tatoo

ന്യൂഡല്‍ഹി: ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക വസതിയില്‍ സ്വീകരണം ഒരുക്കിയിരുന്നു. ടീം അംഗങ്ങളുമായി ഏറെ നേരം ചെലവിട്ട പ്രധാനമന്ത്രി ഇന്ത്യന്‍ താരം ദീപ്തി ശര്‍മ്മയോട് ചോദിച്ച ഒരു ചോദ്യവും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. ദീപ്തിയുടെ കൈയില്‍ ഹനുമാന്റ് ചിത്രം ടാറ്റു ചെയ്തിട്ടുണ്ട്. ഇതേക്കുറിച്ചാണ് നരേന്ദ്ര മോദി ചോദിച്ചത്.

കളത്തിലെ പ്രകടനം മെച്ചപ്പെടുത്താന്‍ കയ്യിലെ ടാറ്റു സഹായിക്കാറുണ്ടോ എന്നായിരുന്നു മോദി ചോദിച്ചത്. ''ഞാന്‍ എന്നെ വിശ്വസിക്കുന്നതിനേക്കാളും അദ്ദേഹത്തെ വിശ്വസിക്കുന്നു. പ്രകടനം മെച്ചപ്പെടുത്തുന്നതില്‍ അത് വളരെയേറെ സഹായിക്കുന്നുണ്ട്.'' എന്നായിരുന്നു ദീപ്തി നല്‍കിയ മറുപടി. താന്‍ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ പതിവായി കേള്‍ക്കാറുണ്ടെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ കരിയറില്‍ വലിയ പ്രചോദനമാണെന്നുമാണ് ദീപ്തി പറഞ്ഞത്.

തോല്‍വികളില്‍നിന്ന് എങ്ങനെ കയറി വരുന്നു എന്നതാണ് ഒരു താരത്തിനു പ്രധാനമെന്ന് 2017ല്‍ എന്നോടു പറഞ്ഞിരുന്നു. കഠിനാധ്വാനം ചെയ്യാനായിരുന്നു പ്രധാനമന്ത്രി ഞങ്ങളോട് ഉപദേശിച്ചത്. ഞങ്ങള്‍ അതു ചെയ്തു. താങ്കളുടെ ഉപദേശം കരിയറില്‍ പ്രചോദനമായി.'' ദീപ്തി ശര്‍മ പ്രധാനമന്ത്രിയോടു പറഞ്ഞു. വളരെ ശാന്തതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രധാനമന്ത്രിയുടെ രീതി വളരെ അധികം ആകര്‍ഷിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ പതിവായി കേള്‍ക്കുന്നത് പ്രചോദനമാണെന്നും ദീപ്തി ശര്‍മ്മ പറഞ്ഞു.