തളിപ്പറമ്പ്: പന്നിയൂരിൽ വീട്ടിൽ നിന്ന് 12.42 ലക്ഷം രൂപയുടെ സ്വർണവും 27,000രൂപയും കവർച്ച ചെയ്തു. പള്ളി വയലിലെ പന്നിയൂർ എ.എൽ.പി സ്‌കൂളിന് സമീപത്തെ ചപ്പൻകത്ത് വീട്ടിൽ സി. റഷീദയുടെ വീട്ടിലാണ് കവർച്ച നടന്നത്. ഒക്ടോബർ 17ന് രാവിലെ പത്ത് മണിക്കും കഴിഞ്ഞ രണ്ടിന് രാവിലെ 9.30നും ഇടയിലുള്ള സമയത്താണ് കവർച്ച നടന്നതെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

കഴിഞ്ഞ 17ന് രാവിലെ വീട്ടുകാർ അലമാര തുറന്ന് അതിൽ നിന്ന് ഒരു സ്വർണാഭരണം മറ്റൊരു ആവശ്യത്തി
നായി എടുത്തിരുന്നു. അതിനുശേഷം കഴിഞ്ഞ രണ്ടാം തീയതി അലമാര തുറന്നപ്പോഴാണ് അലമാരക്കകത്ത് സ്വർണാഭരണം സൂക്ഷിച്ച ചെറിയ ബോക്സ് ഏതോ ഉപകരണം കൊണ്ട് കുത്തി തുറന്നനിലയിൽ കാണപ്പെട്ടത്.
തുടർന്ന് പരിശോധിച്ചപ്പോഴാണ് അതിനകത്ത് സൂക്ഷിച്ച 3.5 പവനും 4.5 പവനും തൂക്കം വരുന്ന രണ്ട് മാലകൾ 1.5 പവൻ
തൂക്കം വരുന്ന ഒരു മാലയും രണ്ട് പവൻ തൂക്കം വരുന്ന വളയും ഒരു പവനിലധികം തൂക്കം വരുന്ന കൈച്ചെയിനും
അരപ്പവന്റെ മോതിരവും അരപ്പവനോളം തൂക്കം വരുന്ന രണ്ട് ജോഡി കമ്മലും 2000 രൂപയും നഷ്ടപ്പെട്ടതായി മനസിലായത്. മറ്റൊരു കിടപ്പുമുറിയിലെ അലമാര യിൽ സൂക്ഷിച്ച 25,000രൂപയും കവർച്ച ചെയ്യപ്പെട്ടിരുന്നു.

കിടപ്പ് മുറിയിലെ അലമാരയുടെ താക്കോൽ മറ്റൊരു അലമാരക്ക് അരികെയാണ് വെച്ചിരുന്നത്. അതെടുത്താണ് അലമാര തുറന്നത്. അലമാരക്കകത്തെ ചെറിയ ബോക്സിന്റെ താക്കോൽ അകത്തെ മുറിയിലുണ്ടായിരുന്നു. എന്നാൽ അത് എടുക്കാതെ ബോക്സ് തിക്കിത്തുറക്കുകയായിരുന്നു. റഷീദയുടെ ഭർത്താവ് ബി. മുസ്തഫ രോഗബാധിതനായി കിടപ്പിലാണ്. അതിനാൽ അദ്ദേഹത്തെ സന്ദർശിക്കാൻ ബന്ധുക്കൾ ഉൾപ്പെടെ നിരവധി പേർ വീട്ടിൽ എത്താറുണ്ട്.