
ഇന്ന് മാർക്കറ്റിൽ നിരവധി സൗന്ദര്യ സംരക്ഷണ വസ്‌തുക്കൾ ലഭ്യമാണ്. സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിന്, മുഖത്തിന്റെ തിളക്കം കൂട്ടാൻ, കരുവാളിപ്പ് മാറ്റാൻ, മുഖക്കുരു മാറാൻ തുടങ്ങിയുള്ള ഓരോ പ്രശ്നങ്ങൾക്കും പ്രത്യേകമായുള്ള ക്രീമുകൾ ഇന്ന് ലഭിക്കും. എന്നാൽ ഇവയിൽ അടങ്ങിയിരിക്കുന്ന രാസപദാർത്ഥങ്ങൾ പാർശ്വഫലങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല, ഇവയിൽ ഏത് വാങ്ങണമെന്നുള്ളതും ഒരു സംശയമാണ്.
ഫേസ് സിറം, സൺസ്ക്രീൻ തുടങ്ങി സൗന്ദര്യ സംരക്ഷണ ഉത്പ്പന്നങ്ങൾ ഇത്രയധികം പ്രചരിക്കപ്പെടുന്നതിന് മുൻപ് നാടൻ രീതികളാണ് നാം ഉപയോഗിച്ചിരുന്നത്. തമിഴ് നാട്ടിൽ പാരമ്പര്യമായി പകർന്നുവന്ന ചില നാടൻ രീതികൾ പാർശ്വ ഫലങ്ങൾ ഒഴിവാക്കുകയും എല്ലാതരം ചർമ്മങ്ങൾക്കും ഒരുപോലെ ഫലം നൽകുകയും ചെയ്യുന്നു.
1. റൈസ് വാട്ടർ ടോണർ
അരി കഴുകിയ ശേഷം വെള്ളം കളയരുത്, ഒരു സ്പ്രേ കുപ്പിയിൽ സൂക്ഷിച്ച് ടോണറായി ഉപയോഗിക്കുക. ഇത് മുഖത്തെ സുഷിരങ്ങൾ അടയ്‌ക്കുകയും മങ്ങിയ ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു. കൂടാതെ ചർമ്മം മിനുസമുള്ളതും തിളക്കമുള്ളതുമായി നിലനിർത്തുന്നു.
2. കടല മാവും റോസ് വാട്ടർ ക്ലെൻസറും
മുഖം കഴുകാനായി ഇന്ന് പലരും ഫേസ്‌വാഷുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഒരു സ്‌പൂൺ കടലമാവിൽ റോസ്‌വാട്ടർ കലർത്തി മുഖത്ത് പുരട്ടിയ ശേഷം മുഖം കഴുകുന്നത് ചർമ്മത്തിലെ എണ്ണമയം നീക്കം ചെയ്യുകയും, മൃദുവായി നിലനിർത്തുകയും ചെയ്യുന്നു. എല്ലാ തരം ചർമ്മങ്ങൾക്കും അനുയോജ്യമായ ഒരു സൗന്ദര്യവർദ്ധക രീതിയാണിത്. അതിശയകരമാംവിധമുള്ള മാറ്റം നൽകുന്നതാണ് ഈ രീതി.
3. കറ്റാർ വാഴയിൽ നിന്ന് ഹൈഡ്രേഷൻ മാസ്ക്
സൂര്യപ്രകാശം ഏൽക്കുമ്പോൾ മങ്ങുന്ന ചർമ്മത്തിന് ഈ മിശ്രിതം കൂടുതൽ ഗുണം നൽകുന്നു. കറ്റാർ വാഴയുടെ നീര് മൂന്ന് തുള്ളി വെളിച്ചെണ്ണയിൽ കലർത്തി 15 മിനിറ്റ് പുരട്ടി ഇളം ചൂടുള്ള വെള്ളത്തിൽ മുഖം കഴുകുന്നത് ചർമ്മത്തിന് തിളക്കവും പോഷണവും നൽകുന്നു.
4. മഞ്ഞൾ തൈര് ഗ്ലോ പായ്ക്ക്
ചർമ്മം ക്ഷീണം തോന്നുന്ന സമയങ്ങളിൽ ഈ ഗ്ലോപാക്ക് വളരെ ഉപകാരപ്രദമാണ്. ഒരു നുള്ള് മഞ്ഞൾ ഒരു സ്പൂൺ കട്ടിയുള്ള തൈരിൽ കലർത്തി മുഖത്ത് എല്ലായിടത്തും ഒരുപോലെ പുരട്ടുക. പത്ത് മിനിറ്റിനുള്ളിൽ, ക്ഷീണം മാറി ചർമ്മം മൃദുവും തിളക്കമുള്ളതുമായി മാറും. മഞ്ഞൾ മുഖചർമ്മത്തിലുള്ള അണുക്കളെ ചെറുക്കുന്നു, തൈര് സ്വാഭാവികതയും മൃദുത്വവും നിലനിർത്തി തിളക്കം നൽകുന്നു.
5. മുഖക്കുരുവിന് വേപ്പില പേസ്റ്റ്
മുഖക്കുരു വരുമ്പോൾ വേപ്പില ഒരു നല്ല പരിഹാരമാണ്. കുറച്ച് വേപ്പില വെള്ളത്തിൽ അരച്ച് മുഖക്കുരുവിന് മുകളിൽ പുരട്ടുക. ഇത് ചർമ്മത്തെ തണുപ്പിക്കുകയും ചുവന്ന പാടുകൾ കുറയ്ക്കുകയും മുഖക്കുരു ഇല്ലാതാക്കുകയും ചെയ്യുന്നു.