
ഭക്ഷണം കണ്ടുകഴിക്കണം, എന്നാലേ ശരിക്കും ആസ്വദിക്കാൻ പറ്റൂ. തൊണ്ണൂറ്റഞ്ചുശതമാനം ജനങ്ങളുടെയും വിശ്വാസം ഇതാണ്. എന്നാൽ മുന്നിലിരിക്കുന്നത് എന്താണെന്ന് കാണാതെ അതിന്റെ ഗന്ധം മാത്രം ആസ്വദിച്ച് നാവിലേക്ക് വയ്ക്കുമ്പോഴാണ് ആ ഭക്ഷണത്തിന്റെ യഥാർത്ഥ രുചി അറിയുന്നതെന്നാണ് ചിലർ പറയുന്നത്. അതാണ് ഡാർക്ക് ഡൈനിംഗ്. വിദേശങ്ങളിൽ പലയിടങ്ങളിലും ഇക്കാര്യം പ്രചരിപ്പിക്കുന്നതിനായി പ്രത്യേക റസ്റ്റോറന്റുകളുമുണ്ട്. പേരുസൂചിപ്പിക്കുംപോലെ കുറ്റാക്കുറ്റിരിട്ടത്തിരുന്നാണ് ഡാർക്ക് ഡൈനിംഗിൽ ഭക്ഷണം കഴിക്കുന്നത്.
യൂറോപ്പിൽ 1990കളുടെ അവസാനത്തിൽ പാരീസിലാണ് ഡാർക്ക് ഡൈനിംഗ് ആദ്യമായി നിലവിൽ വന്നതെന്നാണ് കരുതുന്നത്. സൂറിച്ചിലാണ് ഇത്തരത്തിലുള്ള ആദ്യ റസ്റ്റോറന്റ് ആരംഭിച്ചത്. കാഴ്ച വൈകല്യമുള്ളവരോട് സഹാനുഭൂതി വളർത്തുന്നതിനുവേണ്ടിയാണ് ഡാർക്ക് ഡൈനിംഗ് ആരംഭിച്ചതെന്ന് അഭിപ്രായമുണ്ട്. എന്നാൽ അതല്ലെന്നും ഭക്ഷത്തിന്റെ സൂക്ഷ്മതകളെ കുറച്ചുകൂടി ആഴത്തിൽ ആസ്വദിക്കുന്നതിനും വിലമതിക്കുന്നതിനുംവേണ്ടി രൂപപ്പെടുത്തിയ ഒരു ആശയം എന്നാണ് മറ്റുചിലർ ഡാർക്ക് ഡൈനിംഗിനെ വിലയിരുത്തുന്നത്. വെളിച്ചത്തിന്റെ പൂർണമായ അഭാവം രുചി, മണം, സ്പർശം എന്നിവയുടെ മൂർച്ചകൂട്ടുന്നു എന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
ഡാർക്ക് ഡൈനിംഗ് നടത്തിയാലോ?
പൂർണമായ ഇരുട്ടിത്തിരുന്ന് ഭക്ഷണം കഴിക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെങ്കിലും ഓരോ റെസ്റ്റോറന്റിനും അവരുടേതായ രീതികളുണ്ട്. അതിനനുസരിച്ചുവേണം കഴിക്കേണ്ടത്. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഒരു ഇലക്ട്രോണിക് ഉപകരണങ്ങളും ഇവിടെ അനുവദനീയമല്ല. ഉള്ളിലേക്ക് കടക്കുന്നതിനുമുമ്പ് അവയെല്ലാം റിസപ്ഷനിൽ ഏൽപ്പിക്കണം. അവിടെയുള്ള വിഭവങ്ങൾ എന്തൊക്കെയാണെന്ന് ജീവനക്കാർ റിസപ്ഷനിൽ നിന്നുതന്നെ വിവരിച്ചുതരും. ഭക്ഷണം കൊണ്ടുവരുന്ന അവസരത്തിൽപ്പോലും ഒരുതരി വെളിച്ചംപോലും ഉണ്ടാകില്ലത്രേ. കാഴ്ചവൈകല്യമുളളവരായിരിക്കും ഇവിടങ്ങളിലെ ജീവനക്കാരിൽ കൂടുതലും. മുന്നിലെ മേശയിൽ ഇരിക്കുന്നത് എന്താണെന്ന് കാണാതെ ആസ്വദിച്ച് കഴിക്കാം. മനസും വയറും നിറയുന്നതുവരെ വിഭവങ്ങൾ വിളമ്പും.
ചിലയിടങ്ങളിൽ അല്പം സാഹസികത മേമ്പൊടിയായി ചേർത്തിട്ടുണ്ടാവും. കണ്ണിൽ കുത്തിയാൽ അറിയാത്ത ഇരുട്ടാണെങ്കിലും കൂടുതൽ ഇരുട്ടുണ്ടാക്കുന്നതിനായി കണ്ണുകൾ കറുത്ത തുണികൊണ്ട് മൂടിക്കെട്ടും. എന്നിട്ടുവേണം ഭക്ഷണം കഴിക്കാൻ. വായും കൈയും കൂട്ടുകാരാണെന്നാണല്ലോ പണ്ടുമുതലേ പറയുന്നത്. അതിനാൽത്തന്നെ എത്രവലിയ ഇരുട്ടായാലും ഭക്ഷണം കൃത്യമായി വായിൽത്തന്നെയെത്തുമെന്നകാര്യത്തിൽ ഒരു സംശയവും വേണ്ട. ചിലപ്പോൾ ചില അബദ്ധങ്ങളൊക്കെ പറ്റുമെങ്കിലും അതൊന്നും ആരും കാര്യമാക്കാറില്ല.
തടികുറയ്ക്കാനും ബെസ്റ്റ്
പാത്രത്തിൽ ഒരുപാടുഭക്ഷണം കണ്ടാലേ പലർക്കും കണ്ണുനിറയൂ. അതെല്ലാം വാരിവലിച്ചുതിന്നുകയും ചെയ്യും. എന്നാൽ ഡാർക്ക് ഡൈനിംഗിൽ ഇങ്ങനെയൊരു പ്രശ്നം ഉണ്ടാവില്ല.ശരിക്കും വയറുനിറയുമ്പോൾ ഭക്ഷണം മതിയാക്കും. ഇത് ഒരിക്കലും അമിതമാകില്ല. അതിനാൽ അമിതഭക്ഷണം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ പൂർണമായി ഇല്ലാതാക്കാം. ഭക്ഷണം ആർത്തിയോടെ വാരിവിഴുങ്ങുന്നതിനുപകരം നന്നായി ചവച്ചരച്ചായിരിക്കും കഴിക്കുക. ഇതും കൂടുതൽ ഭക്ഷണം കഴിക്കുന്നതിൽ നിന്ന് തടയും. ഡാർക്ക് ഡൈനിംഗിൽ ഭക്ഷണം കഴിക്കാൻ കുറഞ്ഞത് ഒരുമണിക്കൂറെങ്കിലും എടുക്കും. ഒരുമണിക്കൂർ വ്യായാമം ചെയ്യുന്നതിന് സമാനമായമായ ഗുണമായിരിക്കും ഒരാൾക്ക് ലഭിക്കുക എന്നാണ് റസ്റ്റോറന്റ് ഉടമകൾ പറയുന്നത്.