hockey-india

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ താരങ്ങളുമായി ഹസ്തദാനം ചെയ്യുന്ന രീതി തുടരുമെന്ന് ഹോക്കി ഇന്ത്യ. അന്താരാഷ്ട്ര മത്സരങ്ങളില്‍ എതിര്‍ ടീമിലെ താരങ്ങള്‍ക്ക് കൈകൊടുക്കുന്ന രീതി പാകിസ്ഥാനുമായിട്ടും തുടരുമെന്നാണ് ഹോക്കി ഇന്ത്യ അറിയിച്ചത്. മലേഷ്യയില്‍ നടന്ന സുല്‍ത്താന്‍ ജോഹര്‍ കപ്പിലെ മത്സരത്തില്‍ ഇരുടീമിലെയും അംഗങ്ങള്‍ ഹസ്തദാനം നടത്തിയത് വിവാദമായ പശ്ചാത്തലത്തിലാണ് അധികൃതരുടെ വിശദീകരണം.

കളിനിയമത്തിനും മൂല്യങ്ങള്‍ക്കും അനുസൃതമായി മാത്രമേ തങ്ങള്‍ പ്രവര്‍ത്തിക്കൂവെന്നാണ് ഹോക്കി ഇന്ത്യ വ്യക്തമാക്കിയത്. നേരത്തെ പുരുഷന്‍മാരുടെ ഏഷ്യ കപ്പിലും വനിതകളുടെ ലോകകപ്പിലും ഇന്ത്യന്‍ താരങ്ങള്‍ പാക് താരങ്ങളുമായി ഹസ്തദാനം നടത്തിയിരുന്നില്ല. ഏഷ്യ കപ്പ് ഫൈനലില്‍ പാകിസ്ഥാന്‍ മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനുമായ മുഹ്‌സിന്‍ നഖ്വിയില്‍ നിന്ന് വിജയികള്‍ക്കുള്ള കിരീടം ഏറ്റുവാങ്ങാനും ഇന്ത്യ തയ്യാറായിരുന്നില്ല.

'ഞങ്ങളെ ഭരിക്കുന്നത് ക്രിക്കറ്റല്ല. ക്രിക്കറ്റ് താരങ്ങള്‍ എന്തുചെയ്താലും അത് അവരുടെ തീരുമാനമാണ്. ഒളിമ്പിക് ചാര്‍ട്ടറും അന്താരാഷ്ട്ര ഹോക്കി ഫെഡറേഷനും നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങളാണ് ഞങ്ങള്‍ പിന്തുടരുന്നത്. ഹസ്തദാനമോ പരസ്പരം കൈയടിക്കുന്നതോ (ഹൈ-ഫൈവ്) ഒഴിവാക്കാന്‍ ഹോക്കി ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ല. ഭാവി മത്സരങ്ങളിലും അത്തരത്തില്‍ എന്തെങ്കിലും നിര്‍ദേശം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല. മൈതാനത്ത് ഇറങ്ങി കളിക്കാനും വിജയം പിടിക്കാനുമാണ് താരങ്ങളോട് പറയാറുള്ളത്'' -ഹോക്കി ഇന്ത്യ സെക്രട്ടറി ഭോലനാഥ് സിംഗ് പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.