harmanpreet-kaur

ഏകദിന വനിതാ ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ചരിത്ര വിജയം നേടിയത് ശരീരത്തിൽ എന്നന്നേക്കുമായി പതിപ്പിച്ച് ഇന്ത്യൻ ടീം നായിക ഹർമൻപ്രീത് കൗർ. ഇടതുകയ്യിൽ ലോകകപ്പിന്റെ ടാറ്റൂ പതിപ്പിച്ചതിന്റെ ചിത്രം പങ്കുവച്ചാണ് കൗർ പുതിയ വിശേഷം ആരാധകരെ അറിയിച്ചത്.

'എന്റെ ശരീരത്തിലും ഹൃദയത്തിലും എന്നെന്നേക്കുമായി പതിഞ്ഞിരിക്കുന്നു. ആദ്യ ദിവസം മുതൽ നിനക്കായി കാത്തിരിക്കുകയായിരുന്നു. ഇനി എല്ലാ ദിവസവും രാവിലെ ഞാൻ നിന്നെ കാണും. എന്നെന്നും നന്ദിയുള്ളവനായിരിക്കും'- എന്ന കുറിപ്പോടെയാണ് കൗർ ചിത്രം പങ്കുവച്ചത്.

ഡി.വൈ.പട്ടേൽ സ്റ്റേഡിയത്തിൽ നടന്ന ഏകദിന വനിതാ ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് കീഴടക്കിയാണ് ഹർമൻപ്രീത് കൗറും സംഘവും ചരിത്രമെഴുതിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴുവിക്കറ്റ് നഷ്‌ടത്തിൽ 298 റൺസ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 246 റൺസിന് ഇന്ത്യൻ പെൺപട തളച്ചു. ലോകകപ്പിനുള്ള 15 അംഗ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും സെമിക്ക് മുമ്പ് ഓപ്പണർ പ്രതിക റാവലിന് പരിക്കേറ്റപ്പോൾ വിളിച്ചുവരുത്തിയ ഷഫാലി വെർമ്മയുടെയും ദീപ്തി ശർമ്മയുടെയും ആൾറൗണ്ടർ പ്രകടനം ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുകയായിരുന്നു.

View this post on Instagram

A post shared by Harmann (@imharmanpreet_kaur)