
ബീജിംഗ്: റോഡിലൂടെ മാത്രമല്ല ഇനി മുതൽ ആകാശത്തിലൂടെയും കാറുകൾ ഓടിക്കാം. യുഎസ് കമ്പനിയായ ടെസ്ലയെ പിന്നിലാക്കി പറക്കും കാറുകളുടെ ഉത്പാദനത്തിൽ മികച്ച ചുവടുവയ്പ്പ് നടത്തിയിരിക്കുകയാണ് ചൈന. ചൈനീസ് വൈദ്യുത വാഹന നിർമാതാക്കളായ എക്സ്പെംഗ് ഇൻകോർപ്പറേറ്റഡാണ് പരീക്ഷണാടിസ്ഥാനത്തില്‍ പറക്കും കാറുകള്‍ നിർമിച്ചിരിക്കുന്നത്. ലോകത്തിലെ ആദ്യത്തെ ഇന്റലിജന്റ് ഫ്ലൈയിംഗ് കാർ ഫാക്ടറിയിലാണ് ട്രയൽ പ്രൊഡക്ഷൻ നടത്തിയത്.
തെക്കൻ ചൈനയിലെ ഗ്വാങ്ഷൂവിലെ ഹുവാംഗ്‌പൂ ജില്ലയിലാണ് പറക്കും കാറുകളുടെ 1,20,000 ചതുരശ്രമീറ്റർ വിസ്തീർണമുള്ള നിർമാണശാല. പ്രതിവർഷം 10,000 പറക്കും കാറുകൾ ഇവിടെ നിർമിക്കാനാകും. ഇതിനോടകം തന്നെ 5000ത്തോളം പ്രീ ഓർഡറുകളാണ് പറക്കും കാറുകൾക്ക് ലഭിച്ചിട്ടുള്ളത്. 2026ൽ വാഹനം വിപണിയിൽ എത്തിക്കാൻ കഴിയുമെന്ന വിശ്വാസമാണ് കമ്പനിക്കുള്ളത്. അതേസമയം, റോഡിലൂടെയും ആകാശത്തിലൂടെയും ഓടിക്കാൻ കഴിയുന്ന വാഹനങ്ങളാണ് പറക്കും കാറുകൾ. ആറു ചക്രങ്ങളുള്ള ഒരു ഗ്രൗണ്ട് വെഹിക്കിളും വേർപ്പെടുത്താൻ കഴിയുന്ന ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് ബോഡിയുമാണ് എക്സ്പെംഗിന്റെ പറക്കും കാറിനുള്ളത്.
വാഹനത്തിന് ഓട്ടോമാറ്റിക്, മാനുവൽ മോഡുകളുണ്ട്. ഓട്ടോമാറ്റിക് മോഡിൽ സ്മാർട്ട് റൂട്ട് പ്ലാനിംഗും ഒറ്റ ബട്ടൺ ടേക്ക് ഓഫ്, ലാൻഡിംഗ് സംവിധാനവും ഉണ്ട്. ഏകദേശം 5.5 മീറ്റർ നീളമുള്ള ഈ വാഹനം സാധാരണ ലൈസൻസോടുകൂടി റോഡുകളിൽ ഓടിക്കാനും പാർക്ക് ചെയ്യാനും കഴിയും. പറക്കും കാറുകള്‍ പൂർത്തിയായാൽ നഗര ഗതാഗതം, യാത്രാ സമയം എന്നിവയിൽ വൻ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും. ടെസ്‌ല, അലഫ് എയറോനോട്ടിക്‌സ്, ജോബി ഏവിയേഷൻ തുടങ്ങിയ കമ്പനികളും സമാനമായ ആശയവുമായി പിന്നിലുണ്ട്. അവരെയെല്ലാം പിന്തള്ളിയാണ് ചൈനയുടെ കുതിപ്പ്.