെയ്തതോടെ അടുപ്പം പ്രണയമായി വളരുകയായിരുന്നുവെന്നും യുവതി പറഞ്ഞു. ഒടുവിൽ വിവാഹം കഴിക്കാൻ തീരുമാനിക്കുകയും അത് നടപ്പാക്കുകയും ചെയ്തു.
പ്രായമുള്ളയാളാണെന്ന് പരിഹസിക്കുന്നവരോട് പ്രായമൊരു പ്രശ്നമെല്ലെന്നാണ് യുവതി ചിരിച്ചു കൊണ്ട് മറുപടി നൽകുന്നത്. 'എന്റെ കാഴ്ചപ്പാടിൽ അദ്ദേഹത്തിന് പ്രായം തോന്നുന്നില്ല. വെളുത്ത മുടിയല്ലെ പ്രശ്നം. മുടിക്ക് നിറം നൽകി പല്ല് വൃത്തിയാക്കിയാൽ അദ്ദേഹത്തെ കാണാൻ ഇനിയും നല്ല ചേലായിരിക്കും.
അഭിമുഖം വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. പ്രണയം അന്ധമാണെന്ന് ഒരാളുടെ കമന്റ. അളിയന് 55 വയസും നാത്തൂന് 18 വയസും ആണെങ്കിൽ മൂത്ത സഹോദരിക്ക് വയസ് എത്രയായിരിക്കുമെന്നും മറ്റൊരാൾ ചോദിച്ചു.