
റായ്‌പൂർ: ഛത്തീസ്ഗഢിലെ ബിലാസ്പൂരിൽ മെമു ട്രെയിൻ ഗുഡ്സ് ട്രെയിനിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. ഇതിൽ ആറ് പേർ സ്ത്രീകളാണ്. പരിക്കേറ്റ 20ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മെമുവിന്റെ അവശിഷ്ടങ്ങൾക്കിടെ കുടുങ്ങിക്കിടന്ന മൃതദേഹങ്ങൾ കൂടി ഉദ്യോഗസ്ഥർ പുറത്തെടുത്തു. അപകട സ്ഥലത്തുകൂടിയുള്ള ട്രെയിൻ സർവീസ് പുനരാരംഭിച്ചു. റെഡ് സിഗ്നൽ അവഗണിച്ച് മെമു മുന്നോട്ടു
പോകുകയായിരുന്നെന്നാണ് റെയിൽവേയുടെ പ്രാഥമിക നിഗമനം. പൈലറ്റ് സിഗ്നൽ മറികടന്നതെന്താണെന്നും അടിയന്തര ബ്രേക്കുകൾ ഉപയോഗിക്കാതിരുന്നതെന്തുകൊണ്ടാണെന്നും അന്വേഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. പ്രാഥമിക റിപ്പോർട്ട് അനുസരിച്ച് പാസഞ്ചർ ട്രെയിൻ റെഡ് സിഗ്നൽ മറികടന്ന് 60-70 കിലോമീറ്റർ വേഗതയിൽ ഗുഡ്സ് ട്രെയിനിൽ ഇടിച്ചുകയറുകയായിരുന്നു. മരിച്ചവരുടെ ബന്ധുക്കൾക്ക് ഛത്തീസ്ഗഢ് സർക്കാർ അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. ഗടോര, ബിലാസ്പൂർ സ്റ്റേഷനുകൾക്കിടയിൽ കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്.