highcourt

കൊച്ചി: ശബരിമലയിലെ ശ്രീകോവിലിന്റെ മുഖ്യവാതിൽ സ്വർണം പൂശിയതിലും ക്രമക്കേട് നടന്നെന്ന് ഹൈക്കോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ പ്രത്യേക പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. കേസിൽ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റി നടത്തിയ ഇടപാടുകൾക്ക് ബോർഡ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും എത്ര സ്വർണം നഷ്ടമായെന്ന് കണ്ടെത്താൻ ശാസ്ത്രീയ പരിശോധന നടത്തണമെന്നും കോടതി വ്യക്തമാക്കി.

വിശ്വാസ്യതയില്ലാത്ത ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം ഉദ്യോഗസ്ഥർ വിശ്വസിച്ചതെന്തിനാണെന്നും കോടതി ചോദിച്ചു. ദേവസ്വം ബോർഡിന്റെ ഈ പ്രവർത്തനങ്ങൾ ദേവസ്വം മാന്വലിനും ഹൈക്കോടതി ഉത്തരവുകൾക്കും വിരുദ്ധമാണെന്നും കോടതി വിലയിരുത്തി. കീഴ്ശാന്തിമാരുടെ സഹായത്തോടെ ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണപ്പാളിയുടെ അളവെടുക്കാൻ നന്ദൻ ആശാരിയെ നിയോഗിച്ചെന്നും നട തുറന്നിരുന്ന സമയത്താണ് സ്വർണ്ണപ്പാളി ഇളക്കി മാറ്റി അളവെടുത്തതെന്നും കോടതി കണ്ടെത്തി. ചെന്നൈയിൽ എത്തിയ സമയത്ത് ദേവസ്വം ഉദ്യോഗസ്ഥർ പോറ്റിയുടെ ആതിഥ്യം സ്വീകരിച്ചിരുന്നോയെന്ന് അറിയിക്കണമെന്നും ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടു. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുമായി ചേർന്ന് ഉണ്ണികൃഷ്ണൻ പോറ്റി സംശയകരമായ പ്രവൃത്തികൾ നടത്തിയെന്നും കോടതി നിരീക്ഷിച്ചു.

പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്ത ദേവസ്വം ബോർഡിന്റെ മിനിട്സ് കോടതി പരിശോധിച്ചു. ജൂലായ് 28ന് ശേഷം മിനിട്സ് രേഖപ്പെടുത്തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മിനിട്സിൽ പോലും ക്രമക്കേട് നടന്നുവെന്നും കോടതി വിമർശിച്ചു. പ്രത്യേക അന്വേഷണ സംഘം ഇന്ന് രണ്ടാം അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചപ്പോഴായിരുന്നു കോടതിയുടെ പരാമർശങ്ങൾ. എഡിജിപി എച്ച് വെങ്കിടേഷ്, അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി ശശിധരൻ എന്നിവരും കോടതിയിൽ ഹാജരായി. കേസ് മൂന്നാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.