raina-and-dhawan

ന്യൂഡൽഹി: വാതുവയ്പ്പ് കേസുമായി ബന്ധപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്നയുടെയും ശിഖർ ധവാന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി. 11.14 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സുരേഷ് റെയ്നയുടെ 6.64 കോടിയുടെ മ്യൂച്ചൽ ഫണ്ട് നിക്ഷേപവും, ശിഖർ ധവാന്റെ 4.5 കോടി രൂപ വിലമതിക്കുന്ന വസ്തുവകകളുമാണ് ഇഡി കണ്ടുകെട്ടിയത്. '1xBet' എന്ന ബെറ്റിംഗ് വാതുവയ്പ്പ് സൈറ്റുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.

2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ആണ് നടപടി. ശിഖർ ധവാന്റെ മൊഴി നേരത്തെ ഇഡി രേഖപ്പെടുത്തിയിരുന്നു. ഇതേ കേസിൽ റെയ്‌നയേയും എട്ട് മണിക്കൂറിലധികം ഇഡി മുമ്പ് ചോദ്യം ചെയ്തിരുന്നു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന നിയമവിരുദ്ധ ഓൺലൈൻ വാതുവയ്പ്പ് പ്ലാറ്റ്‌ഫോമുകൾക്കെതിരായ നടപടിയുടെ ഭാഗമായിട്ടായിരുന്നു അന്വേഷണം. ബെറ്റിംഗ് ആപ്പിനെതിരെ ഉപയോക്താക്കളെ വഞ്ചിക്കൽ, നികുതി വെട്ടിപ്പ് എന്നീ ഗുരുതരമായ ആരോപണങ്ങളാണ് നിലനിൽക്കുന്നത്.

നിലവിലെ അന്വേഷണത്തിന്റെ ഭാഗമായി ഇഡി മറ്റ് നിരവധി പ്രമുഖ താരങ്ങളെയും ചോദ്യം ചെയ്തിട്ടുണ്ട്. മുൻ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗ്, റോബിൻ ഉത്തപ്പ, അഭിനേതാക്കളായ സോനു സൂദ്, ഉർവശി റൗട്ടേല, അങ്കുഷ് ഹസ്ര, മുൻ തൃണമൂൽ കോൺഗ്രസ് എംപി കൂടിയായ നടി മിമി ചക്രബർത്തി എന്നവർ ഇതിൽ ഉൾപ്പെടുന്നുണ്ട്.