gold

തിരുവനന്തപുരം: ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തിലെ ഇന്നത്തെ വില 89,800 രൂപയാണ്. പണിക്കൂലി ഉള്‍പ്പെടെയുള്ളവകൂടി ചേരുമ്പോള്‍ ജൂവലറികളില്‍ നിന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ ഒരു ലക്ഷം രൂപയ്ക്ക് അടുത്ത് വരെ നല്‍കണം. സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് ഈ വില വര്‍ദ്ധനവിന്റെ കാലത്തും ആളുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതിന് പിന്നില്‍. ഓരോ ദിവസവും വില വര്‍ദ്ധിക്കുന്നതിനാല്‍ വാങ്ങി മാസങ്ങള്‍ക്കുള്ളില്‍ മറിച്ച് വിറ്റാല്‍ പോലും കിട്ടുന്നത് മുഴുവന്‍ ലാഭമാണ്.

ഒരവസരത്തില്‍ 95,000 കടന്ന് പോയ സ്വര്‍ണ വില ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തുകയാണ്. വിലയില്‍ വരുന്ന ഏറ്റക്കുറച്ചില്‍ സ്വര്‍ണം പണയം വച്ചവരെ ബാധിക്കുമോ എന്നതാണ് പ്രധാനമായും ഉയരുന്ന സംശയം. അതുപോലെ തന്നെ വിലയില്‍ ഇപ്പോള്‍ കുറവ് രേഖപ്പെടുത്താന്‍ തുടങ്ങിയത് എത്രത്തോളം വിലയിടിവിലേക്ക് വരെ എത്തുമെന്നതും മറ്റൊരു പ്രധാന സംശയമാണ്. സ്വര്‍ണ വിലയില്‍ കുറവ് വന്നാല്‍പ്പോലും വില 70,000 മുതല്‍ 80000 വരെ നില്‍ക്കാനാണ് സാദ്ധ്യതയെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

ലോകത്ത് ഇനി ഖനനം ചെയ്യാന്‍ ബാക്കിയുള്ളത് വെറും 54,000 ടണ്‍ സ്വര്‍ണം മാത്രമാണ്. ഇതുവരെ 2.14 ലക്ഷം ടണ്‍ ഖനനം ചെയ്ത് എടുത്ത് കഴിഞ്ഞു. അവശേഷിക്കുന്ന അളവ് ഖനനം ചെയ്‌തെടുക്കാന്‍ പരമാവധി 10 മുതല്‍ 15 വര്‍ഷം വരെ മാത്രം മതിയാകും. അതുതന്നെയാണ് വിലയില്‍ ഇനി വലിയൊരു ഇടിവ് സംഭവിക്കില്ലെന്നതിന് കാരണമായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്ന കാര്യം. ലോകത്തിലെ വിവിധ ബാങ്കുകള്‍ കരുതല്‍ ശേഖരമായി സ്വര്‍ണം വര്‍ദ്ധിപ്പിക്കുന്നതിന് കാരണവും മറ്റൊന്നല്ല.

ബാങ്കുകള്‍ സ്വര്‍ണ ശേഖരം വര്‍ദ്ധിപ്പിക്കുന്നത് കൊണ്ട് തന്നെ സ്വര്‍ണ പണയ മേഖലയില്‍ വലിയ തിരിച്ചടിയുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. വിലയില്‍ ചെറിയ വ്യതിയാനം ഉണ്ടായേക്കാമെന്നല്ലാതെ വലിയ കുറവിനുള്ള സാദ്ധ്യതകള്‍ തള്ളിക്കളയുന്നത് തന്നെയാണ് സ്വര്‍ണ വായ്പകളെടുക്കുന്നവര്‍ക്ക് ആശ്വാസമാകുന്നത്. അതുകൊണ്ട് തന്നെ സ്വര്‍ണ വായ്പകളില്‍ ഇത് വെല്ലുവിളിയാകില്ലെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നതിന് കാരണമിതാണ്.