prem-nazir

വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും നടി മിസ് കുമാരിയുടെ മരണത്തിനുപിന്നിലെ യഥാർത്ഥ കാരണം ഇതുവരെയായിട്ടും പുറത്തുവന്നിട്ടില്ല. 1954ൽ റിലീസ് ചെയ്ത് നീലക്കുയിലെന്ന ചിത്രത്തിലെ നായികയായിരുന്നു മിസ് കുമാരി. ഒരുകാലത്ത് മലയാളത്തിലെ പഴയകാല പ്രമുഖ നടിമാരുടെ കൂട്ടത്തിൽ ഇടംപിടിച്ചിരുന്ന മിസ് കുമാരിയുടെ ജീവിതം പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് നടിയുടെ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങൾ യൂട്യൂബ് ചാനലിലൂടെ പറഞ്ഞിരിക്കുകയാണ്.

'മലയാളത്തിൽ ആദ്യമായി താരറാണിയെന്ന പദവി സ്വന്തമാക്കിയ നടിയാണ് മിസ് കുമാരി. മലയാളത്തിന് ആദ്യമായി ദേശീയപുരസ്‌കാരം ലഭിച്ച നീലക്കുയിലെന്ന ചിത്രത്തിലെ നായികയാണ് മിസ് കുമാരി. ചിത്രം വിജയിച്ചതോടെ മിസ് കുമാരിയെ വച്ച് പുതിയ സിനിമ ചെയ്യാൻ സംവിധായകരും നിർമാതാക്കളും മത്സരിച്ചിരുന്നു. നല്ല തങ്കയെന്ന ചിത്രത്തിൽ മിസ് കുമാരിയുടെ നായകനായി അഭിനയിച്ചത് ഗായകൻ യേശുദാസിന്റെ പിതാവായ അഗസ്​റ്റ്യൻ ജോസഫാണ്. പിന്നീട് അൻപതോളം സിനിമകളിൽ അവർ നായികയായി. പ്രേം നസീറിന്റെ പ്രിയ നായികയായും അവർ തിളങ്ങി.

കൂടുതൽ ചിത്രങ്ങളിലും മിസ് കുമാരി ദുഃഖം നിറഞ്ഞ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പേരുകൊണ്ടും പ്രശസ്തികൊണ്ടും കത്തിജ്വലിച്ചുനിന്ന സമയത്തായിരുന്നു മിസ് കുമാരിയുടെ വിവാഹം. കൊച്ചി സ്വദേശിയായ ഹോർമിസ് തലിയാത്തിനെയാണ് അവർ വിവാഹം ചെയ്തത്. വിവാഹത്തിനുശേഷം അവർ പൂർണമായും വീട്ടമ്മയായി മാറി. അവർക്ക് മൂന്ന് ആൺകുട്ടികളും ജനിച്ചു. ഒരിക്കൽ കുട്ടികളെ സ്‌കൂളിൽ അയച്ചതിനുശേഷം തിരികെ റോഡിലൂടെ നടന്ന മിസ് കുമാരിയെ പ്രേം നസീർ കണ്ടു. താൻ അധികമായി മേക്കപ്പ് ചെയ്യാറില്ലെന്നാണ് അന്ന് മിസ് കുമാരി പ്രേം നസീറിനോട് പറഞ്ഞു.

വിവാഹശേഷം മിസ് കുമാരി സന്തോഷവതിയായിരുന്നില്ലെന്നാണ് സിനിമയിലുളളവർ പറയുന്നത്. സിനിമാക്കാർ നടിയെ കാണാൻ വീട്ടിലെത്തുന്നത് ഭർത്താവിന് ഇഷ്ടമായിരുന്നില്ല. താങ്ങാൻ കഴിയാത്ത അഗാധമായ ദുഃഖം അവരെ അലട്ടിയിരുന്നു. മലയാള സിനിമയിലെ ദുരൂഹമരണത്തിന് തുടക്കം കുറിച്ചത് മിസ് കുമാരിയായിരുന്നു. കടുത്ത വയറുവേദനയെ തുടർന്നാണ് മിസ് കുമാരിയെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേയ്ക്കും അവർ മരിച്ചിരുന്നു. 37-ാം വയസിലാണ് മിസ് കുമാരി മരിച്ചത്. നടി ജീവനൊടുക്കിയതാണോ കൊന്നതാണോയെന്ന സംശയം ഉയർന്നുവന്നു. ഒരുവർഷത്തിനുശേഷം മിസ് കുമാരിയുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്​റ്റ്‌മോർട്ടം ചെയ്യുകയായിരുന്നു.

അതിൽ പങ്കെടുത്ത ഫോട്ടോ​​ഗ്രാഫർ പിന്നീട് വെളിപ്പെടുത്തിയത് നടിയുടെ മൃതദേഹം അഴുകിയിട്ടില്ലായിരുന്നുവെന്നും അതിനുള്ള കാരണം അവരുടെ ഉള്ളിൽ കീടനാശിനി ഉണ്ടായിരുന്നുവെന്നതുമാണ്. വയർ തുറന്നപ്പോൾ കീടനാശിനിയുടെ മണം വന്നിരുന്നുവെന്നും ഫോട്ടോ​​ഗ്രാഫർ വെളിപ്പെടുത്തിയിരുന്നു. അവരുടെ മരണം കൊലപാതകമാണോയെന്ന് ഇന്നും തെളിയിക്കപ്പെട്ടിട്ടില്ല'- ആലപ്പി അഷ്‌റഫ് പറഞ്ഞു.