
പാട്‌ന: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ അഞ്ചരയോടെ വിവിധ ബൂത്തുകളിലായി മോക്ക് പോളിംഗ് നടന്നിരുന്നു. വൈകിട്ട് അഞ്ചുവരെയാണ് പോളിംഗ്. 243ൽ 121 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ബാക്കി 122 സീറ്റുകളിലേക്ക് നവംബർ 11നാണ് വോട്ടെടുപ്പ്. 14ന് വോട്ടെണ്ണും. 18 ജില്ലകളിലായി 3.75 കോടി വോട്ടർമാരാണ് ആദ്യഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തുക. ബീഹാറിലെ 18 മന്ത്രിമാരും മത്സരരംഗത്തുണ്ട്.
രണ്ട് ഘട്ടങ്ങളിലായി 2616 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇന്ത്യാ സഖ്യം മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്ന തേജസ്വി യാദവ് മത്സരിക്കുന്ന മണ്ഡലമായ രാഘോപൂർ, ബിജെപിയുടെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി മത്സരിക്കുന്ന താരാപുർ ഉൾപ്പെടെ 121 മണ്ഡലങ്ങളിലായി 1,314 പേരാണ് മത്സരരംഗത്തുള്ളത്. 122 പേർ സ്ത്രീകളും ജൻ സുരാജ് പാർട്ടിക്കുവേണ്ടി ഭോറയിൽ നിന്ന് മത്സരിക്കുന്ന പ്രീതി കിന്നാർ ട്രാൻസ്ജെൻഡറുമാണ്. കനത്ത സുരക്ഷയാണ് മണ്ഡലങ്ങളിൽ ഒരുക്കിയിരിക്കുന്നത്. സമഗ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) നടത്തി തയാറാക്കിയ പട്ടികയാണ് വോട്ടെടുപ്പിന് ഉപയോഗിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച്, വോട്ടെടുപ്പ് നടക്കുന്ന 121 സീറ്റുകളിൽ ഏറ്റവും കൂടുതൽ വോട്ടർമാരുളളത് ദിഘയിലാണ്, ഏകദേശം 4.58 ലക്ഷം വോട്ടർമാരാണ് ഇവിടെയുളളത്. അതേസമയം ഏറ്റവും കുറവ് വോട്ടർമാരുളളത് ഷേഖ് പുര ജില്ലയിലെ ബാർബിഘയിലാണ്. 2.32 ലക്ഷം വോട്ടർമാരാണ് ഇവിടെയുളളത്.