sa

ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ മികച്ച നടിയെ കണ്ടെത്താൻ ജൂറി കുറച്ചു ബുദ്ധിമുട്ടി. അര ഡസൻ പേരായിരുന്നു ഫൈനൽ റൗണ്ടിൽ . ഒടുവിൽ ഓരോരുത്തരുടെയും അഭിനയമികവ് ഇഴകീറി പരിശോധിച്ച് ഒരു തീരുമാനത്തിൽ എത്തി. 'ഫെമിനിച്ചി ഫാത്തിമ'യിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഷംല ഹംസ തന്നെ നടി.

'പുരുഷാധികാരത്തിന്റെയും മത പൗരോഹിത്യത്തിന്റെയും ഇടയിൽപ്പെട്ട് ഞെരുങ്ങുന്ന സ്ത്രീയുടെ സഹനങ്ങളും, സ്വാതന്ത്ര്യ പ്രഖ്യാപനവും അനുഭവിപ്പിച്ച അഭിനയമികവിനാണ് പുരസ്‌കാരം' എന്ന് ജൂറി വിലയിരുത്തി.

കുട്ടി മൂത്രമൊഴിച്ചതു കാരണം മെത്ത ഉണക്കാൻ വയ്ക്കുന്നത് മുതൽ പുതിയ മെത്ത വാങ്ങുന്നതുവരെ എത്തുന്ന സംഭവവികാസങ്ങൾ, ഒടുവിൽ സാധാരണ വീട്ടമ്മയായിരുന്ന ഫാത്തിമ , ഫെമിനിച്ചി ആയി എന്ന് ഭർത്താവ് അഷ്‌റഫ് ഉസ്താദ് തീരുമാനിക്കുന്നതാണ് 'ഫെമിനിച്ചി ഫാത്തിമ'യുടെ കഥാതന്തു.

സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിനൊടുവിൽ 'ഫെമിനിച്ചി ഫാത്തിമ' നേടിയത് രണ്ട് തിളക്കങ്ങൾ . സംവിധായകൻ ഫാസിൽ മുഹമ്മദിന് മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം.കേരള കൗമുദിയോട് ഷംല ഹംസ സംസാരിക്കുന്നു

അവാർഡ് ലഭിക്കുമെന്ന പ്രതീക്ഷ എത്രമാത്രം ഉണ്ടായിരുന്നു ?

സിനിമ കണ്ടവർ വളരെ മനോഹരംഎന്ന അഭി പ്രായം പറഞ്ഞു. സംവിധാനം കൊള്ളാം, കഥ ഇഷ്ടപ്പെട്ടു, അഭിനേതാക്കളുടേത് കൃത്രിമം ഇല്ലാത്ത അഭിനയം എന്നെല്ലാം അഭിപ്രായം കേട്ടു. ക്രിട്ടിക്സ് പുരസ്കാരം ലഭിച്ചു. ഐ.എഫ്.എഫ്.കെയ്ക്കു ശേഷംനിരവധി ചലച്ചിത്രമേളകളിൽനിന്ന് അവാർഡുകൾ .

പിന്നെ ഉറ്റുനോക്കിയത് സംസ്ഥാന അവാർഡാണ്. സിനിമയ്ക്ക് എന്തെങ്കിലും അവാർഡ് ഉണ്ടാകും. ജൂറി പരാമർശമെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. അവസാനം റൗണ്ടിൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ ഭയങ്കര സന്തോഷമായി. മികച്ച നടിയുടെ പുരസ്കാരം കിട്ടുമെന്ന പ്രതീക്ഷ അപ്പോഴും ഇല്ലായിരുന്നു. എല്ലാവരും അഭിനയമികവു കാഴ്ചവയ്ക്കന്നവർ,


രണ്ടാമത്തെ ചിത്രത്തിന് സംസ്ഥാന അവാർഡ്. അഭിനയം തുടരുമോ?

