
ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെയുള്ള രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും അതുപോലെ തന്നെ വന്‍ നഗരങ്ങളിലും നിര്‍മാണ മേഖലയുടെ കരുത്താണ് അന്യസംസ്ഥാന തൊഴിലാളികള്‍. ഇവരില്‍ നല്ലൊരു പങ്കും വരുന്നത് ബീഹാറില്‍ നിന്നാണ്. ബിഹാറില്‍ രണ്ട് ഘട്ടങ്ങളിലായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ ലക്ഷക്കണക്കിന് ബീഹാറികളാണ് നാട്ടിലേക്ക് മടങ്ങുന്നത്. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബീഹാറിലേക്കുള്ള ട്രെയിനുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നതും.
ഡല്‍ഹി, മുംബയ്, കൊല്‍ക്കത്ത, പഞ്ചാബ്, ഗുജറാത്ത്, തുടങ്ങിയിടങ്ങളില്‍ നിന്ന് പട്ന ജംഗ്ഷനില്‍ എത്തുന്ന മിക്ക ട്രെയിനുകളിലും കാലുകുത്താന്‍ ഇടമില്ലാത്ത അവസ്ഥയാണ്. 13.7 കോടിയാണ് ബീഹാറിലെ ജനസംഖ്യ. ഇതില്‍ മൂന്ന് കോടിയോളം ആളുകള്‍ സ്വന്തം സംസ്ഥാനമായ ബീഹാര്‍ വിട്ട് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ തൊഴില്‍ തേടി കുടിയേറിയെന്നാണ് കണക്കുകള്‍. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ഇതില്‍ നല്ലൊരു വിഭാഗം ആളുകള്‍ പോകുന്നതാണ് ഇപ്പോഴത്തെ തിരക്കിന് കാരണം.
തിങ്കളാഴ്ച 32 പ്രത്യേക ട്രെയിനുകളാണ് സര്‍വീസ് നടത്തിയതെന്ന് ഉത്തരമേഖല റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ ഹിമാംശു ശേഖര്‍ ഉപാധ്യായ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നിന്നാണ് എട്ട് ട്രെയിനുകള്‍ ബീഹാറിലേക്ക് പുറപ്പെട്ടത്. ആറെണ്ണം ആനന്ദ് വിഹാര്‍ ടെര്‍മിനലില്‍ നിന്നും എട്ടെണ്ണം ഡല്‍ഹി ജംഗ്ഷനില്‍ നിന്നും രണ്ടെണ്ണം വീതം ഷാകൂര്‍ ബസ്തി, ഹസ്രത് നിസാമുദ്ദീന്‍ എന്നിവിടങ്ങളില്‍ നിന്നും പുറപ്പെട്ടു.
മൂന്നെണ്ണം പാനിപത്തില്‍ നിന്നും ഓരോന്ന് വീതം ഷംലി, ഗാസിയാബാദ്, റോഹ്തക് എന്നിവിടങ്ങളില്‍ നിന്നും പുറപ്പെട്ടു. ഇതിന് പുറമെ ആറ് പ്രത്യേക ട്രെയിനുകള്‍ ഡല്‍ഹി മേഖലയില്‍ കൂടി കടന്ന് പോകുന്നുണ്ട്. ഇത്രയും അധികം തൊഴിലാളികള്‍ വോട്ട് ചെയ്യാനായി നാട്ടിലേക്ക് മടങ്ങിയെത്തുന്നതിന് വലിയ പ്രതീക്ഷയോടെയാണ് ഇരു മുന്നണികളും നോക്കി കാണുന്നത്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ തൊഴിലാളികളെ ലക്ഷ്യമിട്ട് നിരവധി പ്രഖ്യാപനങ്ങളാണ് രണ്ട് മുന്നണികളും നടത്തിയിട്ടുള്ളതും.