national

റാഞ്ചി: സ്വന്തം പങ്കാളിയെ മറ്റൊരു സ്ത്രീക്കൊപ്പം കണ്ടാല്‍ അത് വലിയ പ്രശ്‌നമാക്കി മാറ്റുന്നവര്‍ നമുക്ക് ചുറ്റും നിരവധിയാണ്. ഇനി കണ്ടെത്തിയത് കാമുകിക്ക് ഒപ്പമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. അത്തരത്തില്‍ കാമുകിക്കൊപ്പം സ്വന്തം ഭര്‍ത്താവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് യുവതി ചെയ്ത കാര്യം ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രമോദ് കുമാറിനെയാണ് ഭാര്യ ഡോ. ശ്യാമ റാണി കാമുകിക്കൊപ്പം കണ്ടെത്തിയത്.

ഭര്‍ത്താവിനെ ക്വാര്‍ട്ടേഴ്‌സില്‍ പൂട്ടിയിട്ട ശേഷം ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. ജാര്‍ഖണ്ഡിലെ ഗര്‍വ ജില്ലയിലാണ് സംഭവം. മഴിയവാന്‍ സര്‍ക്കിള്‍ ഓഫീസര്‍ പ്രമോദ് കുമാറിനെയാണ് കഴിഞ്ഞ ദിവസം ഭാര്യ ഡോ. ശ്യാമ റാണി പൂട്ടിയിട്ടത്. തന്നെ തുറന്നുവിടണമെന്ന് വീടിനുള്ളില്‍ നിന്ന് ഉദ്യോഗസ്ഥന്‍ ഭാര്യയോട് അപേക്ഷിക്കുന്നത് വീഡിയോയില്‍ കാണാം. ഭര്‍ത്താവ് ക്വാര്‍ട്ടേഴ്‌സില്‍ മറ്റൊരു സ്ത്രീയെ എത്തിക്കുന്നുവെന്നും അത് അയാളുടെ കാമുകിയാണെന്നും ശ്യാമയ്ക്ക് ഏറെക്കാലമായി സംശയമുണ്ടായിരുന്നു.

തുടര്‍ന്ന് നവംബര്‍ ഒന്നിന് പുലര്‍ച്ചെ അവര്‍ ക്വാര്‍ട്ടേഴ്‌സില്‍ എത്തി. ഈ സമയത്ത് പ്രമോദിനൊപ്പം കാമുകിയും ഉണ്ടായിരുന്നു. ഇതോടെ അരിശംപൂണ്ട ഭാര്യ ക്വാര്‍ട്ടേഴ്‌സിന്റെ മുന്‍വാതില്‍ പുറത്ത് നിന്ന് പൂട്ടുകയായിരുന്നു. വീടിനുള്ളില്‍ കണ്ടെത്തിയ സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവിറെ ഈ ബന്ധത്തെക്കുറിച്ച് വളരെക്കാലമായി തനിക്ക് സംശയമുണ്ടായിരുന്നുവെന്ന് ശ്യാമ റാണി മാധ്യമങ്ങളോട് പറഞ്ഞു. നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.