
മലയാളി താരം സഞ്ജു സാംസണെ തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും ബെഞ്ചിലിരുത്തിയതിനെതിരെ വിമര്‍ശനം ശക്തം. മുന്‍ താരം ആകാശ് ചോപ്ര ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ഓപ്പണിംഗില്‍ തകര്‍പ്പന്‍ ഫോമില്‍ കളിച്ച് മൂന്ന് സെഞ്ച്വറികള്‍ നേടിയ താരത്തെ ആ സ്ഥാനത്ത് നിന്ന് ശുബ്മാന്‍ ഗില്ലിന് വേണ്ടി മാറ്റിയിരുന്നു. പിന്നീട് താരത്തിന് സ്ഥിരമായി ഒരു ബാറ്റിംഗ് പൊസിഷന്‍ പോലും നല്‍കിയില്ല.
ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ പ്ലേയിംഗ് ഇലവനില്‍ ഉണ്ടായിരുന്നെങ്കിലും മഴ കാരണം മുടങ്ങിയ മത്സരത്തില്‍ ബാറ്റിംഗിന് അവസരം ലഭിച്ചിരുന്നില്ല. രണ്ടാം മത്സരത്തില്‍ ബാറ്റ് ചെയ്തപ്പോള്‍ താരത്തിന് നേടാനായത് വെറും രണ്ട് റണ്‍സ് മാത്രവും. പിന്നീടുള്ള രണ്ട് മത്സരങ്ങളിലും സഞ്ജുവിനെ പുറത്തിരുത്തിയ ശേഷം വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മ്മയെ ആണ് കളിപ്പിച്ചത്. ഏഷ്യ കപ്പ് ഫൈനലില്‍ ബാറ്റ് ചെയ്ത സഞ്ജുവിന്റെ ഇന്നിംഗ്‌സ് ടീമിന് വിജയത്തില്‍ നിര്‍ണായകമായിരുന്നു. ഒമാനെതിരെ ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്തപ്പോള്‍ താരം ഫിഫ്റ്റിയും നേടിയിരുന്നു.
സഞ്ജുവിന്റെ കാര്യത്തില്‍ മാനേജ്‌മെന്റ് എന്താണ് ചെയ്തുകൂട്ടുന്നതെന്ന് മനസിലാവുന്നില്ലെന്നും ജിതേഷ് ശര്‍മയ്ക്ക് സമാനമായ അവസ്ഥ നേരിടേണ്ടിവന്നേക്കാമെന്നും ആകാശ് ചോപ്ര പ്രതികരിച്ചു. സഞ്ജുവിനെ ടീമില്‍ നിന്ന് തഴയുകയാണോ എന്ന ചോദ്യമാണ് ചോപ്ര ഉന്നയിക്കുന്നത്. അസാധാരണ പ്രകടനമൊന്നും കാഴ്ചവച്ചില്ലെങ്കിലും അവസരം കിട്ടിയപ്പോഴൊന്നും താരം മോശമാക്കിയിട്ടില്ലെന്ന് മുന്‍ ഓപ്പണര്‍ അഭിപ്രായപ്പെടുന്നു.
സമൂഹ മാദ്ധ്യമങ്ങളില്‍ ആരാധകരും കോച്ച് ഗംഭീറിനെതിരെ രംഗത്ത് വന്നു. മികച്ച ഫോമില്‍ കളിച്ചിരുന്ന താരത്തെ ബാറ്റിംഗ് പൊസിഷനില്‍ മാറ്റം വരുത്തിയതും പലപ്പോഴും ബാറ്റിംഗിന് അവസരം നിഷേധിച്ചതും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.