hut

യാത്ര പോകാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ചിലർ പുതിയ കാഴ്ചകൾ തേടി യാത്ര ചെയ്യും. ചിലർ പുതിയ സംസ്‌കാരങ്ങളും അനുഭവങ്ങളും തേടി യാത്ര ചെയ്യും. മറ്റു ചിലർ പുതിയ രുചികൾ തേടി യാത്രചെയ്യും. അങ്ങനെ പലതാകും ഓരോ യാത്രകളുടെയും ലക്ഷ്യങ്ങൾ. എന്നാൽ ഈ, പുതുമകളെല്ലാം ഒന്നിച്ച് സമ്മാനിക്കാൻ ഓരോ യാത്രകൾക്കും കഴിയുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

പ്രകൃതിയുടെ വന്യതയിൽ ആഡംബരമായി കഴിയുന്നതിന്റെ അനുഭവമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ കിഴക്കൻ ഗ്രീൻലാൻഡിൽ സെർമർസൂക്ക് മുനിസിപ്പാലിറ്റിയിലെ കുലുസുക്കിൽ അതിന് ഏറ്റവും അനുയോജ്യമായ ഒരിടമുണ്ട്. ഒരു തടാകത്തിലൂടെ ഒഴുകുന്ന കണ്ണാടി കുടിലിനുള്ളിൽ എല്ലാ സൗകര്യങ്ങളോടും കൂടി കഴിയുന്നതിന്റെ മനോഹരമായ അനുഭവത്തെപ്പറ്റി ഒന്നു ചിന്തിച്ച് നോക്കൂ.

ഗ്രീൻലാൻഡിലെ തന്നെ ഒരേയൊരു ഒഴുകുന്ന കണ്ണാടിക്കുടിലാണിത്. അതിന് പുറമെ അത് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ പ്രത്യേകതകളാണ് ഇവിടുത്തെ അനുഭവത്തെ വേറിട്ടതാക്കുന്നത്. ചുറ്റ‌ിനും നിരയായിനിൽക്കുന്ന വലിയ മഞ്ഞുമലകൾ. അവയ്‌ക്ക് നടുവിൽ ശാന്തമായി ഒഴുകുന്ന തടാകം. ഇവിടെ ആർട്ടിക് പ്രദേശത്തിന്റെ മുഴുവൻ വശ്യസൗന്ദര്യവും നമുക്ക് അനുഭവിച്ചറിയാൻ കഴിയുന്നു.

മറ്റാരോടും ആശയവിനിമയം ഇല്ലാതെ മറ്റ് തിരക്കുകളിൽ നിന്നും ഇന്റർനെറ്റിൽ നിന്നും ഒഴിഞ്ഞുമാറി സ്വയം കണ്ടെത്താൻ ഒരിടമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഈ സ്ഥലം നിങ്ങളെ നിരാശപ്പെടുത്തില്ല. വർഷത്തിൽ വെറും ഏഴ് ആഴ്‌ചകളിൽ മാത്രമേ ഇവിടെ ഈ സൗകര്യം ലഭ്യമാകൂ. ഒരു രാത്രി ഇവിടെ കഴിയുന്നതിനായി 2 പേർക്ക് ഏകദേശം 75000 രൂപയാണ് ചെലവ്. കുലുസുക്കിൽ നിന്നുള്ള സ്വകാര്യ ബോട്ട് യാത്രകളും രാത്രി ഭക്ഷണവും ഈ പാക്കേജിൽ ഉൾപ്പെടുന്നു.

പച്ചനിറത്തിലുള്ള ഫ്ലോട്ടിംഗ് ഹട്ട് ഷഡ്ഭുജാകൃതിയിലാണ് സ്ഥിതി ചെയ്യുന്നത്. ഹട്ടിന്റെ ഗ്ലാസ് ജനലുകളിലൂടെ ഹിമാനികളിലേക്ക് നോക്കുമ്പോഴുള്ള അനുഭവം വളരെ മനോഹരമാണ്. ഇതിനുപുറമെ, ഹിമാനികൾക്കിടയിൽ നടക്കാനും ഐസ് ഗുഹകൾ, കത്തീഡ്രലുകൾ എന്നിവ സന്ദർശിക്കാനും അവസരമുണ്ട്.