
പാട്ന: ബീഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറ്. ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. സ്വന്തം മണ്ഡലമായ ലഖിസാരയിൽ വച്ചാണ് ആക്രമണം ഉണ്ടായത്. ഇന്ന് ഉച്ചയോടെയാണ് ജനക്കൂട്ടം അദ്ദേഹത്തിന്റെ വാഹന വ്യൂഹം തടയുകയും കല്ലുകളും ചെരുപ്പുകളും എറിയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തത്.
ആക്രമണത്തിന് പിന്നിൽ ആർജെഡി ഗുണ്ടകളെന്നാണ് സിൻഹയുടെ ആരോപണം. വോട്ടെടുപ്പ് ദിനത്തിൽ പോളിംഗ് ബൂത്തുകൾ സന്ദർശിക്കാൻ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. അതേസമയം നാട്ടുകാരുടെ പ്രതിഷേധമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും പൊലീസ് അറിയിച്ചു.
ബിജെപിയുടെ പോളിംഗ് ഏജന്റുമാരെ ആർജെഡി ഭീഷണിപ്പെടുത്തിയെന്ന ആരോപണവും പൊലീസ് തള്ളി. അതേസമയം, ബീഹാറിൽ എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നും, തങ്ങൾ അവരുടെ നെഞ്ചിലൂടെ ബുൾഡോസർ ഓടിക്കമെന്നും സംഭവത്തിന് ശേഷം രോഷാകുലനായി അദ്ദേഹം പറഞ്ഞു. ചില ബൂത്തുകളിൽ ബൂത്ത് പിടിച്ചെടുക്കലും നടന്നതായി സിൻഹ ആരോപണം ഉയർത്തി. എന്നാൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് പറഞ്ഞ പൊലീസുകാരനോടും സിൻഹ ക്ഷുഭിതനായി.
പൊലീസ് ഉദ്യോഗസ്ഥന്റെ പരാമർശങ്ങളാണ് സിൻഹയെ രോഷം കൊള്ളിച്ചത്. ജില്ലാ പൊലീസ് മേധാവിയെ പേടി തൊണ്ടനെന്നും കഴിവില്ലാത്തവനെന്നുമാണ് ഉപമുഖ്യമന്ത്രി വിളിച്ചു. പ്രതിഷേധക്കാർ ഉപമുഖ്യമന്ത്രിയെ അകത്തുകടത്താൻ അനുവദിക്കുന്നില്ലെന്നും ഭരണകൂടത്തിന് തന്നെ നാണക്കേടായെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.
ലഖിസാരായിയിൽ നിന്നുള്ള സിറ്റിംഗ് എംഎൽഎയായ സിൻഹ കോൺഗ്രസിന്റെ അമരേഷ് കുമാറിനെതിരെയാണ് മത്സരിക്കുന്നത്. ജൻ സുരാജ് പാർട്ടിയുടെ സൂരജ് കുമാറും മത്സരത്തിലുണ്ട്. സംഭവത്തിന് പിന്നാലെ നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും പ്രശ്‌നമുണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ബീഹാർ പൊലീസ് മേധാവിയോട് നിർദ്ദേശിച്ചു.