fly

ഈച്ച ശല്യം മൂലം ബുദ്ധിമുട്ടനുഭവിക്കാത്തവർ ചുരുക്കമായിരിക്കും. വീടിന്റെ മുക്കിലും മൂലയിലും അടച്ചുവയ്ക്കാത്ത ഭക്ഷണങ്ങളിലുമൊക്കെ ഇവയെത്തുന്നു. ഇതുമൂലം പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനും സാദ്ധ്യതയുണ്ട്. അതിനാൽത്തന്നെ ഈച്ചയെ വീട്ടിൽ നിന്ന് തുരത്തുകയെന്നത് അത്യാവശ്യമാണ്.

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയെന്നതും ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയാതിരിക്കുകയും ചെയ്യുകയെന്നതാണ് ഈച്ചയെ തുരത്താനുള്ള ഏറ്റവും മികച്ച പരിഹാരം. എന്നിരുന്നാലും വീട് എത്രയൊക്കെ വൃത്തിയായി സൂക്ഷിച്ചിട്ടും ഈച്ച ശല്യം ഉണ്ടാകുന്നുവെന്ന് പരാതി പറയുന്നവരും നിരവധിയുണ്ട്. അങ്ങനെയുള്ളവർക്ക് പരീക്ഷിക്കാൻ പറ്റിയ ചില പൊടിക്കൈകളുണ്ട്.


തുളസിയുടെയും പുതിനയുടെയും മണം ഈച്ചയ്ക്ക് അസ്വസ്ഥതയുണ്ടാക്കും. തുളസിയിലയും പുതിനയും പേസ്റ്റ് രൂപത്തിലാക്കിയ ശേഷം കുറച്ച് വെള്ളം ചേർത്ത് നന്നായി യോജിപ്പിക്കുക. എന്നിട്ട് സ്‌പ്രേ ബോട്ടിലിൽ നിറച്ച് ഈച്ച ശല്യമുള്ളയിടങ്ങളിൽ സ്‌പ്രേ ചെയ്തുകൊടുത്താൽ മതി. അല്ലെങ്കിൽ കുറച്ച് തുളസിയിലയും പുതിനയും പറിച്ച് ഈച്ചയുള്ളയിടങ്ങളിൽ വച്ചുകൊടുത്താൽ മതി. ഇതുവഴി ഈച്ചയെ തുരത്താനാകും

കാപ്പിപ്പൊടി ഉപയോഗിച്ചും ഈച്ചയെ തുരത്താനാകും. ഒരു ചെറിയ പാത്രത്തിൽ കാപ്പിപ്പൊടി ഇട്ട് ഈച്ച ശല്യമുള്ളയിടത്ത് വച്ചുകൊടുക്കാം. ഓറഞ്ചിന്റെ തൊലി ഈച്ച ശല്യമുള്ളയിടങ്ങളിൽ വച്ചുകൊടുക്കുകയാണ് അടുത്ത പോംവഴി. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വീട് നന്നായി വൃത്തിയാക്കാതെ ഇതൊന്നും ചെയ്തിട്ട് കാര്യമില്ല. അതിനാൽ വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.