s

മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് റോഷൻ മാത്യു. നായകനായും വില്ലനായും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പുതിയ നിയമം, കപ്പേള, റോന്ത്, പാരഡൈസ് തുടങ്ങിയവയെല്ലാം റോഷന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. അഭിനയത്തിന് പുറമെ വർക്ക് ഔട്ടിനും ശ്രദ്ധ കൊടുക്കുന്ന താരമാണ് റോഷൻ. വർക്ക് ഔട്ടല്ലാതെ എന്ത് ചെയ്യാനാണ് കൂടുതൽ ഇഷ്ടമെന്ന ചോദ്യത്തിന് വീട് വൃത്തിയാക്കുന്നതാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നായിരുന്നു റോഷന്റെ മറുപടി.

'തിരക്കുകൾക്കിടയിൽ ഇത്തിരി നേരം കിട്ടിയാൽ റെസ്‌റ്റ് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ വീട്ടിലാണെങ്കിൽ റെസ്‌റ്റ് ചെയ്യുന്നതിന് മുൻപ് റെസ്‌റ്റ് ചെയ്യുന്നതിനുള്ള ഇടം ഒന്ന് സെറ്റ് ചെയ്യണം. അപ്പോഴേ ശരിക്കും ആശ്വാസം ആകൂ' റോഷൻ പറയുന്നു. എന്നാൽ, പലപ്പോഴും വൃത്തിയാക്കികഴിയുമ്പോഴേക്ക് റെസ്‌റ്റ് ചെയ്യാനുള്ള സമയം കിട്ടാറില്ലെന്നും താരം പറയുന്നു. പെട്ടെന്നാണ് ഇത്തരത്തിൽ ഒരു മാറ്റം തനിക്ക് ഉണ്ടായതെന്നും കോളേജ് കാലഘട്ടം വരെ ബെഡിലുള്ള സാധനങ്ങൾ അരികിലേക്ക് മാറ്രി വച്ച് കിടന്നുറങ്ങുന്നതായിരുന്നു ശീലമെന്നും താരം പറയുന്നുണ്ട്.

ഇത്തിരിനേരം എന്ന ചിത്രത്തിന്റെ ഭാഗമായി ഒരു ഓൺലൈൻ ചാനൽ പരിപാടിയിൽ റോഷൻ മാത്യുവും യുവനടി സെറിൻ ഷിഹാബും തമ്മിൽ നടത്തിയ സംഭാഷണങ്ങൾക്കിടയിലാണ് ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിച്ചത്. വീടും പരിസരവും വൃത്തിയാക്കുമ്പോൾ മനസിന് ഒരു മെഡിറ്രേഷൻ ചെയ്‌ത ആശ്വാസമാണ് ലഭിക്കുന്നതെന്നാണ് ഷെറിൻ പറയുന്നത്.

റോഷൻ മാത്യുവിനെ നായകനാക്കി പ്രശാന്ത് വിജയ് സംവിധാനം ചെയ്യുന്ന ഇത്തിരി നേരം നവംബർ 7ന് തിയറ്ററിൽ എത്തുകയാണ്. റൊമാന്റിക് ത്രില്ലർ ജോർണറിൽ എത്തുന്ന ചിത്രത്തിൽ സെറിൻ ഷിഹാബാണ് നായിക. ആട്ടം, രേഖാചിത്രം തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധനേടിയ താരമാണ് സെറിൻ ഷിഹാബ്. രണ്ട് ചിത്രങ്ങളും മികച്ച വിജയങ്ങളായിരുന്നു. ആനന്ദ് ഏകർശി സംവിധാനം ചെയ്ത ആട്ടത്തിന് 2014 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡും ലഭിച്ചിരുന്നു.