ഇനി സജീവമാകും. നല്ല വേഷങ്ങൾ കിട്ടിയാൽ ചെയ്യും.

ഫെമിനിസത്തെ കുറിച്ച് കാഴ്ചപ്പാട് എന്താണ് ?

എന്റെ കാഴ്ചപ്പാട് തികച്ചും ലളിതം ആണ് . എല്ലാവർക്കും അവരുടെ ജീവിതം ആസ്വദിക്കാനുള്ളതാണ്. ആരും മറ്റുള്ളവരെ നോക്കി സ്വന്തം ജീവിതം കളയരുത്. സ്വതന്ത്ര്യം ആസ്വദിക്കാനുള്ളതാണ്. മറ്റുള്ളവരുടെ സമ്മതങ്ങൾക്ക് വേണ്ടി കാത്തു നിൽക്കാതെ ജീവിതം ജീവിക്കുക.

 മികച്ച നടി എന്ന സംസ്ഥാന അംഗീകാരം ലഭിച്ചപ്പോൾ നാട്ടുകാരുടെ പ്രതികരണം ?

എല്ലവരും വലിയ സന്തോഷത്തിലാണ് ഒരു പാട് ആളുകൾ അഭിനന്ദനം അറിയിച്ചു.

പാലക്കാട് തൃത്താലയാണ് നാട് . വിവാഹം കഴിച്ച് വന്നത് മേലാറ്റൂർ ആണ് . പതിനൊന്നു വർഷം ദുബായിൽ ജോലി ചെയ്തു. മകൾ ജനിച്ച ശേഷമാണ് ജോലി രാജിവച്ചത്. ഭർത്താവ് സാലിഹ് ദുബായിൽ . ഉടൻ ഞാൻ അങ്ങോട്ടു പോകും.

ഫെമിനിച്ചിയിലേക്ക് ക്ഷണം വന്നത് ?

താമർ സംവിധാനം ചെയ്ത ആയിരത്തിയൊന്ന് നുണകൾ ആണ് ആദ്യ ചിത്രം. ഫെമിനിച്ചി ഫാത്തിമയുടെ നിർമ്മാതക്കളിലൊരാളാണ് താമർ . സംവിധായകൻ ഫാസിൽ മുഹമ്മദ് കഥ പറഞ്ഞപ്പോൾ തന്നെ ഇഷ്ടപ്പെട്ടു. ആസമയത്ത് മകൾ ലിസിൻ സോയിക്ക് മൂന്നു മാസമേ ആയുള്ളൂ. കുഞ്ഞിന് ആറുമാസം പ്രായമുള്ളപ്പോഴാണ് ഫെമിനിച്ചി ഫാത്തിമയിൽ അഭിനയിച്ചത്. കുഞ്ഞിനൊപ്പം ഉമ്മയെയും കൂട്ടിയാണ് പൊന്നാനിയിലെ ലൊക്കേഷനിൽ പോയത്.

സിനിമയിൽ എത്തും മുൻപത്തെ കലാജീവിതം ?

ബാപ്പ ഹംസ തൃത്താല . കലാലയകല എന്ന ട്രൂപ്പിലൂടെ നാടകത്തിൽ ബാപ്പ സജീവമായിരുന്ന സമയത്താണ് എന്റെ സ്‌കൂൾ പഠനം . തൃത്താല ഗവ. ഹൈസ്‌കൂളിലെ പഠിക്കുമ്പോൾ ഒപ്പനയിലും പാട്ടിലും സജീവമായിരുന്നു.പിന്നീട് പാട്ടെഴുത്തിലേക്ക് തിരിഞ്ഞു. പാട്ടുകൾ പാടി.

പാട്ടെഴുത്തും ആലാപനവും ഇപ്പോഴുമുണ്ടോ?

ഇപ്പോഴും എഴുതാറുണ്ട്. അതെല്ലാം യുട്യൂബിൽ ഉണ്ട് .